ആപ്പിൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. ആപ്പിൾ ശരിയായ രീതിയിൽ കഴിച്ചാൽ ശരീര ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ആപ്പിൾ കഴിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് മൈക്രോബയോം, ഹോർമോൺ ആൻഡ് ഗഡ് സ്പെഷ്യലിസ്റ്റ് ഫർസനാഹ് നാസർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ആപ്പിളിന്റെ ഉൾഭാഗത്തുള്ള കാമ്പ് ഏറ്റവും കൂടുതൽ സൂക്ഷ്മാണുക്കളാൽ നിറഞ്ഞതാണെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. നമ്മുടെ ശരീരത്തിലെ മിക്ക സൂക്ഷ്മാണുക്കളും കുടലിൽ വസിക്കുന്നതുപോലെ, ആപ്പിളിന്റെ മിക്ക സൂക്ഷ്മാണുക്കളും മധ്യഭാഗത്തെ കാമ്പിൽ വസിക്കുന്നു. എന്നാൽ, മിക്ക ആളുകളും ഈ കാമ്പ് കളയാറാണ് പതിവ്. ആപ്പിൾ വട്ടത്തിൽ മുറിച്ചതിനുശേഷം കാമ്പ് കളയാതെ അവയിലെ കുരു നീക്കിയശേഷം കഴിക്കുന്നതാണ് ശരിയായ രീതി. സ്വാദിനായി ബദാം ബട്ടർ ചേർത്ത് കഴിക്കാമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഒരു സാധാരണ 240 ഗ്രാം ആപ്പിളിൽ ഏകദേശം 100 ദശലക്ഷം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് 2019 ലെ പഠനത്തിൽ കണ്ടെത്തിയതായി നാസർ പറഞ്ഞു. അതിൽ ഭൂരിഭാഗവും പഴത്തിന്റെ കാമ്പിൽ, പ്രത്യേകിച്ച് വിത്തുകളിൽ സ്ഥിതിചെയ്യുന്നു.
വിവിധ കുടൽ-സൗഹൃദ ബാക്ടീരിയകൾ ആപ്പിളിൽ വസിക്കുന്നു, അവയിൽ മിക്കതും കാമ്പിലാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വിത്ത് നീക്കം ചെയ്തതിന് ശേഷം കാമ്പ് ഉൾപ്പെടെ കഴിക്കുന്നത് പതിന്മടങ്ങ് ആരോഗ്യകരമായ ബാക്ടീരിയകൾ നൽകുന്നുവെന്ന് അവർ പറഞ്ഞു.
ആപ്പിൾ കഴിക്കുമ്പോൾ ഓർക്കേണ്ടത് എന്ത്?
ആപ്പിൾ വിത്തുകളിൽ അമിഗ്ലാഡിൻ എന്ന ഹാനികരമായ പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനുള്ളിലെത്തിയാൽ കൊടുംവിഷമുള്ള രാസവസ്തുവായി മാറുന്നു. എന്നാൽ ആപ്പിളിന്റെ കാമ്പ് ദോഷകരമല്ലെന്നും അവർ വ്യക്തമാക്കി.