/indian-express-malayalam/media/media_files/mEzLv0ODZ0XBSbsIURMN.jpg)
Image Source: Freepik
നമ്മുടെ ഭക്ഷണക്രമത്തിൽ അത്യാവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് പ്രോട്ടീൻ. സസ്യാഹാരം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം പയറുവർഗ്ഗങ്ങളും പച്ചക്കറികളുമാണ് ഇതിന്റെ പ്രധാന സ്രോതസ്. പേശികൾ, അസ്ഥികൾ, കോശങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും വളർച്ചയ്ക്കും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. കൂടാതെ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് വലിയ പങ്ക് വഹിക്കുന്നു.
പ്രായം, ഭാരം, ശാരീരിക അധ്വാനം എന്നിവയെ അടിസ്ഥാനമാക്കി പ്രോട്ടീന്റെ അളവിൽ മാറ്റം വരാമെങ്കിലും, സാധാരണ പ്രായപൂർത്തിയായ ഒരാൾക്ക് അവരുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 0.8 ഗ്രാം എന്ന തോതിൽ പ്രോട്ടീൻ ആവശ്യമാണെന്ന് ഡയറ്റീഷ്യനും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്ര പറയുന്നു. "സജീവമായ ജീവിതശൈലിയുള്ളവർക്ക് ഇത് ഒരു കിലോയ്ക്ക് 1 ഗ്രാം വരെയും, കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് 1.2 മുതൽ 1.3 ഗ്രാം വരെയും വർധിപ്പിക്കാം," അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: 44-ാം വയസിലും സസ്യാഹാരി, ഇഷ്ടം വീട്ടിലെ ഭക്ഷണം; ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യം
പച്ചക്കറികൾ ധാരാളം പോഷകങ്ങളും ചെറിയ അളവിൽ പ്രോട്ടീനും നൽകുന്നുണ്ടെങ്കിലും, മാംസത്തിലെയോ പയറുവർഗങ്ങളിലെയോ അത്രയും പ്രോട്ടീൻ പച്ചക്കറികളിൽ കാണപ്പെടാറില്ല. എങ്കിലും വിപണിയിൽ ലഭ്യമായ വൈവിധ്യമാർന്ന പച്ചക്കറികളിൽ പ്രോട്ടീൻ ഏറ്റവും കൂടുതലടങ്ങിയത് ഏതാണെന്ന ചോദ്യത്തിന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം മേധാവി എഡ്വിന രാജ് മറുപടി നൽകി.
ഏതിലാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്?
പച്ചക്കറികളിലെ പ്രോട്ടീന്റെ അളവ് എന്തുതന്നെയായാലും അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് രാജ് ഓർമ്മിപ്പിച്ചു. ഇതിൽ സസ്യാഹാര പ്രോട്ടീനുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നായ എഡമാമെ എന്ന ഇനത്തിലാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതെന്ന് അവർ വെളിപ്പെടുത്തി. "എഡമാമെ, പയർ വർഗങ്ങൾ എന്നിവയെപ്പോലെയുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും, പ്രത്യേകിച്ച് സസ്യാഹാരികൾക്ക് ഇത് ഏറെ ഗുണകരമാണ്," അവർ പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2026/01/24/edamame-2026-01-24-09-36-21.jpg)
Also Read: ഒരു വർഷം കൊണ്ട് 99 കിലോയിൽ നിന്നും 60 ലേക്ക്; വണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'സിംപിൾ റൂൾ'
“ഒരു കപ്പ് വേവിച്ച എഡമാമെയിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ, വൈറ്റമിനുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ്. എഡമാമെ കഴിക്കുന്നത് പേശികളെ ബലപ്പെടുത്താനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഊർജനില വർധിപ്പിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും,” അവർ വിശദീകരിച്ചു. ഇതിന്റെ പതിവായ ഉപയോഗം അൽഷിമേഴ്സ്, വിഷാദം, അസ്ഥികളുടെ തേയ്മാനം, വീക്കം എന്നിവയെ പ്രതിരോധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതായും അവർ വ്യക്തമാക്കി.
"കൂടുതൽ പ്രോട്ടീൻ അടങ്ങിയ മറ്റ് പച്ചക്കറികളിൽ ചീര, ബ്രൊക്കോളി, പയർവർഗങ്ങൾ, കാലെ എന്നിവ ഉൾപ്പെടുന്നു. അവ ശരീരത്തെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും, ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ചെയ്യുന്ന നാരുകളും നൽകുന്നു," രാജ് പറഞ്ഞു.
Also Read: രാത്രി ഭക്ഷണത്തിന് ശേഷം ഒരു പിടി ജീരകം; വണ്ണം കുറയ്ക്കാൻ ഈ ശീലം സഹായിക്കുമോ?
"വെള്ളരിക്കയിലോ ലെറ്റ്യൂസിലോ ആണ് ഏറ്റവും കുറഞ്ഞ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്, സാധാരണയായി ഒരു കപ്പിന് 1 ഗ്രാമിൽ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഭക്ഷണത്തിൽ ജലാംശം, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ ചേർക്കുന്നതിനാൽ ഇവ ആരോഗ്യത്തിന് പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. ഇവയിൽ കാലറി വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ പച്ചക്കറികൾ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും, വീക്കം കുറയ്ക്കാനും, ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
എന്നിരുന്നാലും, വൈവിധ്യമാർന്ന പച്ചക്കറികൾ കഴിക്കുന്നത് പേശികളുടെ ബലം, നല്ല ദഹനം, ആരോഗ്യകരമായ ഹൃദയം, ശക്തമായ രോഗപ്രതിരോധ ശേഷി എന്നിവയുൾപ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് രാജ് ഊന്നിപ്പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രി 11 മണിക്ക് പെട്ടെന്ന് ഉന്മേഷം തോന്നുന്നുണ്ടോ? ഇതാണ് രഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us