പോഷകാഹാര കുറവ് മുതൽ ഹോർമോൺ വ്യതിയാനംവരെ തുടങ്ങി മുടി കൊഴിച്ചിലിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയോ അല്ലെങ്കിൽ മരുന്നുകൾ കഴിച്ചോ പോഷകാഹാര കുറവ് മറികടക്കാൻ കഴിയും. മുടി കൊഴിച്ചിലിന്റെ ചില കാരണങ്ങളെക്കുറിച്ച് ഡ.വിശാഖ ശിവ്ദസാനി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- ഇരുമ്പിന്റെ കുറവ്: അനീമിയ ഉണ്ടെങ്കിൽ, മുടിക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ലെങ്കിൽ മിക്കവാറും മുടികൊഴിച്ചിലിന് കാരണമാകും.
- വിറ്റാമിൻ ഡിയുടെ കുറവ്: മുടി വളർച്ചയ്ക്ക് വിറ്റാമിൻ ഡി സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നില്ലെങ്കിൽ മുടി കൊഴിച്ചിലിന് ഇടയാക്കും.
- സിങ്കിന്റെ കുറവ്: മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് സിങ്ക്. ആവശ്യത്തിന് സിങ്ക് ലഭിക്കുന്നില്ലെങ്കിൽ ഉറപ്പായും മുടി കൊഴിച്ചിലിന് കാരണമാകും.
- തൈറോയ്ഡ് പ്രവർത്തനത്തിന്റെ തകരാർ: തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഹോർമോൺ വ്യതിയാനത്തിലേക്ക് നയിച്ചേക്കാം. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. ഹൈപ്പോതൈറോയിഡിസം സാധാരണയായി മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.
- അധിക ആൻഡ്രോജൻ: സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന പുരുഷ ഹോർമോണുകളാണ് ആൻഡ്രോജൻ. ശരീരം അമിതമായി ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. അതുകൊണ്ടാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ള സ്ത്രീകളിൽ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നത്.
മുടി കൊഴിച്ചിലിന് കാരണമാകുന്നത് എന്തൊക്കെ?
പല കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റുമായ ഡോ.സ്മൃതി നസ്വ സിങ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വിളർച്ച, ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി12, വിറ്റാമിൻ ഡിയുടെ കുറവ് തുടങ്ങിയ പോഷകാഹാരക്കുറവുകളാണ് മുടി കൊഴിച്ചിലിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നെന്നും മുടി കൊഴിച്ചിലിന് കാരണമാകുന്ന മറ്റ് കാരണങ്ങളുണ്ടെന്നും അവർ പറഞ്ഞു.
മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ
മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് ഡോ.സിങ് പറഞ്ഞിട്ടുണ്ട്.
- സമീകൃതാഹാരം: എല്ലാ ദിവസവും 2-3 സീസണൽ പഴങ്ങൾ, 4-5 ഇനം പച്ചക്കറികൾ പോലെയുള്ള സമീകൃത പോഷകാഹാരം കഴിക്കുക.
- എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉണ്ടായിരിക്കണം: ഉദാ., പരിപ്പ്, കിച്ചടി, നിലക്കടല, മുളപ്പിച്ച പയർവർഗങ്ങൾ.
- നാരുകൾ ഉൾപ്പെടുത്തുക: നാരുകൾ നിറഞ്ഞ ഭക്ഷണക്രമം പ്രധാനമാണ്. സംസ്കരിച്ചതും കാർബോഹൈഡ്രേറ്റ് നിറഞ്ഞതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
- നല്ല ഉറക്കം: നല്ല ഉറക്കം തൈറോയ്ഡ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
- പതിവായുള്ള വ്യായാമം: മുടിയിലേക്ക് ഓക്സിജനും പോഷകങ്ങളും വർധിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് മണിക്കൂർ വ്യായാമം, പ്രതിദിനം 10,000 ചുവടുകൾ നടക്കുക.