പലരും ബദാം കഴിക്കുന്നതിനുമുമ്പ് വെള്ളത്തിൽ കുതിർക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബദാം പോലെയുള്ള നട്സ് ദഹിക്കാൻ ബുദ്ധിമുട്ടായതിനാലാണ് അവ വെള്ളത്തിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതെന്ന് ആയുർവേദ ഡോക്ടറായ ഗീത വര വ്യക്തമാക്കുന്നു.
“രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള നട്സുകളിൽ ഒന്നാണ് ബദാം. ഇവയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. എന്നാൽ ഇവ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്, കാരണം ബദാമിന്റെ ചർമ്മത്തിൽ ടാന്നിൻ, ഫൈറ്റിക് ആസിഡ് പോലുള്ള ആന്റി-ന്യൂട്രിയന്റുകളാണുള്ളത്. ഇവ പോഷകങ്ങളുടെ ആഗിരണത്തെ തടയും. അതിനാൽ അവ രാത്രി മുഴുവൻ കുതിർത്തതിനുശേഷം തൊലി നീക്കം ചെയ്ത് കഴിക്കുന്നതാണ് നല്ലത്. കുതിർത്ത ബദാമിന് മൃദുവായ ഘടനയാണുള്ളത്, ഇവ ദഹിക്കാൻ എളുപ്പമാണ്, ” ഡോ. ഗീത വര പറയുന്നു.
പീച്ച്, ആപ്രിക്കോട്ട് കുടുംബാംഗം തന്നെയാണ് ബദാമും. “ഏറ്റവും പോഷകസമൃദ്ധമായ നട്‌സുകളിൽ ഒന്നാണ് ബദാം. എൽഡിഎൽ കൊളസ്ട്രോൾ (‘മോശം’ കൊളസ്ട്രോൾ) കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം ഒരു പ്രോട്ടീൻ സ്രോതസ്സാണ്, ഇത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും, ” അവർ കൂട്ടിച്ചേർത്തു.
പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ -3, ഒമേഗ -6, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ബദാം.
തലച്ചോറിനും ഞരമ്പിനും ഒരു ടോണിക്ക് ആയി ഇവ പ്രവർത്തിക്കും. ഓർമശക്തി വർധിപ്പിക്കാനും സഹായകരമാണ്. “ എല്ലാ ശരീര കോശങ്ങളെയും പിന്തുണയ്ക്കുകയും പേശികളുടെ ബലഹീനതയില്ലാതാക്കി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. മനുഷ്യരുടെ ലൈംഗികശേഷിയേയും ഇവ പിന്തുണയ്ക്കും. വാത ദോഷത്തെയും ബദാം ശമിപ്പിക്കും. ആർത്തവം സമയത്ത് കനത്ത രക്തസ്രാവം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അകറ്റാനും ബദാം സഹായകരമാണ്.”
ബദാം രാത്രി കുതിർച്ചുവച്ച് പിറ്റേന്ന് കഴിക്കുന്നതാണ് അഭികാമ്യം. എല്ലാ ദിവസവും രാവിലെ 5-10 ബദാം വരെ കഴിക്കുന്നത് ആരോഗ്യകരമാണ്. പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി രാവിലെ ബദാം കഴിക്കുന്നത് വളരെ ആരോഗ്യകരമാണെന്ന് ഡോ. ഗീത പറഞ്ഞു.