മധുരവും രുചികരവുമായ പഴവർഗ്ഗമാണ് പൈനാപ്പിൾ. സ്മൂത്തികളും ഐസ്ക്രീമുകളും കേക്കുകളും തുടങ്ങി പൈനാപ്പിൾ ഉപയോഗിച്ച് നിരവധി ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കാം. രുചിയുള്ള പഴം എന്നതിലുപരി പൈനാപ്പിളിന് ആരോഗ്യപരമായ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? വെൽനസ് കോച്ചും എഴുത്തുകാരിയുമായ ഡീൻ പാണ്ഡേ പൈനാപ്പിളിന്റെ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
കാൽസ്യം, മാംഗനീസ്, വിറ്റാമിൻ സി എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പൈനാപ്പിളിൽ 79 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിതെന്നും അവർ പറഞ്ഞു. പൈനാപ്പിൾ ജ്യൂസ് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. രോഗപ്രതിരോധശക്തി വർധിപ്പിക്കും.
പൈനാപ്പിളിൽ ബ്രോമെലെയ്‌ൻ എന്ന ഡൈജസ്റ്റീവ് എൻസൈം അടങ്ങിയിട്ടുണ്ട്. എൻസൈമുകളുടെ മിശ്രിതമാണിത്. ഇതിന് ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. ഈ എൻസൈമിന്റെ സാന്നിധ്യം മൂലം മുറിവുകൾ വേഗത്തിൽ ഉണങ്ങുമെന്ന് വെൽനസ് കോച്ച് പറഞ്ഞു.
മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ശരീരഭാരം കൂടുമെന്ന് ഭയന്ന് ഒഴിവാക്കാറുണ്ടോ? അവർക്ക് പൈനാപ്പിൾ കഴിക്കാം. പാണ്ഡേയുടെ അഭിപ്രായത്തിൽ, പൈനാപ്പിളിൽ മറ്റ് മധുര പലഹാരങ്ങളെ അപേക്ഷിച്ച് കലോറി കുറവാണ്. അതിനാൽ ഐസ്‌ക്രീം കോണിനൊപ്പം കുറച്ച് പൈനാപ്പിൾ കൂടി കഴിക്കുകയാണെങ്കിൽ കുറച്ച് കലോറി ഉപഭോഗം ചെയ്യാമെന്നും, ശരീരഭാരം കുറയ്ക്കുകയുമാകാം.
പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം കൂടാതെ, ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. “ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിലെ വീക്കത്തെയും ഫ്രീ റാഡിക്കലിനെയും ചെറുക്കാൻ സഹായിക്കും. പൈനാപ്പിൾ പോലുള്ള ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും,” അവർ പറഞ്ഞു.
Read More: പഴത്തിൽ മാത്രമല്ല, പപ്പായ ഇലകളിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ