പുകവലി ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണെന്നും കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന വസ്തുതയാണ്. എന്നിരുന്നാലും, ഈ ശീലം നട്ടെല്ലിനും ദോഷം വരുത്തുമെന്ന് നിങ്ങൾക്കറിയാമോ?
അന്നൽസ് ഓഫ് ദി റുമാറ്റിക് ഡിസീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലി നടുവേദനയുടെ സാധ്യത 30 ശതമാനം വർധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. പുകവലി മറ്റു ശരീര വേദനകൾക്കും കാരണമാകുന്നതായി പഠനത്തിൽ പറയുന്നു.
പുകവലിയും നട്ടെല്ലിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം
പുകവലി പൊതുവെ, രക്തചംക്രമണം മന്ദഗതിയിലാക്കുന്നതിലൂടെയും പോഷകങ്ങളുടെ ഒഴുക്ക് കുറയ്ക്കുന്നതിലൂടെയും ടിഷ്യുവിനെ നശിപ്പിക്കുന്നതായി, ജസ്‌ലോക് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ എൻഡോസ്കോപ്പിക് സ്പൈൻ സർജൻ കൺസൾട്ടന്റ് ഡോ. മനീഷ് കോത്താരി പറയുന്നു.
“ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നതിനു പുറമേ, നിക്കോട്ടിൻ രക്തക്കുഴലുകളുടെ വലുപ്പം കുറയ്ക്കാനും ശരീരത്തിന്റെ പൊരുത്തപ്പെടുത്താനുള്ള കഴിവ് മാറ്റാനും സാധിക്കും. ഇത് ഡിസ്കുകൾക്കും ഘടനാപരമായ ലിഗമെന്റുകൾക്കും പുറകിലെ പേശികൾക്കും കേടുവരുത്തും,” ഡോ. മനീഷ് പറഞ്ഞു.
നട്ടെല്ലിന്റെ കുഷ്യനായി പ്രവർത്തിക്കുകയും വഴക്കം നൽകുകയും ചെയ്യുന്ന ഇന്റർവെർടെബ്രൽ ഡിസ്‌കുകളെ പുകവലി സ്വാധീനിക്കുകയും അതുവഴി ഇത് ഡിസ്കിന്റെ തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നതായി ഡോ. മനീഷ് പറഞ്ഞു. “അസ്ഥി നട്ടെല്ല് ഡിസ്കുമായി ചേരുന്നിടത്ത് പോഷക വിനിമയത്തിന്റെ അഭാവത്തിന് ഇത് കാരണമാകുന്നു. ഡിസ്‌കിന് പുനരുജ്ജീവനശേഷി കുറവാണ്. പുകവലി പോഷകങ്ങളെ ലഭ്യമാക്കാത്തതോടെ അതിന്റെ തകർച്ച പൂർണമാകുന്നു, ഡോ.മനീഷ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
“പുകവലിക്ക് സ്ലിപ്പ് ഡിസ്‌കുമായോ ഡിസ്‌ക് നശിക്കുന്നതുമായും ബന്ധമുണ്ട്. പുകവലിക്കുന്നയാളുടെ ഡിസ്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച്, വേഗത്തിൽ നശിക്കുകയും സ്ലിപ്പ് ഡിസ്ക് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് പറയുന്നത് ഫ്യൂഷൻ സർജറി എന്നാണ്. ഇതിൽ ഒരു അസ്ഥിയെ മറ്റൊന്നുമായി സംയോജിപ്പിക്കുന്നു. എന്നാൽ പുകവലിക്കുന്ന വ്യക്തിയിൽ ഈ ശസ്ത്രക്രിയ പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. അതിനാൽ, ശസ്ത്രക്രിയ്ക്ക് ആറു മാസം മുൻപ് പുകവലി നിർത്തേണ്ടത് അത്യാവശ്യമാണ്,” ന്യൂ ഡൽഹിയിലെ ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറി സെന്ററിലെ സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും യൂണിറ്റ് ഹെഡുമായ ഡോ. ഗുരുരാജ് സംഗോണ്ടിമഠ് പറഞ്ഞു.
ഡിസ്കുകൾക്ക് പുറമേ, അസ്ഥികളും ചോക്ക് പോലെ ദുർബലമാകുന്നു. ഈ അവസ്ഥയെ ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ അസ്ഥി ദുർബലപ്പെടുന്ന അവസ്ഥ എന്നും വിളിക്കുന്നു. പുകവലിക്കാരുടെ എല്ലുകളിലെ കൊളാജനും ധാതുക്കളും പെട്ടെന്ന് നഷ്ടപ്പെടുകയും, ഇത് എല്ലുകൾ പെട്ടെന്ന് ജീർണിക്കുന്നതിനും പെട്ടെന്ന് ഒടിവുകൾ സംഭവിക്കുന്നതിനും കാരണമാകുന്നു, ”ഡോ. മനീഷ് പറഞ്ഞു.
നട്ടെല്ലിന്റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?
നടത്തം, ജോഗിങ്, നീന്തൽ തുടങ്ങിയ സ്‌ട്രെച്ചിങ്, കോർ സ്ട്രെങ്‌റ്റിങ് പോലുള്ള പതിവ് വ്യായാമങ്ങൾ ചെയ്യുക എന്നതാണ് പ്രധാന കാര്യമെന്ന് ഡോ. ഗുരുരാജ് പറഞ്ഞു. “നമ്മൾ ഇരിക്കുന്നതും നിൽക്കുന്നതും നടക്കുന്നതും ഉറങ്ങുന്നതുമായ രീതികളും ശ്രദ്ധിക്കണം. ബാക്ക്‌റെസ്റ്റിന്റെ പിന്തുണയോടെ എപ്പോഴും നേരെ ഇരിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ ഒരിടത്ത് തുടർച്ചയായി ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. കൂടാതെ, തറയിൽനിന്ന് ഏതെങ്കിലും ഭാരം ഉയർത്തുമ്പോഴും ശ്രദ്ധിക്കണം,” ഡോ.ഗുരുരാജ് നിർദ്ദേശിച്ചു.
പുകവലി ഉപേക്ഷിക്കുന്നത് നടുവേദനയെ പെട്ടെന്ന് കുറയ്ക്കില്ല. പക്ഷേ പതിയെ അവസ്ഥയിൽ മാറ്റം ഉണ്ടാകാം. എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്, ഡോ.ഗുരുരാജ് പറയുന്നു.