/indian-express-malayalam/media/media_files/uploads/2023/06/Food-4.jpg)
(Pic source: Pixabay)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ശരീരഭാരം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഇൻസുലിൻ സംവേദനക്ഷമത, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. എന്നാൽ ഒരു ഭക്ഷണവും പ്രമേഹ മരുന്നിനോ ചികിത്സകൾക്കോ പകരമാകില്ലെന്നത് ശ്രദ്ധിക്കണമെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ.ഗിരീഷ് പർമാർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
പ്രമേഹ നിയന്ത്രണം ആജീവനാന്ത പ്രതിബദ്ധതയാണ്. ശരിയായ പരിചരണം, ഭക്ഷണക്രമം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയിലൂടെ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാനാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങളെക്കുറിച്ചും ബത്ര വിശദീകരിച്ചിട്ടുണ്ട്.
- നെല്ലിക്ക
കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഒരു ധാതുവായ ക്രോമിയം നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. ''രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും വിറ്റാമിൻ സിയും നെല്ലിക്കയിൽ ധാരാളമുണ്ട്. ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി പാൻക്രിയാസിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,'' ഡോ.പർമാർ വ്യക്തമാക്കി.
- വേപ്പില
ഗ്ലൂക്കോസ് ട്രാൻസ്പോർട്ടർ 4 (GLUT4)-ന്റെ നിയന്ത്രണത്തിലൂടെയും ഗ്ലൂക്കോസിഡേസ് പോലുള്ള പ്രധാന കുടൽ എൻസൈമുകളെ തടയുന്നതിലൂടെയും വേപ്പില ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കും. ''വേപ്പ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു, ഇത് മികച്ച ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായിക്കുന്നു,'' ഡോ.പർമാർ പറഞ്ഞു.
- ഞാവൽപ്പഴം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജാംബോളിൻ എന്ന സംയുക്തം അടങ്ങിയ ഒരു പഴമാണ് ഞാവൽപ്പഴം. ''രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിനെ തടയുകയും ആന്തോസയാനിൻ ഉള്ളടക്കം കാരണം ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു,'' ഡോ.പർമാർ പറഞ്ഞു.
- കറുവപ്പട്ട
രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള കഴിവിന് പേരുകേട്ടതാണ് കറുവപ്പട്ട. ഇൻസുലിൻ പ്രതിരോധം കുറയുന്നതിനാൽ കറുവപ്പട്ട രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് ഡോ.പർമാർ അഭിപ്രായപ്പെട്ടു.
- കയ്പക്ക
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കയ്പക്ക സഹായിക്കും. ഇതിന് ഇൻസുലിൻ പോലെ പ്രവർത്തിക്കുന്ന ഗുണങ്ങളുണ്ട്. ഊർജത്തിനായി കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ എത്തിക്കാൻ ഇത് സഹായിക്കുന്നു. ''രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ചരാന്റിൻ, പോളിപെപ്റ്റൈഡ്-പി തുടങ്ങിയ പ്രമേഹ വിരുദ്ധ പദാർത്ഥങ്ങൾ കയ്പക്കയിൽ അടങ്ങിയിട്ടുണ്ട്,” ഡോ.പർമാർ വിശദീകരിച്ചു.
- ചണ വിത്ത്
നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ് എന്നിവയുടെ നല്ല ഉറവിടമാണ് ചണ വിത്ത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും അവ സഹായിച്ചേക്കാം. "ചണ വിത്തിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകൾ (ALA) അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും,'' ഡോ.പർമാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.