കേൾവിശക്തി ഇല്ലാത്തത് വളരെ വേദനാജനകമായ കാര്യമാണ്. നമ്മളിൽ പലരും ചെവിക്ക് വേണ്ടത്ര പരിചരണം നൽകാറില്ല. ചെവികളുടെ സാധാരണ പ്രവർത്തനം ഒരാളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അതിനാലാണ് പതിവായി പരിശോധന നടത്താൻ ഡോക്ടർമാർ നിർബന്ധിക്കുന്നത്. ചെവിക്ക് ദോഷം വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് ഒരാൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവയിൽ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്.
ഉച്ചത്തിലുളള സംഗീതം
ഉച്ചത്തിലുളള സംഗീതം കേൾവിശക്തിയെ ബാധിക്കും. ഒരു സംഗീത കച്ചേരിക്ക് ശേഷം നിങ്ങളുടെ ചെവി മുഴങ്ങാൻ തുടങ്ങുമ്പോൾ, സംഗീതം വളരെ ഉച്ചത്തിലായിരുന്നു എന്നതിന്റെ അടയാളമാണതെന്ന് അറിയുക. ഉച്ചത്തിലുള്ള സംഗീതം ദീർഘനേരം കേൾക്കുന്നത് ചെവിക്ക് ദോഷം വരുത്തുകയും ശ്രവണശേഷി ഇല്ലാതാക്കുകയും ചെയ്യും. ഹെഡ്ഫോൺ മുഖേനയാണ് ഉച്ചത്തിലുളള സംഗീതം കേൾക്കുന്നതെങ്കിലും ചെവിക്ക് ദോഷം വരും. ചെവിക്കുള്ളിൽ ആഴത്തിലുളള ഇയർ പേഡുകൾക്ക് ഇത് കൂടുതൽ ദോഷം വരുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ചെവികൾ സംരക്ഷിക്കണമെങ്കിൽ ചെറിയ ശബ്ദത്തിൽ സംഗീതം കേൾക്കുക.
ബ്ലോ ഡ്രയറുകൾ
ബ്ലോ ഡ്രയറുകൾ വളരെ ഉച്ചത്തിലുളള ശബ്ദം പുറപ്പെടുവിക്കുന്നു. ചെവിക്കു തൊട്ടടുത്തായി ഇവ ഉപയോഗിക്കുന്നതിനാൽ കേൾവി ശക്തിക്ക് തകരാർ ഉണ്ടാകാൻ കാരണമാകും. ബ്ലോ ഡ്രയർ എത്രത്തോളം ഉപയോഗിക്കുമെന്നതിന് അനുസരിച്ചായിരിക്കും അപകട സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
Read Also: വെളളം കുടിക്കാൻ മറക്കാറുണ്ടോ? ഈ വഴികൾ പരീക്ഷിച്ചുനോക്കൂ
പൊതുഗതാഗതം
ലോകത്തിലെ ചില നഗരങ്ങളിൽ ശബ്ദമലിനീകരണം വളരെ കൂടുതലാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് നിങ്ങളെങ്കിൽ, അവയുടെ ശബ്ദം നിങ്ങളുടെ ചെവികളെ വേദനിപ്പിക്കും. അതിനാൽ യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ ചെവികൾ മൂടേണ്ടത് അത്യാവശ്യമാണ്.
വേദന സംഹാരികൾ
തലവേദനയോ ശരീര വേദനയോ ഒക്കെ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും വേദന സംഹാരികളായ ഗുളികകൾ കഴിക്കാറാണ് പതിവ്. പെട്ടെന്നു തന്നെ വേദന മാറുമെങ്കിലും പക്ഷേ പാർശ്വഫലങ്ങൾ ചിലപ്പോൾ ശാശ്വതമായിരിക്കും. ടിന്നിറ്റ്സ് അല്ലെങ്കിൽ നിങ്ങളുടെ ചെവിയിലെ നിരന്തരമായ ശബ്ദം ഒരു പാർശ്വഫലമാണ്. വേദന സംഹാരികൾ വളരെ അത്യാവശ്യമെങ്കിൽ മാത്രം കഴിക്കുക, ശീലമാക്കാതിരിക്കുക.
കടുത്ത പനി
കടുത്ത പനി ബാധിക്കുമ്പോൾ, താപനിലയിലെ വർധനവ് നിങ്ങളുടെ ചെവിയിലെ ഞരമ്പുകളെ തകർക്കും. ഇത് താപം അല്ലെങ്കിൽ ഓക്സിജന്റെ അഭാവം മൂലമാകാം. ഈ അവസ്ഥയിൽ എത്രയും വേഗം ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.