മൊബൈൽ ഫോൺ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. ഫോൺ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന അവസ്ഥയിലായി. 30 മിനിറ്റോ ആഴ്ചയിൽ അതിൽ കൂടുതലോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദമോ ഹൈപ്പർടെൻഷനോ ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
10 വയസ്സോ അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗത്തിനും മൊബൈൽ ഫോൺ ഉണ്ട്. മൊബൈൽ ഫോണുകൾ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം പുറപ്പെടുവിക്കുന്നു, ഇത് ഹ്രസ്വകാല എക്സ്പോഷറിന് ശേഷം രക്തസമ്മർദ്ദം വർധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു.
ഹൈപ്പർടെൻഷൻ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ്. ആഗോളതലത്തിൽ അകാല മരണത്തിനുള്ള കാരണവുമാണ്. “ആളുകൾ മൊബൈലിൽ സംസാരിക്കുന്ന സമയമാണ് ഹൃദയാരോഗ്യത്തിൽ പ്രധാനം. കൂടുതൽ സമയം ചെലവഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു,” ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പഠന രചയിതാവ് സിയാൻഹുയി ക്വിൻ പറഞ്ഞു.
“വർഷങ്ങളുടെ ഉപയോഗമോ ഹാൻഡ്‌സ് ഫ്രീ ഉപകരണമോ ഉയർന്ന രക്തസമ്മർദ്ദം വികസിപ്പിക്കുന്നതിനുള്ള സാധ്യതയെ സ്വാധീനിച്ചില്ല. അതിനാൽ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്, ”സിയാൻഹുയി പറഞ്ഞു.
യൂറോപ്യൻ ഹാർട്ട് ജേണലായ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫോണിലൂടെയുള്ള സംസാരവും പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ, ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 212,046 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്.
കോളുകൾ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമുള്ള മൊബൈൽ ഫോണിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ, വർഷങ്ങളുടെ ഉപയോഗം, ആഴ്‌ചയിൽ ഉപയോഗിക്കുന്ന മണിക്കൂറുകൾ, ഹാൻഡ്‌സ് ഫ്രീ ഉപകരണം/സ്പീക്കർഫോൺ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബേസ്‌ലൈനിൽ ചോദ്യാവലി വഴിയാണ് ശേഖരിച്ചത്.
12 വർഷമായി പഠനം ഫോളോ-അപ്പ് ചെയ്യുണ്ടായിരുന്നു. ഫോളോ-അപ്പിൽ പങ്കെടുത്ത 13,984 (7 ശതമാനം) പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടായി. ഈ പഠനത്തിന്റെ ആവശ്യങ്ങൾക്കായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ ഉപയോഗിച്ചവർക്ക്, ഉപയോഗിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈപ്പർടെൻഷനുള്ള സാധ്യത ഏഴ് ശതമാനം കൂടിയതായി കണ്ടെത്തി.
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ മൊബൈലിൽ സംസാരിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 12 ശതമാനം കൂടുതലാണ്. സ്ത്രീകളിലും പുരുഷന്മാരിലും സമാനമായ ഫലമാണ് കണ്ടെത്തിയത്.
പ്രതിവാര ഉപയോഗ സമയം 30-59 മിനിറ്റ്, 1-3 മണിക്കൂർ, 4-6 മണിക്കൂർ, 6 മണിക്കൂറിൽ കൂടുതൽ എന്നിവ യഥാക്രമം എട്ട് ശതമാനം, 13 ശതമാനം, 16 ശതമാനം, 25 ശതമാനം രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വർഷങ്ങളോളം ഉപയോഗിച്ചതും ഹാൻഡ്‌സ് ഫ്രീ ഉപകരണം/സ്പീക്കർഫോൺ ഉപയോഗിക്കുന്നതും ഹൈപ്പർടെൻഷൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരുന്നില്ല.