ശരീര ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, ശരീര താപനില നിയന്ത്രിക്കുക, വൃക്കകളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകങ്ങൾ ലഭ്യമാക്കുക തുടങ്ങിയ നിരവധി ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്നു.
എന്നാൽ, വെള്ളം കുടിക്കാൻ അനുയോജ്യമായ സമയമുണ്ടോ? അതെ, എന്നാണ് ഫിറ്റ്നസ് വിദഗ്ധ സോണിയ ബക്ഷി പറയുന്നത്.
- ഭക്ഷണത്തോടൊപ്പം ഒരിക്കലും വെള്ളം കുടിക്കരുത്. “ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുന്നത് ദഹനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ അളവിൽ ഗണ്യമായ ഏറ്റക്കുറച്ചിലുണ്ടാക്കുകയും ചെയ്യുന്നു. വേണമെങ്കിൽ, ഭക്ഷണത്തോടൊപ്പം കുറച്ച് വെള്ളം കുടിക്കൂ,” ബക്ഷി പറഞ്ഞു.
- ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് എപ്പോഴും വെള്ളം കുടിക്കുക. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യാൻ അനുവദിക്കും.
- ഉണർന്ന ഉടൻ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.
- ക്ഷീണം അകറ്റാൻ ഉച്ചയ്ക്ക് ശേഷം ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഉച്ചകഴിഞ്ഞ് ക്ഷീണം തോന്നുന്നതിന്റെ പ്രധാന കാരണം നിർജ്ജലീകരണമാണ്. അതിനാൽ വെള്ളം കുടിക്കുന്നത് ക്ഷീണത്തെയും മറ്റ് ലക്ഷണങ്ങളെയും ചെറുക്കാൻ സഹായിക്കും.
ആയുർവേദ പ്രകാരം വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡോ.ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഇരുന്നുകൊണ്ട് മാത്രമേ വെള്ളം കുടിക്കാവൂ. “നിൽക്കുമ്പോൾ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ഇത് കിഡ്നിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും സന്ധിവാതത്തിന് വരെ കാരണമാവുകയും ചെയ്യും. ഇരുന്ന് വെള്ളം കുടിക്കുമ്പോൾ പോഷകങ്ങൾ നന്നായി ഫിൽട്ടർ ചെയ്യാനും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാനും ശരീരത്തെ അനുവദിക്കുന്നു. കൂടാതെ, നിൽക്കുമ്പോൾ വെള്ളം വളരെ വേഗത്തിൽ കുടിക്കും, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും,” അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മൺപാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങൾ