scorecardresearch

സാനിറ്ററി പാഡുകളുടെ ഉപയോഗം കാൻസറിന് കാരണമാകുമോ ?

പെയിന്റുകളിലും ക്ലീനിങ്ങിനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് സുഗന്ധത്തിനായി പാഡുകളിൽ ചേർക്കുന്നത്. സാനിറ്ററി പാഡുകളുടെ അമിത ഉപയോഗം പ്രകൃതിയ്ക്ക് മാത്രമല്ല, മനുഷ്യനും ദോഷകരമാണ്

സാനിറ്ററി പാഡുകളുടെ ഉപയോഗം കാൻസറിന് കാരണമാകുമോ ?

ആർത്തവകാല ശുചിത്വം പലപ്പോഴും ചർച്ചകളിൽ നിറയാറുണ്ട്. ആദ്യകാലത്ത് തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് അത് സാനിറ്ററി പാഡുകളിലേയ്ക്കും ടാംപൂണുകളിലും എത്തി. അവസാനം മെൻസ്ട്രൽ കപ്പുകളിൽ എത്തിനിൽക്കുന്നു. ഉപയോഗിക്കാനുള്ള എളുപ്പവും വീണ്ടും വീണ്ടും ഉപയോഗിക്കാം എന്നതും മെൻസ്ട്രൽ കപ്പ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.

മാസാമാസം സാനിറ്ററി പാഡുകൾക്കായി പണം ചെലവാക്കുന്നതും അവയുടെ നിർമാർജനവും ആളുകളെ മടുപ്പിക്കുന്നു. എന്നിരുന്നാലും ഭൂരിഭാഗം ആളുകളും സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. ഇത് ഗുരുതര ശാരീരിക പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.

സാനിറ്ററി പാഡുകൾ

നിങ്ങൾ ഇപ്പോഴും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരാണോ? സാനിറ്ററി പാഡിന്റെ ഉപയോഗം കാൻസറിന് കാരണമാകുന്നതായി പഠന റിപ്പോർട്ടുകൾ. ആർത്തവസമയത്തെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിന് ഒട്ടു മിക്ക സ്ത്രീകളും സാനിറ്ററി പാഡുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വർഷങ്ങളായി നിരവധി പഠനങ്ങൾ ഈ ആർത്തവ ശുചിത്വ ഉൽപന്നങ്ങളുടെ അപകടങ്ങളെ ഉയർത്തിക്കാട്ടുന്നു.

ഇത്തരം ഉൽപന്നങ്ങൾ ശരീരത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ദോഷം വരുത്തുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക് അടങ്ങിയ ഇവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പാരിസ്ഥിതിക എൻജിഓയായ ടോക്സിക്സ് ലിങ്ക് പുറത്തിറക്കിയ റാപ്‌ഡ് ഇൻ സീക്രസി: ടോക്സിക് കെമിക്കൽസ് ഇൻ മെൻസ്ട്രൽ പ്രൊഡക്ട്സ് എന്ന പഠനത്തിന്റെ വിശദാംശങ്ങളിലാണ് ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പറയുന്നത്.

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഓർഗാനിക്, ഇൻഓർഗാനിക് സാനിറ്ററി പാഡുകളിൽ ഫാലേറ്റുകൾ (phthalates), വിഒസികൾ (volatile organic compounds) തുടങ്ങിയ വിഷ രാസവസ്തുക്കളുടെ സാന്നിധ്യം പഠനത്തിൽ കണ്ടെത്തിയതായി പറയുന്നു.

ഇതനുസരിച്ച്, രാജ്യത്ത് ലഭ്യമായ സാനിറ്ററി പാഡുകളുടെ മിക്ക പ്രധാന ബ്രാൻഡുകളിലും പഠനം നടത്തി. ഇത് ചർമ്മത്തിൽ ഇറിറ്റേഷൻ ഉണ്ടാകുകയും അലർജിക്കും കാരണമാകുന്നതായി കണ്ടെത്തി. ഇവ എൻഡോക്രൈൻ തടസപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു.

സാനിറ്ററി പാഡുകളിലെ മലിനീകരണം കാൻസറിന് കാരണമാകുകയും മൈക്രോപ്ലാസ്റ്റിക് കണങ്ങളെ പരിസ്ഥിതിയിൽ എത്തിക്കുകയും ചെയ്യുന്നു. പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു.

ആർത്തവമുള്ള സ്ത്രീകളിൽ ഭൂരിഭാഗവും സാനിറ്ററി പാഡുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് തങ്ങൾ നടത്തിയ സർവേയിൽ വ്യക്തമായതായി ടോക്സിക്സ് ലിങ്കിലെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്‌റോത്ര ഇന്ത്യൻ എക്‌‌സ്പ്രസിനോട് പറഞ്ഞു. “ഞങ്ങൾ പരിശോധിച്ച എല്ലാ പാഡുകളിലും ഫാലേറ്റുകളും വിഓസികളും ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി,” ഡോക്ടർ പറഞ്ഞു.

പത്ത് ബ്രാൻഡുകളുടെ പാഡുകൾ

10 ബ്രാൻഡുകളുടെ പാഡിലാണ് ഈ വർഷം പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും ഫാലേറ്റുകളും വിഓസികളുടെയും അംശം കണ്ടെത്തുകയും ചെയ്തു. പന്ത്രണ്ട് വ്യത്യസ്ത തരം ഫാലേറ്റുകൾ പരിശോധനയിൽ കണ്ടെത്തി.

എന്താണ് ഫാലേറ്റുകൾ​?

പാഡ് കൂടുതൽ ഇലാസ്റ്റിക് ആകാനാണ് ഈ രാസവസ്തു ചേർക്കുന്നത്. ഉൽപന്നത്തെ മൃദുവാകാനും ഫ്ലെക്സിബിളുമാക്കാനും പ്ലാസ്റ്റിസൈസറുകളായി ഫാലേറ്റുകൾ ഉപയോഗിക്കുന്നു. പക്ഷേ, അത് അപകടകരമാണ്. ദീർഘകാലം ഈ രാസവസ്തുകൾ ശരീരത്തിലെത്തുന്നത് എൻ‍ഡ‍ോമെട്രിയോസിസ്, പിസിഒഎസ്, ​ഗർഭകാല സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, ഹൃദയത്തിലെ തകരാറുകൾ, ഹൈപ്പർടെൻഷൻ എന്നിവയ്ക്ക് കാരണമാകാം.

ഓർ​ഗാനിക് കോംപൗണ്ടുകൾ

ഗാർഹിക ഉൽപന്നങ്ങളുടെ ചേരുവകളായിയാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. പെയിന്റുകൾ, വാർണിഷുകൾ, മെഴുക് എന്നിവയിൽ ഇവ അടങ്ങിയിരിക്കുന്നു, അതുപോലെ തന്നെ പല ക്ലീനിംഗ്, അണുവിമുക്തമാക്കൽ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഓർഗാനിക് രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സുഗന്ധത്തിനായി ചേർക്കുന്ന ഇവ പല രോഗങ്ങൾക്കും കാരണമാകുന്നു.

ബാധിക്കുന്നത് എങ്ങനെ ?

ഇത് ശരീരത്തിലെ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഫാലേറ്റ് അത് ചേർത്ത വസ്തുവിൽ നിൽക്കാതെ പുറത്തേക്ക് പോകുന്നു. യോനിയിലെ ടിഷ്യൂവിന് ഉയർന്ന പ്രവേശനക്ഷമതയുള്ളതിനാൽ ഈ രാസവസ്തുക്കളെ ശരീരം കൂടുതലായി വലിച്ചെടുക്കാനും സാധ്യതയുണ്ട്.

സുഗന്ധത്തിനായി പാഡുകളിൽ ചേർക്കുന്ന വിഓസികൾ വിവിധ അലർജികൾക്ക് കാരണമാകുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന പാഡുകൾ പിന്നീട് മണ്ണിൽ ചേരുകയും ഭക്ഷ്യ ശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These chemicals in sanitary pads may lead to cancer