scorecardresearch
Latest News

ചായ തയ്യാറാക്കുന്നതിനു മുൻപ് നല്ലതും മോശവുമായ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ചായ തയ്യാറാക്കിയശേഷം 10 മിനിറ്റിനുള്ളിൽ കുടിക്കുക. വീണ്ടും ചൂടാക്കരുത്

ചായ തയ്യാറാക്കുന്നതിനു മുൻപ് നല്ലതും മോശവുമായ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഒരു കപ്പ് ചൂടുള്ള ചായ കുടിച്ച് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരാൻ ഒരു കപ്പ് ചായ പലർക്കും സഹായകരമാകുന്നുണ്ട്. വൈകുന്നേരത്തെ ചായ ഒഴിവാക്കാൻ കഴിയാത്തവരും നിരവധിയാണ്. അത്രമേൽ പലരുടെയും ജീവിതത്തിൽ ചായയ്ക്ക് പ്രാധാന്യമുണ്ട്.

ബ്ലാക്ക് ടീ, മസാല ടീ, മിൽക്ക് ടീ തുടങ്ങി പല സ്വാദുകളിൽ ചായ തയ്യാറാക്കുന്നുണ്ട്. ചായയിൽ സ്വാദിനായി പലതും ചേർക്കുന്നതിനെക്കുറിച്ചും ചായയുടെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും ഇൻസ്റ്റഗ്രാം വീഡിയോയിൽ സംസാരിക്കുകയാണ് ഡോ.ഡിംപിൾ ജംഗ്ദ.

നല്ലത്

ചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ദഹനം, പ്രമേഹം, ശരീരഭാരം നിയന്ത്രിക്കൽ, ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് മികച്ചതാണ്. കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, കുരുമുളക് തുടങ്ങി ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്ന മസാലകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് ജംഗ്ദ പറഞ്ഞു. ഈ മസാലകൾ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ സ്വഭാവമുള്ളതാണെന്നും മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്നും അവർ പറഞ്ഞു.

മോശം

ചായയിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് അത്ര നല്ലതല്ല. പഞ്ചസാര രക്തപ്രവാഹത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജം പകരുകയും ചെയ്യുന്നു. എന്നാൽ കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടും. ഊർജത്തിനായി കൂടുതൽ ചായ കുടിക്കാനായി തോന്നും. ഇത് ചായയോടുള്ള ആസക്തി കൂട്ടുകയും ദീർഘകാലാടിസ്ഥാനത്തിൽ തലവേദന, വിഷാദം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. കൂടാതെ, പഞ്ചസാര കുടലിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

വളരെ മോശം

ഗുണമേന്മയില്ലാത്ത ചായ ഇലകളിൽ നിന്നുള്ള ടാനിൻ അമിതമായി പാലിൽ ചേർക്കുന്നത് വയറ്റിൽ അസിഡിറ്റിക്ക് കാരണമാകും. മാത്രമല്ല, ചായ ഇലകൾ പാലിൽ ചേർത്ത് കൂടുതൽ നേരം തിളപ്പിക്കരുതെന്നും അവർ പറഞ്ഞു.

ചായ ഇഷ്ടപ്പെടുന്നവർക്കായി ഡോ.ജംഗ്ദ ചില ടിപ്സുകളും നിർദേശിച്ചിട്ടുണ്ട്

  • ചായ തയ്യാറാക്കിയശേഷം 10 മിനിറ്റിനുള്ളിൽ കുടിക്കുക. വീണ്ടും ചൂടാക്കരുത്
  • പാൽ ചേർത്ത ചായക്കൊപ്പം പുളിയും ഉപ്പും അടങ്ങിയ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക
  • പാലും തേയിലയും ഒരുമിച്ച് ചേർത്ത് ചായ തയ്യാറാക്കാതിരിക്കുക. ഇതിനുപകരം തയ്യാറാക്കിയ ബ്ലാക്ക് ടീയിലേക്ക് നേരിട്ട് തിളപ്പിച്ച് പാൽ ചേർക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The good bad and ugly facets of tea