കുതിർത്ത ബദാം, വാൽനട്ട്, ഉണക്കമുന്തിരി പോലുള്ളവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു പിടി നട്സ് കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. മുന്തിരി അല്ലെങ്കിൽ ഉണക്ക മുന്തിരി ദഹനത്തെ സഹായിക്കുക, ഇരുമ്പിന്റെ അളവ് വർധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു.
കുതിർത്ത ഉണക്കമുന്തിരി ‘സൂപ്പർഫുഡ്’ ആണെന്നും മുന്തിരിയേക്കാൾ വലിയ പോഷകമൂല്യമുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭുവൻ റസ്തോഗി പറഞ്ഞു. ”ഉണക്കമുന്തിരി ആരോഗ്യകരവും ആപ്രിക്കോട്ട്, പ്ലംസ് തുടങ്ങിയ മറ്റ് ഉണങ്ങിയ പഴങ്ങളേക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതുമാണ്. “ഇവയിൽ മിതമായ അളവിൽ ഇരുമ്പും ഉയർന്ന പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, പോഷകങ്ങൾ നിറഞ്ഞതാണ്,” അദ്ദേഹം പറഞ്ഞു.
”ഉണക്കമുന്തിരിയിൽനിന്നും ജലാംശം നീക്കുന്നതിലൂടെ വലിയ പ്രയോജനമൊന്നുമില്ല. ഈ വിഷയത്തിൽ ശരിയായ ഗവേഷണം നടത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. കുതിർത്ത ഉണക്കമുന്തിരി അല്ലെങ്കിൽ ഉണക്കമുന്തിരിയെക്കുറിച്ചുള്ള എല്ലാ ലേഖനങ്ങളും അവയുടെ ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്, കുതിർത്ത് കഴിക്കുന്നതിന്റെ അധിക ഗുണത്തെക്കുറിച്ചല്ല,” അദ്ദേഹം പറഞ്ഞു.
മുന്തിരിയെക്കാൾ ഗുണം കുറഞ്ഞതാണ് ഉണക്ക മുന്തിരി. അവ ഉണക്കുമ്പോൾ മുന്തിരിയിൽനിന്നും വിറ്റാമിനുകൾ നഷ്ടപ്പെടുന്നുവെന്ന് റസ്തോഗി അഭിപ്രായപ്പെട്ടു. “മുന്തിരിയിൽ ഉണക്ക മുന്തിരിയെക്കാൾ 15 മടങ്ങ് കൂടുതൽ വിറ്റാമിൻ കെ, ആറ് മടങ്ങ് കൂടുതൽ വിറ്റാമിൻ ഇ, സി, കൂടാതെ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ ബി1, ബി2 എന്നിവയുണ്ട്,” ഉണക്കമുന്തിരിയുടെയും മുന്തിരിയുടെയും യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ) പോഷകാഹാര ഡാറ്റാബേസ് താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
”മുന്തിരിക്കുപകരം ഉണക്ക മുന്തിരി കഴിക്കുന്നതിൽ അർത്ഥമില്ല. മുന്തിരി ലഭ്യമല്ലാത്തപ്പോൾ ഉണക്കമുന്തിരി കഴിക്കുക. മുന്തിരിയുടെ സീസൺ സമയത്ത് എപ്പോഴും അവ കഴിക്കുക. ഉണക്കമുന്തിരിയെ സൂപ്പർഫുഡായി കണക്കാക്കരുത്, മറിച്ച് മറ്റൊരു ഡ്രൈ ഫ്രൂട്ട് മാത്രമായി കാണുക, ഫ്രഷ് മുന്തിരി ലഭ്യമല്ലാത്തപ്പോൾ അവ കഴിക്കുക, ”അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പഴങ്ങൾ ബ്ലഡ് ഷുഗർ കൂട്ടുമോ? അറിയാം