ഭക്ഷണത്തിന് സ്വാദും മണവും നൽകാൻ മാത്രമല്ല, നമ്മുടെയൊക്കെ അടുക്കളയിലുള്ള ജാതിക്ക കൊണ്ട് മറ്റു നിരവധി ഉപയോഗങ്ങളുമുണ്ട്. പലവിധ വീക്കം സംഭവിച്ച സന്ധികൾക്കുള്ള പ്രകൃതിദത്ത വേദനസംഹാരിയാണ് ഈ സുഗന്ധദ്രവ്യം. മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി1, ബി6, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ജാതിക്കയെന്ന് യൂകെയർലൈഫ്സ്റ്റൈൽ ഡോട് കോമിന്റെ സഹസ്ഥാപകനായ ലൂക്ക് കൊട്ടീഞ്ഞോ ഇൻസ്റ്റഗ്രാം കുറിപ്പിൽ എഴുതി.
കൂടുതലും എണ്ണയുടെ രൂപത്തിൽ ഉപയോഗിക്കുന്ന ജാതിക്ക, ആന്റി-ഇൻഫ്ലാമേറ്ററി, വേദന സംഹാരി, മസിൽ റിലാക്സന്റ്, ആന്റി ബാക്ടീരിയൽ എന്നിവയുമാണ്. ജാതിക്കയുടെ വേദന മാറ്റുന്നതിനുള്ള പ്രകൃതിദത്ത ഗുണം താൻ എങ്ങനെയാണ് കണ്ടെത്തിയതെന്ന സംഭവത്തെക്കുറിച്ചും കൊട്ടീഞ്ഞോ വിശദീകരിച്ചിട്ടുണ്ട്. ”ഒരു തവണ കണങ്കാലിന് പരുക്കേറ്റപ്പോൾ വേദനസംഹാരികൾ കഴിക്കുന്നതിനു പകരം സ്വാഭാവികമായി സുഖപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. ഇതിനായ് തിരയുന്നതിനിടെ, വേദന ഒഴിവാക്കാനുള്ള ജാതിക്കയുടെ ഗുണങ്ങൾ കണ്ടെത്തി. എള്ളെണ്ണയ്ക്കൊപ്പം ഏതാനും തുള്ളി ജാതിക്ക എണ്ണയും ചേർത്ത് കണങ്കാൽ മുഴുവൻ മസാജ് ചെയ്തു. 24 മണിക്കൂറിനുള്ളിൽ മാജിക് സംഭവിച്ചു. ഞാൻ വേദനയില്ലാതെ ഉണർന്നു, ദിവസം മുഴുവൻ നടന്നു,” അദ്ദേഹം പറയുന്നു.
സന്ധിവാതം, ന്യൂറോപ്പതി, ഫൈബ്രോമയാൾജിയ അല്ലെങ്കിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ചില സന്ദർഭങ്ങളിൽ വേദനയ്ക്ക് കാരണമാവുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. ”വിട്ടുമാറാത്ത വേദന, പേശി / നാഡി / സന്ധി വേദന, ഏതെങ്കിലും നീർവീക്കം, ടെന്നീസ് എൽബോസ് എന്നിവയാൽ ബുദ്ധിമുട്ടുന്ന നിരവധി രോഗികൾ (അത്ലറ്റുകളും) ജാതിക്ക-എള്ളെണ്ണ മിശ്രിതം ഉപയോഗിക്കുന്നുണ്ട്. വേദനയും വീക്കവും മാറാൻ ഈ സുഗന്ധവ്യഞ്ജനം സഹായിക്കും,” അദ്ദേഹം അഭിപ്രായപ്പെട്ടു.
ജാതിക്ക ഉറക്കം പ്രോത്സാഹിപ്പിക്കും, ദഹനം ഉത്തേജകം, ആന്റി-ബ്ലോട്ട്, ആന്റി ഫ്ലാറ്റുലൻസ്, അഡാപ്റ്റോജൻ, നാഡീവ്യൂഹം റിലാക്സന്റ് , വാസോഡിലേറ്റർ, ഉത്കണ്ഠ വിരുദ്ധ പ്രതിവിധി എന്നിവയാണെന്ന് വിവിധ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ യൂജിനോൾ, ടെർപെൻസ്, ട്രൈമിറിസ്റ്റിൻ തുടങ്ങിയ പ്രകൃതിദത്ത രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കം നൽകുന്നതിനും ക്ഷീണിച്ച പേശികൾക്കും ഞരമ്പുകൾക്കും വിശ്രമം നൽകുന്നതിനും ശാന്തത കൈവരിക്കുന്നതിനും വേദന, വീക്കംഎന്നിവ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
4-5 തുള്ളി ശുദ്ധമായ ജാതിക്ക എണ്ണ ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് രണ്ടു ടേബിൾസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം വേദനയുള്ള ഭാഗത്ത് പതിയെ മസാജ് ചെയ്യുക. ഏതാനും ദിവസം പതിവായി ഇങ്ങനെ ചെയ്യുക.
ഉറക്ക പ്രശ്നങ്ങൾ മാറാൻ ചെറു ചൂടുള്ള ഒരു ഗ്ലാസ് പാലിൽ ഔരു നുള്ള് ജാതിക്ക പൊടി ചേർക്കാൻ ലൂക്ക് നിർദേശിച്ചു. “പാൽ കുടിക്കാത്തവർക്ക് പകരം ബദാം പാൽ ഉപയോഗിക്കാം. അല്ലെങ്കിൽ, വെള്ളത്തിലിട്ട് ചായയായി ഉണ്ടാക്കുക അല്ലെങ്കിൽ ഒരു ടീസ്പൂൺ അസംസ്കൃത തേനിൽ കലർത്തുക,” അദ്ദേഹം പറഞ്ഞു. ജാതിക്ക കൊണ്ട് മാത്രം ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതിന് കഫീന്റെ മിതമായ ഉപഭോഗം തുടങ്ങിയ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങളും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ചെറിയ അളവ് ജാതിക്ക പൊടിയാണ് ഉപയോഗിക്കേണ്ടത്. നിങ്ങൾക്ക് വളരെ ചെറിയ അളവ് (¼ ടീസ്പൂൺ കുറവ്) മാത്രമേ ആവശ്യമുള്ളൂ. അധികമായാൽ, ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ലൂക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു പാച്ച് ടെസ്റ്റ് നടത്താൻ അദ്ദേഹം നിർദേശിച്ചു. എല്ലായ്പ്പോഴും ജാതിക്ക എണ്ണ മറ്റേതെങ്കിലുമൊരു എണ്ണയുമായി മിക്സ് ചെയ്യുക. പുറമേയുള്ള മുറിവുകളിൽ പ്രയോഗിക്കരുത്.