scorecardresearch
Latest News

വാൽനട്ട് കഴിക്കുന്നതിനുള്ള മികച്ച സമയം? എത്ര എണ്ണം കഴിക്കണം

വാൽനട്ട് ചർമ്മത്തിന് മികച്ചതാണ്, ദിവസവും കഴിച്ചാൽ ചർമ്മത്തിന് തിളക്കം വർധിക്കും

വാൽനട്ട് കഴിക്കുന്നതിനുള്ള മികച്ച സമയം? എത്ര എണ്ണം കഴിക്കണം

വാൽനട്ടിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കേക്കിലോ സാലഡിലോ പ്രഭാതഭക്ഷണത്തിലോ തുടങ്ങി പല വിധത്തിൽ അവ ആഹാരത്തിൽ ഉൾപ്പെടുത്താം. മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയായ വാൽനട്ട് മെമ്മറി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഒരുപിടി വാൽനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർധിപ്പിക്കാനും, മണിക്കൂറുകളോളം സംതൃപ്തി നൽകാനും, ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഉത്തമമായ ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് വാൽനട്ട് മികച്ച ലഘുഭക്ഷണമാണ്, കാരണം, അവയിൽ ആവശ്യമായ പ്രോട്ടീനും നാരുകളും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.

വാൽനട്ട് ചർമ്മത്തിന് മികച്ചതാണെന്നും, ദിവസവും കഴിച്ചാൽ ചർമ്മത്തിന് തിളക്കം വർധിക്കുമെന്നും മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.ജിനാൽ പട്ടേൽ പറഞ്ഞു. ”വാൽനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 5, ടാനും കറുത്ത പാടുകളും മാറ്റി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. ചർമ്മത്തിലെ കേടുപാടുകൾ പരിഹരിച്ച് ആരോഗ്യകരവും മൃദുവായതുമായ ചർമ്മം നൽകാൻ വിറ്റാൻ ഇ സഹായിക്കും,” ഡോ.പട്ടേൽ പറഞ്ഞു.

വാൽനട്ട് കുതിർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ

ദഹനക്ഷമത മെച്ചപ്പെടുത്താനും ഫൈറ്റിക് ആസിഡും ടാനിനും നീക്കം ചെയ്യാനും വാൽനട്ട് കുതിർക്കുന്നത് സഹായിക്കും. മാത്രമല്ല, ദഹനക്കേട് തടയാനും സഹായിക്കും. ഇത് പോളിഫെനോൾ കുറയ്ക്കുകയും പോഷക ലഭ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

എത്ര വാൽനട്ട് കഴിക്കണം, അനുയോജ്യമായ സമയം

ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത 2-4 വാൽനട്ട് കഴിക്കാം. കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് പാലിനൊപ്പം കഴിക്കുന്നതാണ് നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Soaked walnut wonderful benefits and right time to eat from experts