ആന്റിഓക്സിഡന്റുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞവയാണ് പഴങ്ങളും പച്ചക്കറികളും. എന്നാൽ അവയിൽ ചിലതുടെ തൊലികളിലും ആരോഗ്യത്തിന് ഗുണകരമാകുന്ന ഘടകങ്ങളുണ്ടെന്ന് എത്രപേർക്ക് അറിയാം. ടിക്ടോക് കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മീഡിയയിലെ താരവുമായ അർമൻ ആദംജാൻ അടുത്തിടെ മാതള നാരങ്ങയുടെ തൊലിയുടെ ഗുണങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഷെയർ ചെയ്തിരുന്നു.
മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നമ്മളെ അതിശയപ്പെടുത്തും. തൊണ്ടവേദന, ചുമ, വയർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിവയ്ക്കുള്ള പരിഹാരമാണ് മാതള നാരങ്ങയുടെ തൊലി. എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇത് മികച്ചതാണ്. പഴത്തെക്കാളും മാതള നാരങ്ങയുടെ തൊലിയിലാണ് കൂടുതൽ ആന്റിഓക്സിഡന്റുകളുള്ളതെന്നും ആദംജാൻ അഭിപ്രായപ്പെട്ടു.
മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് ഉപയോഗിച്ച് ചായ തയ്യാറാക്കാമെന്നും ആദംജാൻ വിശദീകരിച്ചു. കാലിയായ ടീ ബാഗിലേക്ക് ഒരു ടീസ്പൂൺ മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് എടുക്കുക. ഒരു ഗ്ലാസിലേക്ക് ടീ ബാഗ് ഇടുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക. ചായ തയ്യാർ.
ആദംജാനിന്റെ അഭിപ്രായത്തിൽ ചർമ്മത്തിനും ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത്. മുഖക്കുരു, ചുളിവുകൾ എന്നിവ ഇല്ലാതാക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തയ്യാറാക്കുന്ന വിധം
- കുറച്ച് നാരങ്ങ നീര് ചേർത്ത് പൊടി പേസ്റ്റ് രൂപത്തിലാക്കുക
- മുഖത്ത് പുരട്ടുക
- 20 മിനിറ്റിനുശേഷം കഴുകി കളയുക
തൊലിയിൽ ആന്റി ഓക്സിഡന്റുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ബാക്ടീരിയയും മറ്റ് അണുബാധകളും തടയാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധ ഡോ.അർച്ചന ബത്ര പറഞ്ഞു. “ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയെ നശിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന മാന്ത്രിക ഗുണങ്ങൾ മാതളത്തിന്റെ തൊലിക്കുണ്ട്. എണ്ണമയമുള്ളതോ, വരണ്ട ചർമ്മമോ ഏതുമാകട്ടെ, എല്ലാ ചർമ്മപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മാതള നാരങ്ങയുടെ തൊലി,” അവർ ഇന്ത്യൻഎക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.