/indian-express-malayalam/media/media_files/uploads/2023/10/Top-foods-for-pre-teen-girls.jpg)
ബാല്യത്തിലും കൗമാരത്തിലും നിങ്ങൾ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്. പോഷകസമ്പന്നമായ ആഹാരമാണ് ഈ കാലത്ത് കഴിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തും. കൗമാരക്കാരായ കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികളിൽ ഈ കാലയളവിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതിനാൽ പോഷകഗുണമുള്ള ഭക്ഷണങ്ങൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
ടീനേജിലേക്കു കടക്കുന്ന പെൺകുട്ടികളിൽ അവരുടെ ശരീരം ശരിയായി വളരുന്നതിനും ഹോർമോൺ ആരോഗ്യത്തിനും പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധ ശാലിനി സുധാകർ പറയുന്നു. പെൺകുട്ടികളിൽ ആർത്തവം സംഭവിക്കുന്ന പ്രായമായതിനാൽ ഋതുമതിയാവുന്ന പ്രക്രിയയ്ക്കും അവരുടെ ഹോർമോൺ ആരോഗ്യത്തിനും സമാധാനപരമായ ആർത്തവത്തിനും സൂപ്പർ ഫുഡുകൾ അത്യന്താപേക്ഷിതമാണ്.
ടീനേജിലേക്ക് കടക്കുന്ന പെൺകുട്ടികൾക്ക് ശരിയായ അസ്ഥി വളർച്ചയ്ക്ക് കാൽസ്യം അത്യന്ത്യാപേക്ഷികമാണെന്നാണ് ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. സുരഭി സിദ്ധാർത്ഥ പറയുന്നത്.
മുരിങ്ങ പൊടി
ഹീമോഗ്ലോബിൻ, ഹോർമോൺ ആരോഗ്യം എന്നിവയുടെ കാര്യത്തിൽ അയേണിന് നിർണായക പങ്കുണ്ട്. എല്ലാ ദിവസവും 1 ടീസ്പൂൺ മുരിങ്ങപ്പൊടി ഏതെങ്കിലും രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടീനേജു പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വളരെ നല്ലതാണ്.
ഫ്ളാക്സ് സീഡ്സ്
എല്ലാ പ്രായത്തിലും ആരോഗ്യകരമായ ഹോർമോൺ സ്രവത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങളാൽ സമൃദ്ധമാണ് ഫ്ളാക്സ് സീഡ്സ്.
ഉണങ്ങിയ അത്തിപ്പഴം
പലപ്പോഴും നമ്മൾ അവഗണിക്കുന്ന അത്തിപ്പഴം ഒരു മികച്ച സൂപ്പർ ഫുഡ് ആണ്. മികച്ച ആന്റിഓക്‌സിഡന്റായ അത്തിപഴങ്ങൾ രക്ത ശുദ്ധീകരണത്തിനു സഹായിക്കുന്നു. ഹീമോഗ്ലോബിൻ മെച്ചപ്പെടുത്തുന്നതിനുള്ള അതിശയകരമായ കഴിവും ഇവയ്ക്കുണ്ട്. നിത്യേന രണ്ട് അത്തിപ്പഴങ്ങൾ വീതം കഴിക്കുക.
ടീനേജ് പെൺകുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വികാസത്തിനും സഹായിക്കുന്ന ഭക്ഷണങ്ങളെ 3 ഭക്ഷണ ഗ്രൂപ്പുകളായി തിരിക്കാമെന്നാണ് മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ സുരഭി സിദ്ധാർത്ഥ പറയുന്നത്.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
പ്രീ- ടീൻ പെൺകുട്ടികൾക്ക് എല്ലുകളുടെ ശരിയായ വളർച്ചയ്ക്ക് കാൽസ്യം ആവശ്യമാണ്. പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കുട്ടികൾക്ക് ലാക്ടോസ് അസഹിഷ്ണുതയോ മറ്റെന്തെങ്കിലും ഭക്ഷണ നിയന്ത്രണങ്ങളോ ഉണ്ടെങ്കിൽ അതിനു ബദലായി ബ്രോക്കോളി പോലുള്ള കാൽസ്യം അടങ്ങിയ പച്ചക്കറികൾ പരിഗണിക്കുക.
അയേൺ അടങ്ങിയ ഭക്ഷണങ്ങൾ
ശുദ്ധ രക്തം ഉണ്ടാവുന്നതിനും മികച്ച ഊർജ്ജം ലഭിക്കാനും അയേൺ അത്യാവശ്യമാണ്. കോഴിയിറച്ചി, മത്സ്യം, ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക. അയേൺ അടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് അയേണിന്റെ ആഗിരണശേഷി വർദ്ധിപ്പിക്കും.
നാരുകളും ധാന്യങ്ങളും
നാരുകൾ അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയയെ പിന്തുണയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. “ ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, ക്വിനോവ, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കാൻ പ്രോത്സാഹിപ്പിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകും, ”ഡോ സുരഭി പറയുന്നു.
ഡോ സുരഭി പറയുന്നതനുസരിച്ച്, ടീനേജുകാർ സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം പിൻതുടരേണ്ടത് പ്രധാനമാണ്. ഇത് പെൺകുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. "ഒരു ഡയറ്റീഷ്യനെയോ അല്ലെങ്കിൽ പീഡിയാട്രീഷ്യനെയോ കണ്ട് നിങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ വ്യക്തിഗത മാർഗ്ഗനിർദേശം തേടുകയുമാവാം," ഡോ സുരഭി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us