ചായക്കൊപ്പം റസ്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ചിലരാകട്ടെ, വിശപ്പ് തോന്നുന്ന സമയങ്ങളിൽ റസ്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, റസ്ക് ആരോഗ്യത്തിന് നല്ലതാണോ?. റസ്ക് പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യുമെന്ന് ദി ഹെൽത്ത് പാൻട്രിയുടെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ഖുശ്ബു ജെയിൻ തിബ്രേവാല പറഞ്ഞു.
കുടലിലെ മോശം ബാക്ടീരിയകളുടെ വളർച്ചയെ റസ്ക് പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യൽ, അനാവശ്യമായ ഭക്ഷണ ആസക്തി എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. “കുടലിന്രെ മോശം ആരോഗ്യം, പ്രതിരോധശേഷി, ഹോർമോൺ ആരോഗ്യം, കൊഴുപ്പ് കൂട്ടുക, സമ്മർദ്ദം വർധിപ്പിക്കുക, അലസത എന്നിവയ്ക്ക് കാരണമാകുന്നു, കൂടുതൽ ഭക്ഷണ ആസക്തിയിലേക്ക് നയിക്കുന്നു,” അവർ പറഞ്ഞു.
റസ്കിന് തവിട്ട് നിറം നൽകുന്നതിന് പലപ്പോഴും കാരമൽ കളറോ അല്ലെങ്കിൽ ബ്രൗൺ ഫുഡ് കളറോ ചേർക്കാറുണ്ട്. ഈ കളർ ആരോഗ്യത്തിന് ഹാനികരമാണ്. മൈദ കൊണ്ട് തയ്യാറാക്കുന്ന റസ്ക് ഗോതമ്പ് പോലെ തോന്നിപ്പിക്കാനും ചുട്ടുപഴുത്ത ലുക്ക് നൽകാനുമാണ് ഈ കളർ ചേർക്കുന്നതെന്ന് ഹോളിസ്റ്റിക് ഹെൽത്ത് കോച്ച് ദിഗ്വിജയ് സിങ് പറഞ്ഞു.
റസ്കിനുപകരം മറ്റെന്തെങ്കിലും ലഘുഭക്ഷണം ചായയ്ക്കൊപ്പം കഴിക്കാൻ തിരഞ്ഞെടുക്കണമെന്ന് തിബ്രേവാല നിർദേശിച്ചു. എന്നാൽ, ഇപ്പോഴും റസ്ക് കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
മൾട്ടിഗ്രെയ്ൻ റസ്കിൽ മൈദയും അടങ്ങിയിരിക്കാം. അതിനാൽ, എല്ലായ്പ്പോഴും 100 ശതമാനം മുഴുവൻ ഗോതമ്പും അല്ലെങ്കിൽ 100 ശതമാനം റവ റസ്കും മാത്രം തിരഞ്ഞെടുക്കുകയെന്ന് സിങ് പറഞ്ഞു. എപ്പോഴും ഏതെങ്കിലും ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് ലേബലുകൾ വായിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.