scorecardresearch

ഒരു ദിവസം എത്ര തവണ ഭക്ഷണം കഴിക്കാം; ആയുർവേദം പറയുന്നതിങ്ങനെ

എന്തു കഴിക്കണം എന്നതിനോളം തന്നെ പ്രധാനമാണ് എത്ര തവണ കഴിക്കണം എന്നതും. ഒരാളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കി ഒരാൾ ഒരു ദിവസം എത്ര തവണ ഭക്ഷണം കഴിക്കണമെന്ന് സംസാരിക്കുകയാണ് ആയുർവേദ വിദഗ്ധ ഡിംപിൾ

food, health, ie malayalam

‘നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങൾ’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഏറെക്കുറെ അതു ശരിയുമാണ്, കാരണം ഒരാൾ കഴിക്കുന്ന ഭക്ഷണം അയാളുടെ ആരോഗ്യത്തെയും ഫിറ്റ്നസ്സിനെയുമെല്ലാം ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. ഒരു ദിവസം എത്ര തവണ ഭക്ഷണം കഴിക്കാം എന്നതിനെ കുറിച്ച് ആയുർവേദവും കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരു ദിവസം ഒരാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന് നിങ്ങളെ രോഗിയാക്കാനും ‘ഭോഗി’യാക്കാനും യോഗിയാക്കാനും കഴിയുമെന്നാണ് ആയുർവേദം പറയുന്നത്.

എന്തു കഴിക്കണം എന്നതിനോളം തന്നെ പ്രധാനമാണ് എത്ര തവണ കഴിക്കണം എന്നതും. ആയുർവേദ ഡോക്ടർ ഡിംപിൾ ജംഗ്ദയുടെ അഭിപ്രായത്തിൽ എത്ര തവണ കഴിക്കണം എന്നത് എല്ലാവരെ സംബന്ധിച്ചും ഒരുപോലെയല്ല. ഒരാളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കി ഒരാൾ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ ഡിംപിൾ.

ഒരു ദിവസം നാലു നേരം ഭക്ഷണം

നിങ്ങൾ മെലിഞ്ഞിരിക്കുന്ന, ക്രമരഹിതമായി വിശപ്പുള്ള ആളാണെങ്കിലോ (ectomorph body type) ഉയർന്ന മെറ്റബോളിക് ഫയർ ഉള്ള ആളാണെങ്കിലോ (mesomorph), ഭക്ഷണം നാല് തവണയായി വിഭജിച്ചു കഴിക്കുക. ഊർജ്ജസ്വലത കൈവരിക്കാനും വിശപ്പിനെ വരുതിയിൽ നിർത്താനും നാലുതവണയായുള്ള ഭക്ഷണം കഴിപ്പ് സഹായിക്കും.

“വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, വിശപ്പ് 80 ശതമാനം മാറും വരെ കഴിക്കുന്നതാണ് ഉചിതം, വയറുനിറയും വരെ കഴിക്കാതിരിക്കുക. അതുപോലെ സൂര്യാസ്തമയത്തിന് ശേഷം കനത്ത ഭക്ഷണം ഒഴിവാക്കുക. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കുക,” ഡോക്ടർ ഡിംപിൾ കൂട്ടിച്ചേർത്തു. പലർക്കും നാലുനേരം കഴിച്ചാലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും വിശപ്പ് തോന്നിയേക്കാം. ഇത്തരം അവസരങ്ങളിൽ പാലിൽ ഒരു നുള്ള് ജാതിക്ക പൊടിയോ ഒരു നുള്ള് മഞ്ഞളോ ചേർത്ത് കുടിക്കുക.

ദിവസം മൂന്നുനേരം ഭക്ഷണം

നിങ്ങൾ തികഞ്ഞ ആരോഗ്യവാനാണെങ്കിൽ, ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിച്ചാൽ മതിയാവും. “ഇതൊരു സമതുലിതമായ ജീവിതശൈലിയാണ്. പൂർണ ആരോഗ്യവാനാണെങ്കിൽ നിങ്ങൾക്ക് ലഘുവായ പ്രഭാതഭക്ഷണവും കനത്ത ഉച്ചഭക്ഷണവും സൂര്യാസ്തമയത്തിന് മുമ്പ് ഒരു ചെറിയ അത്താഴവും മതിയാവും. സൂര്യാസ്തമയത്തിനു മുൻപ് അത്താഴം കഴിക്കാൻ ശ്രമിക്കണം. അങ്ങനെ കഴിക്കുമ്പോൾ 14 മുതൽ 16 മണിക്കൂർ വരെ ശരീരം ഉപവാസം അനുഷ്ഠിക്കുന്നുമുണ്ട് (intermittent fasting),” ഡിംപിൾ പറയുന്നു.

എന്നിരുന്നാലും, മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന വ്യക്തിയ്ക്ക് രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു. കാരണം ഒരു നിശ്ചിത കാലയളവിൽ ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള പ്രവണതയേറെയാണ്.

രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുമ്പോൾ

യോഗയും ആയുർവേദവും അനുസരിച്ച് നിർദ്ദേശിക്കപ്പെടുന്ന മാതൃകാ ഭക്ഷണരീതിയാണിത്. രണ്ട് ഭക്ഷണങ്ങൾക്കിടയിലും ആറ് മണിക്കൂർ ഇടവേള ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആയുർവേദപ്രകാരം ഉപവാസത്തിന് നിർദ്ദേശിക്കപ്പെടുന്ന ഇടവേള കൂടിയാണിത്. “അടുത്ത ഭക്ഷണം കഴിക്കും മുൻപ് നിങ്ങളാദ്യം കഴിച്ച ഭക്ഷണത്തിലെ പോഷകങ്ങൾ പൂർണ്ണമായി ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനും ദഹിപ്പിക്കാനും നിങ്ങൾ ശരീരത്തെ അനുവദിക്കുകയാണ്. ദിവസവും രണ്ടുനേരം ഭക്ഷണം കഴിക്കുന്ന ഒരാളെ യോഗയിൽ ‘ഭോഗി’ എന്ന് വിളിക്കുന്നു, അതിനർത്ഥം ‘ഭക്ഷണം ആസ്വദിക്കുന്നവൻ’ എന്നാണ്,” അവർ കൂട്ടിച്ചേർത്തു.

ഒരു നേരം മാത്രം ഭക്ഷണം

ഒരു വ്യക്തി അയാളുടെ പൂർണ ആരോഗ്യത്തിലും മെറ്റബോളിസത്തിലും എത്തുമ്പോൾ, ഒരു നേരം മാത്രം കഴിച്ചും ഏതാണ്ട് 23 മണിക്കൂർ ഉപവസിച്ചും ( intermittent fasting) അവർക്ക് അവരുടെ ജീവിതശൈലി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും ഡോക്ടർ ഡിംപിൾ പറയുന്നു. “അത്തരമൊരു വ്യക്തിയെ തീവ്രമായ ചിന്തകൾക്കും ബൗദ്ധികവും ആത്മീയവുമായ ഉയർന്ന കഴിവുകളുമുള്ള ‘യോഗി’ എന്ന് വിളിക്കുന്നു, അത് അവരുടെ ശരീരത്തിന്റെ ഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു,” അവർ വിശദീകരിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The number of meals you have in a day ayurveda says