scorecardresearch
Latest News

കോവിഡ് കേസുകൾ കുതിക്കുന്നു; ഒന്നിലധികം അസുഖങ്ങളുള്ളവർ ചെയ്യേണ്ടത്

ഒന്നിലധികം അസുഖങ്ങൾ ഉള്ള ആളുകൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നു. ജയശ്രീ നാരായണൻ തയാറാക്കിയ റിപ്പോർട്ട്

Covid, India, News,covid-19 cases surge co-morbidities, Covid-19 and co-morbidities, what are co-morbid conditions, covid cases surge, covid news
ഫൊട്ടൊ : വിശാൽ ശ്രീവാസ്തവ| ഇന്ത്യൻ എക്സ്പ്രസ്

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും, അതിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു അസുഖത്തിനൊപ്പം മറ്റൊന്നു കൂടി വരുന്നതിനെയാണ് കോ-മോർബിഡിറ്റീസ് എന്ന് പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും കോവിഡ് -19 പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതായി ഹൈദരാബാദ് കാമിനേനി ഹോസ്പിറ്റൽസിലെ മുതിർന്ന ജനറൽ ഫിസിഷ്യൻ ഡോ. ജെ ഹരികിഷൻ പറഞ്ഞു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, പ്രായമായവർക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അല്ലെങ്കിൽ കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. “ആർക്കും കോവിഡ് -19 രോഗബാധിതരാകാം. അത് ഗുരുതരമാകുകയും മരിക്കുകയും ചെയ്യാം, ഏത് പ്രായത്തിലും ഇത് സംഭവിക്കാം,” ഡബ്ല്യുഎച്ച്ഒ പറയുന്നു.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) പറയുന്നതനുസരിച്ച് ഇത്തരം രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഇനിപ്പറയുന്നവയ്ക്ക് സാധ്യത കൂടുതലാണ്.

  • ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടി വരിക
  • തീവ്രപരിചരണം
  • ശ്വസിക്കാൻ സഹായിക്കുന്നതിന് വെന്റിലേറ്റർ
  • മരണം

രോഗബാധിതനായ ഒരാളുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ അവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ചെറിയ ദ്രാവക കണങ്ങളായി വൈറസ് പടരുമെന്നത് ശ്രദ്ധേയമാണ്. ഈ കണികകൾ വലിയ ശ്വസന തുള്ളികൾ മുതൽ ചെറിയ എയറോസോളായി വരെ വ്യാപിക്കുന്നതായി, ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു. “കൂടാതെ, കോ-മോർബിഡിറ്റി ഉള്ള വ്യക്തികൾക്ക് കൊവിഡിൽ നിന്ന് ഗുരുതരമായ രോഗങ്ങളും സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” ഡോ. ഹരികിഷൻ കൂട്ടിച്ചേർത്തു.

എന്താണ് ഇപ്പോഴത്തെ അവസ്ഥ?

പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും, നമ്മൾ കണ്ടിട്ടുള്ള കോവിഡ് സ്‌ട്രെയിനിന്റെ ദീർഘകാല അനന്തരഫലങ്ങളൊന്നും കണ്ടിട്ടില്ലെന്ന്, മണിപ്പാൽ ഹോസ്പിറ്റൽ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. പ്രമോദ് വി സത്യ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. “അണുബാധ തീവ്രതയില്ലാതതാണ്. ഇത് കോവിഡ് വാക്സിനേഷന്റെ മറ്റൊരു ഷോട്ടായിയാണ് അനുഭവപ്പെടുന്നത്. അണുബാധ വ്യാപകമാണെന്നത് ശരിയാണ്, പക്ഷേ ഇത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാപിക്കുന്ന എച്ച്1എൻ1, എച്ച്3എൻ2 ഇൻഫ്ലുവൻസ സ്ട്രെയിനുകളെക്കാൾ തീവ്രത കുറഞ്ഞതാണെന്ന്,” ഡോ. പ്രമോദ് പറഞ്ഞു. എന്നിരുന്നാലും, ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കണമെന്നാണ് അധികൃതർ പറയുന്നത്.

ശ്വസന മര്യാദകൾ പാലിക്കേണ്ടത് പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു. ഉദാഹരണത്തിന്, കൈമുട്ട് വളച്ച് അതിലേക്ക് ചുമയ്ക്കുക, സുഖമില്ലാത്തതായി തോന്നിയാൽ, അസുഖം മാറുന്നത് വരെ വീട്ടിൽ തന്നെ ഐസോലേറ്റ് ആയി കഴിയുക.

സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന്, കോ-മോർബിഡിറ്റികളുള്ള വ്യക്തികൾ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പരിശീലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും പാലിക്കണം. തിരക്കേറിയ സ്ഥലങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുകയും ചെയ്യണമെന്ന് ഡോ. ഹരികിഷൻ പറഞ്ഞു.

കോ-മോർബിഡിറ്റികളുള്ള ആളുകളുടെ അടിസ്ഥാന ആരോഗ്യസ്ഥിതികൾ കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്, ഗുരുഗ്രാം നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പൾമണറി ആൻഡ് സ്ലീപ്പ് മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷിബ കല്യാൺ ബിസ്വാൾ പറഞ്ഞു. “ആരോഗ്യ വിദഗ്ധരുമായുള്ള സമ്പർക്കം പുലർത്തുക, നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക, വ്യായാമത്തിലൂടെയും ശരിയായ പോഷകാഹാരത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക,” ​​ഡോ. ഷിബ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട്കോമിനോട് പറഞ്ഞു.

ഇത്തരം അസുഖങ്ങൾ ഉള്ളവർ എത്രം വേഗം കോവിഡ് വാക്സിനേഷൻ എടുക്കണം. “കോ-മോർബിഡിറ്റികളുള്ള ആളുകൾക്കിടയിൽ പോലും, രോഗം കടുക്കുന്നതിനും ആശുപത്രിവാസത്തിനും ഉള്ള സാധ്യത കുറയ്ക്കുന്നതിന് വാക്സിനേഷൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,” ഡോ. ഷിബ അഭിപ്രായപ്പെട്ടു.

കോ-മോർബിഡിറ്റികളുള്ള വ്യക്തികൾ “ഈ മുൻകരുതലുകൾ ഗൗരവമായി എടുക്കുകയും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുകയും ചെയ്യേണ്ടത്” അത്യാവശ്യമാണെന്നും വിദഗ്ധർ പറയുന്നു. “അങ്ങനെ ചെയ്യുന്നതിലൂടെ, കോവിഡ് 19 ൽ നിന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും തങ്ങളെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ അവർക്ക് സഹായിക്കാനാകും,” ഡോ. ഹരികിഷൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Surge in covid 19 cases what people with co morbidities must do