ആരോഗ്യത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ദഹനത്തെ ആരോഗ്യകരമാക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. ആയുർവേദവും ധാരാളം വെള്ളം കുടിക്കാൻ നിർദേശിക്കുന്നുണ്ട്. എന്നാൽ ആയുർവേദത്തിൽ വെള്ളം കുടിക്കുന്നതിന് ചില നിയമങ്ങളുണ്ട്.
ആയുർവേദ ഡോ.രേഖ രാധാമോണി ഈ നിയമങ്ങൾ എന്തൊക്കെയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
- ഇരുന്നുകൊണ്ട് വെള്ളം കുടിക്കുക.
- ഒരിക്കലും വെള്ളം ഒറ്റവലിക്ക് കുടിക്കരുത്, എപ്പോഴും സിപ്പ് ബൈ സിപ്പ് കുടിക്കുക.
- ഇളം ചൂടുള്ള വെള്ളം കുടിക്കുക. ഫ്രിഡ്ജിൽ നിന്ന് നേരിട്ട് തണുത്ത വെള്ളം ഒരിക്കലും കുടിക്കരുത്. “തണുത്ത വെള്ളം നിങ്ങളുടെ ദഹനത്തെ കുറയ്ക്കുന്നു,” ഡോ രാധാമോണി പറഞ്ഞു.
- വെള്ളം സംഭരിക്കാൻ മൺപാത്രങ്ങളോ, ചെമ്പോ സ്റ്റീലോ ഉപയോഗിക്കുക. പൈപ്പ് തുറന്ന് നേരിട്ട് വെള്ളം ഒരിക്കലും കുടിക്കരുത്. എപ്പോഴും സംഭരിച്ച വെള്ളം കുടിക്കുക.
- മെച്ചപ്പെട്ട ദഹനത്തിന്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
- ഉറക്കമുണർന്നയുടൻ ചെറുചൂടുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
എത്ര വെള്ളം കുടിക്കണം?
ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അമിതമായി വെള്ളം കുടിക്കേണ്ടതില്ല. “ആയുർവേദം അനുസരിച്ച് വെള്ളം പോലും ദഹിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് വ്യത്യസ്തമാണ്. നിങ്ങൾ നന്നായി വിയർക്കുന്നില്ലെങ്കിൽ, മലബന്ധം, വായ വരണ്ടതായി തോന്നുന്നു, മൂത്രം കടും മഞ്ഞയാണ് എന്നിവ അനുഭവപ്പെടുന്നെങ്കിൽ നിങ്ങൾ കുറച്ച് വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൂടുതൽ കുടിക്കൂ,” ഡോ.രാധാമോണി പറഞ്ഞു.
എപ്പോൾ വെള്ളം കുടിക്കണം
ഭക്ഷണത്തിന് 30 മിനിറ്റിന് ശേഷമോ അതിന് മുമ്പോ വെള്ളം കുടിക്കുക. പോഷകാഹാരക്കുറവുള്ള ഒരു വ്യക്തി ഭക്ഷണത്തിന് 30 മിനിറ്റ് കഴിഞ്ഞും അമിതഭാരമുള്ള വ്യക്തി ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പും വെള്ളം കുടിക്കുക. വേനൽക്കാലത്ത് ഒഴികെ എല്ലാ സീസണുകളിലും ജീരകം ചേർത്ത് തിളപ്പിച്ച ചൂടുവെള്ളമാണ് കുടിക്കാൻ താൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.