ആരോഗ്യം നിലനിർത്താൻ ശാരീരികമായി സജീവമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ജിമ്മിൽ പോകാൻ കഴിയുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട, ചെറിയൊരു നടത്തം ആരോഗ്യത്തോടെ തുടരാൻ സഹായിക്കും. നടത്തമെന്നത് ചെറിയ രീതിയിലുള്ള വ്യായാമമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നടത്തം, ജോഗിങ്, ഓട്ടം എന്നിവയോ ശരീരത്തെയും മനസിനെയും ഫിറ്റാക്കി നിലനിർത്തുമെന്ന് വിദഗ്ധർ പറയുന്നു. നടക്കുന്നതിന് പല രീതികളുണ്ട്. വളരെ വേഗത്തിൽ ഓടുക, പതുക്കെ നടക്കുക അല്ലെങ്കിൽ വളരെ വേഗത്തിൽ ഓടുകയോ വളരെ പതുക്കെ നടക്കുകയോ തുടങ്ങി നിരവധി മാർഗങ്ങളുണ്ട്. ഈ നടത്തത്തെ ബ്രിസ്ക് വാക്കിങ് എന്ന് വിളിക്കുന്നു.
ബ്രിസ്ക് വാക്കിങ് മെമ്മറി ശേഷി വർധിപ്പിക്കും. മാനസികാരോഗ്യം നിലനിർത്തും. ഇതോടൊപ്പം ബ്രിസ്ക് വാക്കിങ്ങിന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെറും 10 മിനിറ്റ് നടത്തം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
അമിത ശരീര ഭാരം കുറയ്ക്കുന്നു
ഹെൽത്ത്ലൈനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിസ്ക് വാക്കിങ് ഒരു കാർഡിയോ വ്യായാമമാണ്. ഇത് ശാരീരികവും മാനസികവുമായി നിരവധി ഗുണങ്ങൾ നൽകുന്നു. കൂടുതൽ കലോറി എരിച്ച് അമിത ഭാരം കുറയ്ക്കാൻ നടത്തം സഹായിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും
കാലുകൾ നന്നായി നീട്ടി വച്ച് കൈകൾ ആഞ്ഞു വീശിയുളള ബ്രിസ്ക് വാക്കിങ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയിൽ 5 ദിവസം നടക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. പതിവ് കാർഡിയോ വ്യായാമം രക്തത്തിലെ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
രക്തസമ്മർദം
ബ്രിസ്ക് വാക്കിങ് പോലുള്ള കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാം. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹ രോഗികൾക്ക് പതിവ് ബ്രിസ്ക് വാക്കിങ് വളരെ ഗുണം ചെയ്യും. ഈ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ അനുവദിക്കുന്നില്ല, മാത്രമല്ല ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും ചെയ്യും.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസേനയുള്ള ബ്രിസ്ക് വാക്കിങ് മാനസികാരോഗ്യം മെച്ചപ്പെത്തും. ഈ കാർഡിയോ വ്യായാമം ചെയ്യുന്നത് ആത്മാഭിമാനം വർധിപ്പിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.