പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയിൽ ആരോഗ്യം മറക്കരുത്. വേനൽ കാലത്ത് നിർജലീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുകയാണ് ആദ്യം വേണ്ടത്. പഠനത്തിൽ മുഴുകി വെള്ളം കുടിക്കാതിരിക്കരുത്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരീക്ഷാ കാലത്ത് കുട്ടികൾക്ക് നൽകേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് വിശദീകരിക്കുകയാണ് എറണാകുളം സിൽവർലൈൻ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യണലിസ്റ്റ് നീത പ്രദീപ്.
- രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ വേണ്ട

വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കാതിരിക്കുക. അതിനുപകരം എഴുന്നേറ്റ ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം ചായയോ കാപ്പിയോ കുടിക്കുക.
Read More: SSLC, Plus Two Exam 2022: പരീക്ഷ: പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
- പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
പരീക്ഷയ്ക്ക് പോകാൻ വൈകിയെന്നു പറഞ്ഞ് പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ചില കുട്ടികൾ ബ്രെഡ് പോലെ പെട്ടെന്ന് കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ആവും പരീക്ഷാ ദിവസം കഴിക്കാൻ താൽപര്യപ്പെടുക. ആ ശീലം മാറ്റുക. ഇഡ്ഡലിയോ, ദോശയോ, അപ്പമോ ഒക്കെ ആവാം. ഇതിനൊപ്പം ഒരു ചെറിയ കപ്പിൽ ചെറുപയർ മുളപ്പിച്ചതോ, കടല വേവിച്ചതോ ഒരു മുട്ട തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കുക.
രാവിലെ ജങ്ക്ഫുഡ് കഴിക്കാൻ കൊടുക്കരുത്. ജങ്ക് ഫുഡിൽ ഷുഗർ, സോൾട്ട് എന്നിവ കൂടുതലായിരിക്കും. ഇത് കഴിക്കുമ്പോൾ കുട്ടികൾക്ക് ആ സമയം എനർജി അനുഭവപ്പെടും. പക്ഷേ, കുറച്ചു കഴിയുമ്പോൾ എനർജി പെട്ടെന്ന് കുറയും. അതിനാൽ രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൊടുക്കുകയാണ് ഏറ്റവും നല്ലത്.
Read More: SSLC, Plus Two Exam 2022: പരീക്ഷയെഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
- കുടിക്കാൻ വെള്ളം കൊടുത്തുവിടുക
പരീക്ഷയ്ക്ക് പോകുമ്പോൾ ഒരു ബോട്ടിൽ വെള്ളം കൊടുത്തുവിടാൻ ശ്രദ്ധിക്കുക. തിളപ്പിച്ച ചൂടാറിയ വെള്ളത്തിനു പകരം കരിക്കിൻ വെള്ളം പോലുള്ളവ കൊടുത്തു വിടാൻ പറ്റുമെങ്കിൽ വളരെ നല്ലതാണ്. കരിക്കിൻ വെള്ളം കൂടുതൽ ഊർജ്ജം നൽകും. നാരങ്ങ വെള്ളവും നല്ലതാണ്. ആർട്ടിഫിഷ്യൽ ആയ ഒരു ജ്യൂസും കൊടുത്തുവിടരുത്.
- ഉച്ചഭക്ഷണത്തിനൊപ്പം സാലഡ് കൊടുക്കുക

ചോറും കറികൾക്കുമൊപ്പം സാലഡ് കൊടുത്തുവിടുക. വെളളരിക്ക, കാരറ്റ് പോലുള്ളവ അതിൽ ഉൾപ്പെടുത്തണം.
- പരീക്ഷ കഴിഞ്ഞെത്തിയാൽ എണ്ണയിൽ വറുത്ത സാധനങ്ങൾ വേണ്ട
പരീക്ഷ കഴിഞ്ഞ് എത്തിയാൽ എണ്ണയിൽ വറുത്ത സാധനങ്ങൾ കൊടുക്കാതിരിക്കുക. ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങളോ ഫ്രൂട്ട് സാലഡോ കൊടുക്കാം. തണ്ണിമത്തൻ, മുന്തിരിങ്ങ, മാങ്ങ ഇതൊക്കെ മിക്സ് ചെയ്ത് സാലഡ് പോലെ കൊടുക്കാം. ലെസി, തൈര് കൊണ്ടുള്ള പാനീയങ്ങൾ കുടിക്കാൻ കൊടുക്കാം. ഇത് ശരീരത്തെ തണുപ്പിക്കും.
Read More: SSLC, Plus Two Exam 2022: പരീക്ഷ ഹാളിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
- രാത്രിയിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകുക
രാത്രിയിൽ ചിക്കൻ, മത്സ്യം പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൊടുക്കുക. രാത്രി വൈകി ഇരുന്ന് പഠിക്കുന്ന കുട്ടികൾക്ക് സ്നാക്സ് കഴിക്കാനുള്ള പ്രവണത ഉണ്ടാകും. ഈ സമയത്ത് ചിപ്സ് പോലുള്ള സ്നാക്സിനു പകരം അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട് പോലുള്ളവ കൊടുക്കാം. ഇതിനൊപ്പം ഡ്രൈ ഫ്രൂട്ട്സും കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ പഴങ്ങൾ ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ കൊടുക്കാം. ഇതൊക്കെ വളരെ ആരോഗ്യകരമാണ്.
Read More: SSLC, Plus Two Exam 2022: പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ