scorecardresearch
Latest News

സെക്സിന്റെ ഈ 6 ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

പങ്കാളികൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതൽ ക്യാൻസർ തടയാൻ വരെയുള്ള കഴിവ് സെക്സിനുണ്ട്

Sex, benefits of sex, sex benefits, health benefits of sex

ഏതാനും മണിക്കൂറുകളിൽ സന്തോഷം നൽകുകയും പ്രത്യുൽപാദനത്തിനു സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ മാത്രമല്ല സെക്സ്. അതിനു പുറമെ ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളും സെക്സിനുണ്ട്. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്ന ആളുകൾക്കിടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദ്ദം കുറവായിരിക്കും. പങ്കാളികൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതൽ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ വരെയുള്ള കഴിവ് സെക്സിനുണ്ട്. സെക്സിന്റെ ആരോഗ്യകരമായ ചില ഗുണങ്ങളെ കുറിച്ചു പറയുകയാണ് ഡോ.നിരഞ്ജൻ സമാനി.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

സെക്‌സ് ഓർമ്മയുമായി ബന്ധപ്പെട്ട മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതുപോലെ, സന്തോഷകരമായ സെക്സ് മനുഷ്യരിൽ ഹാപ്പി ഹോർമോണുകൾ എന്നു വിളിക്കപ്പെടുന്ന ഡോപാമൈനും ഓക്‌സിടോസിനും ധാരാളമായി ഉണ്ടാവാൻ കാരണമാവുകയും ഈ രാസവസ്തുക്കൾ നമുക്ക് ഊർജ്ജസ്വലതയും ഉന്മേഷവും നൽകുകയും ചെയ്യുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങൾ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീണുപോവുന്നത്.

പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത ഇല്ലാതാക്കുന്നു

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കും. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണ് എന്നാണ് ഒരു പഠനം പറയുന്നത്. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

പെൽവിക് ഫ്ലോർ പേശികളെ ശക്തിപ്പെടുത്തുന്നു

സെക്സിൽ ഏർപ്പെടുന്ന സമയത്ത് പെൽവിക് ഫ്ലോർ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇത് രക്തയോട്ടത്തെ പ്രോത്സാഹിപ്പിക്കുകയും യോനിയിലെ ലൂബ്രിക്കേഷൻ വർധിപ്പിക്കാൻ സഹായിക്കുകയും രതിമൂർച്ഛയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പെല്‍വിക് മസിലുകളാണ് ബ്ലാഡര്‍, വയര്‍, യൂട്രസ് ഭാഗങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്. യൂറിന്‍ ട്യൂബ്, വജൈന എന്നിവയെല്ലാം പെല്‍വിക് ഫ്‌ളോര്‍ മസിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. കൂടുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടൂ, അതുവഴി, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ടെൻഷനും സമ്മർദ്ദവും കുറയ്ക്കുന്നു

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ആംഗ്‌സൈറ്റി മരുന്നുകളെ (Anxiolytics) പോലെയാണ് സെക്സ് പ്രവർത്തിക്കുന്നത്. ടെൻഷൻ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സ്പർശനം, ആലിംഗനം, ലൈംഗികപരമായ അടുപ്പം, വൈകാരിക അടുപ്പം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നൽകും. തലച്ചോറിൽ സന്തോഷത്തിന്റെ അനുരണനങ്ങൾ ഉണർത്താനും സെക്സിനാവും. അടുപ്പവും മാനസികോല്ലാസവും ഉണ്ടാകുന്നതോടെ സമ്മർദ്ദങ്ങളിൽ നിന്നും മുക്തരാവുകയും ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലുമുണ്ടാവുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read more: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The 6 health benefits of sex