ഏത് പ്രായത്തിലും ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം അഥവാ സഡൻ കാർഡിയാക് അറസ്റ്റ്. മുൻപ് ഹൃദ്‌രോഗത്തിന്റെ ചരിത്രമില്ലാത്ത ആളുകൾക്കും ചില സന്ദർഭങ്ങളിൽ ഹൃദയസ്തംഭനം ഉണ്ടാവാറുണ്ട്. ഹൃദയം അപ്രതീക്ഷിതമായി അതിന്റെ മിടിപ്പ് നിർത്തുന്ന ഗുരുതരമായ അവസ്ഥയാണിത്. ആഗോളതലത്തിൽ ആയിരത്തിൽ ഒരാൾക്ക് എന്ന കണക്കിൽ ഓരോ വർഷവും ഹൃദയസ്തംഭനം മൂലം ജീവൻ നഷ്ടപ്പെടുന്നുണ്ട്.

പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം രോഗിയുടെ ശ്വസനം മന്ദഗതിയിലാവുകയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വന്നാൽ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് ഡൽഹി ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിസ്റ്റായ ഡോ. അപർണ ജസ്വാൾ പറയുന്നത്.

“ഹൃദയസ്തംഭനം സംഭവിച്ചാൽ തുടർന്നുള്ള ഓരോ മിനിറ്റും നിർണായകമാണ്. അടിയന്തിരമായ വൈദ്യസഹായമാണ് ഇവിടെ ആവശ്യം. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ വഴി, രോഗിയെ രക്ഷിക്കാൻ കഴിയും. 80 ശതമാനം കേസുകളിലും ഹൃദയത്തിലെ രക്തക്കുഴലുകളിലെ തടസ്സങ്ങൾ മൂലമാണ് ഹൃദയസ്തംഭനം സംഭവിക്കുന്നതെന്ന് കാണാം. ക്രമംതെറ്റിയ ഹൃദയമിടിപ്പ് (cardiac arrhythmia) ഹൃദയത്തിലെ രക്തക്കുഴലുകളുടെ പമ്പിംഗിനെ തടസ്സപ്പെടുത്തുകയും ബ്ലോക്കുണ്ടാവാൻ കാരണമാവുകയും ചെയ്യാം. അതുവഴി രോഗികളിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. കൃത്യസമയത്ത് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ അവസ്ഥ ഗുരുതരമായി മരണത്തിലേക്ക് നയിച്ചേക്കാം,” ഡോ അപർണ വിശദീകരിക്കുന്നു.

Read more: പുകവലിയും മദ്യപാനവും അമിതവണ്ണവും യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ?

ഹൃദയസ്തംഭനത്തിന് സാധ്യതയുള്ളവർ

“ഹൃദയാഘാതം സംഭവിച്ച് ഒരാൾക്ക് ആദ്യത്തെ ആറുമാസത്തിനുള്ളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 75 ശതമാനം സഡൻ കാർഡിയാക് അറസ്റ്റുകളും ഇത്തരം അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം പാരമ്പര്യഘടകങ്ങൾ, രക്തക്കുഴലുകളിലെ തകരാറുകൾ, അമിതവണ്ണം, പ്രമേഹം, മയക്കുമരുന്നു ഉപയോഗം എന്നിവയും കാരണമായി പറയാറുണ്ട്.”

ഹൃദയസ്തംഭനത്തിന് മുൻപ് ശരീരം ചില മുന്നറിയിപ്പുകൾ അടയാളങ്ങളായി കാണിക്കും. ശ്വാസതടസ്സം, പെട്ടെന്ന് വീഴുക, നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുക, ശ്വാസതടസ്സം, ഹൃദയമിടിപ്പിലെ താളപ്പിഴകൾ തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോൾ ശരീരം തരുന്ന മുന്നറിയിപ്പാണ്.

ശരിയായ വൈദ്യസഹായം ലഭ്യമാകുന്നതുവരെ രോഗിയെ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തിര നടപടിയാണ് സി‌പി‌ആർ (Cardiopulmonary resuscitation). രക്തചംക്രമണവും ശ്വസനവും സ്വമേധയാ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സിപിആറിൽ നടക്കുന്നത്. ഹൃദയത്തിന്റെ താളം സാധാരണനിലയിലാവും വരെ തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ വിതരണം ചെയ്യാൻ സിപിആർ സഹായിക്കും.

സിപിആർ നൽകി കഴിഞ്ഞതിനു ശേഷം രോഗിയെ അടിയന്തിര പരിചരണത്തിലേക്ക് മാറ്റണം. “ഡിഫിബ്രില്ലേറ്റർ എന്ന ഒരു പ്രക്രിയയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. ചെസ്റ്റ് വാളിലൂടെ ഒരു വൈദ്യുതഷോക്ക് കടത്തിവിടുകയും ഹൃദയമിടിപ്പ് പുനസ്ഥാപിക്കുകയും ചെയ്യുന്ന പ്രക്രിയ ആണിത്.”

രോഗിയുടെ രോഗവസ്ഥ പരിഗണിച്ചാണ് തുടർ ചികിത്സ നിർണയിക്കുക. സാധാരണ ഘട്ടങ്ങളിൽ ഐസിഡി, ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രില്ലേഷൻ എന്നിവ പോലുള്ള ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ ഉപയോഗിക്കും. “ഈ പ്രക്രിയയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ഉപകരണം നെഞ്ചിൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്,” ഡോക്ടർ അപർണ പറയുന്നു.

ആരോഗ്യകരമായ ജീവിതരീതി പിൻതുടരുമ്പോൾ തന്നെ, കൃത്യമായ ഇടവളകളിൽ ചെക്കപ്പ് നടത്തുക എന്നതാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം ഒഴിവാക്കാനുള്ള ഏകമാർഗ്ഗമെന്ന് ഡോ അപർണ കൂട്ടിച്ചേർക്കുന്നു.

Read more: സ്തനാർബുദ സാധ്യത കണ്ടെത്താൻ പുതിയ മാർഗവുമായി മലയാളി ഡോക്ടർ ദമ്പതിമാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook