/indian-express-malayalam/media/media_files/ivGm7U82u0YJbNbgm9Rm.jpg)
ലഹരി ഉപേക്ഷിക്കാൻ വിളിക്കു 'വിമുക്തി' ടോൾ ഫ്രീ നംമ്പർ : 14405 അല്ലെങ്കിൽ 9061178000 (Representational Image)
കഞ്ചാവിന്റെയും മറ്റു രാസ ലഹരികളുടെയും ഉപയോഗം ദിനംപ്രതി വർദ്ധിച്ചു വരുന്ന സംസ്ഥനമാണ് കേരളം. ഒരോ വർഷവും പോലീസും എക്സൈസും കണ്ടെത്തുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ, നമ്മുടെ തലമുറയെ ബാധിക്കുന്ന അപകടമായ ഈ വിപത്തിന്റെ ഭീകരതയെ തുറന്ന് കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ യുവ തലമുറക്ക് സുലഭമായി ലഭിക്കുന്ന കഞ്ചാവിന്റെ ദൂഷ്യവശങ്ങളെ പറ്റിയുള്ള പഠനങ്ങൾ പുറത്തു വരുന്നത്.
മയക്കുമരുന്ന് ഉപയോഗിക്കാത്ത വ്യക്തികളെ അപേക്ഷിച്ച് ദിവസവും കഞ്ചാവോ സമാന ലഹരികളൊ ഉപയോഗിക്കുന്ന ആളുകൾക്ക് 'കൊറോണറി ആർട്ടറി ഡിസീസ്' (സിഎഡി) ഉണ്ടാകാനുള്ള സാധ്യത മൂന്നിലൊന്ന് കൂടുതലാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക യോഗത്തിലാണ് പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.
ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന, ഹൃദ്രോഗത്തിന്റെ ഏറ്റവും സാധാരണമായ രൂപമാണ് സിഎഡി. കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നതിനാൽ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ ചുരുങ്ങുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
നെഞ്ചുവേദന, ശ്വാസതടസ്സം, കഠിനമായ ക്ഷീണം എന്നിവ സിഎഡി യുടെ ചില സാധാരണ ലക്ഷണങ്ങളാണ്. റിപ്പോർട്ടു പ്രകാരം, ശരിയായ സമയത്ത് ചികിത്സിക്കാത്ത സിഎഡി പലപ്പോഴും ഹൃദയാഘാതത്തിനും സ്റ്റ്ട്രോക്കിനും ഇടയാക്കും.
യുഎസിലെ, ഒരു ദശലക്ഷത്തിലധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന 'ഓൾ ഓഫ് അസ് റിസർച്ച് പ്രോഗ്രാമിന്റെ' ഭാഗമായ ആളുകളെയാണ് പഠനത്തിൽ ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്. ദിവസവും മരിജുവാന (കഞ്ചാവ്) ഉപയോഗിക്കുന്നവരിൽ കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള സാധ്യത 34 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.
കൊറോണറി ആർട്ടറി ഡിസീസ്
"കഞ്ചാവ് ഉപയോഗം കൊറോണറി ആർട്ടറി ഡിസീസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. കൂടുതൽ തവണ കഞ്ചാവ് ഉപയോഗിക്കുന്നത് സിഎഡിയുടെ ഉയർന്ന അപകടസാധ്യതക്ക് കാരണമാകുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്ത്, ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ ദോഷങ്ങളെക്കുറിച്ചു കഞ്ചാവ് ഉപയോഗിക്കുന്നവർ മനസിലാക്കണം," സ്റ്റാൻഫോർഡ് സർവകലാശാലയിലെ റസിഡന്റ് ഫിസിഷ്യൻ, പഠനത്തിന് നേതൃത്വം നൽകിയ ഇഷാൻ പരഞ്ജ്‌പെ പറഞ്ഞു.
കഞ്ചാവ് ഉപയോഗത്തിലെ പ്രശ്നങ്ങളും കൊറോണറി ആർട്ടറി ഡിസീസിന്റെ അപകടസാധ്യതയും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ ഗവേഷകർ മെൻഡലിയൻ റാൻഡമൈസേഷൻ (എംആർ) ഉപയോഗിച്ചിരുന്നുവെന്ന്, പ്രസ്താവനയിൽ പറയുന്നു.
2020-ൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, കഞ്ചാവ് ഉൾപ്പെടെയുള്ള പദാർത്ഥങ്ങൾ പുകവലിയിലൂടെയോ അല്ലാതയോ ശരീരത്തലെത്തുന്നത് ഹൃദയത്തെയും ശ്വാസകോശങ്ങളെയും രക്തക്കുഴലുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലടക്കം നിരവധി രാജ്യങ്ങളിൽ നിലവിൽ കഞ്ചാവ് ഉപയോഗം നിയമവിധേയം ആക്കിയിട്ടുണ്ട്. പുതിയ പഠനങ്ങളുടെ സാഹചര്യത്തിൽ കഞ്ചാവ് ഭാവിയിൽ സൃഷ്‌ടിക്കാൻ പോകുന്ന വിനാശം കണ്ടറിയണം.
ലഹരിയുടെ ചതിക്കുഴിയിൽ നിന്ന് കരകയറാൻ കേരള സർക്കാർ സംരംഭമായ 'വിമുക്തി' യുടെ ടോൾ ഫ്രീ നംമ്പറായ: 14405 അല്ലെങ്കിൽ 9061178000 എന്ന നമ്പറുകളിൽ വിളിക്കു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us