ചർമ്മ സംരക്ഷണത്തിനും ആരോഗ്യകരവും രുചികരവുമായ ഭക്ഷണം തയ്യാറാക്കാനും വർക്ക്ഔട്ടിനും ഒക്കെ സമയം കണ്ടെത്തുമ്പോൾ, പലരും അവഗണിക്കുന്ന ആരോഗ്യത്തിന്റെ ഒരു വശമുണ്ട്-ഉറക്കം. ഉറക്കക്കുറവ് നിരാശ, ക്ഷീണം, ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
രാത്രിയിൽ കുറഞ്ഞത് 7-8 മണിക്കൂർ നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം, ഉറങ്ങുന്നതിനു മുൻപുള്ള അമിതമായ കഫീൻ ഉപഭോഗം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങി നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയൻസ് വിദഗ്ധൻ ആൻഡ്രൂ ഹുബർമാൻ പങ്കുവച്ച ചില ടിപ്‌സുകൾ നല്ല ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നതും ആർക്കും ചെയ്യാൻ കഴിയുന്നതുമായ ചില കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
- ഉറക്കമുണർന്ന് 30-60 മിനിറ്റിനുള്ളിൽ പുറത്ത് പോയി സൂര്യപ്രകാശം നോക്കുക. സൂര്യാസ്തമയത്തിന് മുമ്പ് ഉച്ചതിരിഞ്ഞ് വീണ്ടും ഇത് ചെയ്യുക.
- എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുക, രാത്രിയിൽ ഉറക്കം വരുമ്പോൾ തന്നെ ഉറങ്ങുക.
- കിടക്കുന്നതിനു 8-10 മണിക്കൂർ മുൻപ് കഫീൻ ഉപഭോഗം ഒഴിവാക്കുക
- ഉറങ്ങാൻ അസ്വസ്ഥതയോ ഉറക്കമില്ലായ്മയോ ഉറക്കത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ ഉണ്ടെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള സെൽഫ് ഹിപ്നോസിസ് പരീക്ഷിക്കുക.
- ബ്രൈറ്റ് ലൈറ്റുകൾ ഒഴിവാക്കുക – പ്രത്യേകിച്ച് രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിൽ.
- പകൽ സമയം 90 മിനിറ്റിൽ കൂടുതൽ ഉറങ്ങരുത്, അല്ലെങ്കിൽ ഉറങ്ങാതിരിക്കുക.
- അർധ രാത്രിയിൽ ഉണരുകയാണെങ്കിൽ, ചിലപ്പോൾ വീണ്ടും ഉറങ്ങാൻ കഴിയില്ല, അങ്ങനെയുള്ളപ്പോൾ എൻഎസ്ഡിആർ (നോൺ സ്ലീപ് ഡീപ്പ് റെസ്റ്റ്) പ്രോട്ടോക്കോൾ ചെയ്യുന്നത് പരിഗണിക്കുക.
- ചില സപ്ലിമെന്റുകളും കഴിക്കാം. (ഉറക്കത്തിന് 30-60 മിനിറ്റ് മുമ്പ്): 145mg മഗ്നീഷ്യം ട്രിയോനേറ്റ് (Magneisum Threonate) അല്ലെങ്കിൽ 200mg മഗ്നീഷ്യം ബിസ്ഗ്ലൈസിനേറ്റ് (Magnesium Bisglycinate), 50mg അപിജെനിൻ (Apigenin), 100-400mg തിയാനൈൻ (Theanine) എന്നിവ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചശേഷം കഴിക്കാം.
- ഉറക്കസമയത്തിന് 1 മണിക്കൂർ മുമ്പ് ജാഗ്രത അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുക.
- ഉറങ്ങുന്ന മുറി തണുത്തതും ഇരുണ്ടതുമാണെന്ന് ഉറപ്പു വരുത്തുക, നീക്കം ചെയ്യാൻ കഴിയുന്ന ബ്ലാങ്കറ്റുകൾ ഇടുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ നല്ല ഉറക്കത്തിനായ് ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ