വാർദ്ധക്യത്തെ ആർക്കും തടുക്കാനാവില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്. എന്നിരുന്നാലും, എന്നാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ വാർദ്ധക്യത്തിന്റെതായ ലക്ഷണങ്ങളെ വൈകിപ്പിക്കാനാവും. ചില ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിലനിർത്തുന്നതിനൊപ്പം വാർദ്ധക്യത്തെ തടയാൻ സഹായിക്കുന്ന പോഷകങ്ങൾ പ്രദാനം ചെയ്ത് ദീർഘകാലം ചെറുപ്പം നിലനിർത്താനും സഹായിക്കും.
“പ്രായമാവുന്നതിനു അനുസരിച്ച് ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രവർത്തനങ്ങളിൽ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് സ്വാഭാവികമാണ്. കാൻസർ, മസ്തിഷ്ക ശോഷണം, ഹൃദ്രോഗം, പ്രതിരോധശേഷി കുറയൽ, കാഴ്ചക്കുറവ്, ചർമ്മത്തിലെ ചുളിവുകൾ എന്നിവയൊക്കെ കാണപ്പെടും. ഭക്ഷണത്തിൽ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് വഴി പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും സ്തംഭിപ്പിക്കാനും സാധിക്കും. ഇതിനർത്ഥം നിങ്ങൾ എന്നേക്കും യുവത്വത്തോടെ ജീവിക്കുമെന്നല്ല, ആരോഗ്യം നിലനിർത്താനും പ്രായമാവുന്നതിൽ കാലതാമസം വരുത്താനും പ്രായവുമായി ബന്ധപ്പെട്ടുണ്ടാവുന്ന മിക്ക പ്രശ്നങ്ങളും ഏറെനാളത്തേക്ക് ഒഴിവാക്കാനും സഹായിക്കുമെന്നാണ്,” പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
നമ്മുടെ ഭക്ഷണശീലങ്ങൾ ചർമ്മത്തിന്റെ രൂപത്തെ തീർച്ചയായും സ്വാധീനിക്കുമെന്നാണ് ജിവിഷ ക്ലിനിക്കിലെ കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ അകൃതി ഗുപ്തയും പറയുന്നത്. “നിങ്ങൾ വറുത്തതോ ജങ്ക് ഫുഡുകളോ അമിതമായി കഴിക്കുമ്പോൾ, അത് നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരുവും മറ്റു ചർമ്മപ്രശ്നങ്ങളുമൊക്കെയായി പ്രകടമാകും. അതേസമയം ആന്റിഓക്‌സിഡന്റുകൾ, വെള്ളം, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിറവും നൽകും.”
വാർദ്ധക്യത്തെ പ്രതിരോധിക്കുന്നതും ആരോഗ്യം നിലനിർത്താനും നിരവധി രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി. “ചില പഴങ്ങൾക്കും പച്ചക്കറികൾക്കും ആയുസ്സ് വർദ്ധിപ്പിക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്ന അത്ഭുതകരമായ ശക്തികൾ ഉണ്ടെന്ന് പറയപ്പെടുന്നു.”
കാബേജ്
ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണിത്. കാബേജ് പച്ചയ്ക്കോ അധികം വേവിക്കാതെയോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായി വേവിക്കുന്നത് ഇതിലെ പോഷകഗുണം നഷ്ടപ്പെടുത്തും.
കാരറ്റ്
ബീറ്റാ കരോട്ടിൻ, ഓറഞ്ച് പിഗ്മെന്റുകൾ എന്നിവ അടങ്ങിയ ക്യാരറ്റ് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതുവഴി കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ, പുകവലിക്കാർക്കിടയിൽ പോലും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ ക്യാരറ്റിനു സാധിക്കും.
മുന്തിരി
റെസ്‌വെറാട്രോൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ മുന്തിരിയ്ക്ക് വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങൾ പ്രദാനം ചെയ്യാനാവും. ഒപ്പം ചർമ്മകോശങ്ങൾ നശിക്കുന്നത് തടയുകയും ചെയ്യും. ദിവസവും ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കഴിക്കുന്നത് ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നു.
ഓറഞ്ച്
ക്യാൻസറിനെതിരെ പോരാടാനും കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്.
ഉള്ളി
ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ഉള്ളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു
ചീര
വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ചീര നിങ്ങളുടെ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം, ശ്വാസകോശ അർബുദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ജലാംശം കൂടുതലുള്ളതിനാൽ ചുളിവുകളും തിമിരവും വരാതിരിക്കാനും ഇത് സഹായിക്കും.
തക്കാളി
ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്റെ സാന്നിധ്യം കാരണം, അന്നനാളം, ആമാശയം, വൻകുടൽ എന്നിവയിലെ ക്യാൻസറിനെ തടയാൻ തക്കാളിയ്ക്ക് കഴിവുണ്ട്. തക്കാളി വേവിച്ചാലും ലൈക്കോപീൻ നഷ്ടമാവില്ല എന്നതാണ് സന്തോഷകരമായ വാർത്ത. അതിനാൽ ജ്യൂസ്, സോസ്, ഗ്രേവി എന്നിങ്ങനെ ഏതു രൂപത്തിൽ തക്കാളി കഴിച്ചാലും അത് നിങ്ങളുടെ യുവത്വത്തെ സംരക്ഷിക്കുന്നു. തക്കാളി തൊലിയ്ക്ക് മനുഷ്യചർമ്മത്തിൽ ആന്റി ഇൻഫ്ളമേറ്ററി സ്വാധീനം ഉണ്ടാക്കാൻ കഴിയും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രായമാകൽ മന്ദഗതിയിലാക്കുകയും ചെയ്യും.
പ്രായമാകുന്നത് വൈകിപ്പിക്കാനുള്ള ഏഴ് പ്രായോഗിക വഴികളും ഡോ അകൃതി ഗുപ്ത നിർദ്ദേശിക്കുന്നു.
- ചർമ്മസംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് CTM (ക്ലീൻസർ-ടോണർ-മോയിസ്ചറൈസർ).ഇതൊരിക്കലും മറക്കാതിരിക്കുക.
- എപ്പോഴും സൺസ്‌ക്രീൻ പുരട്ടി മാത്രം പുറത്തിറങ്ങുക; ഇതൊരിക്കലും ഒഴിവാക്കരുത്.
- നീല രശ്മികൾ നിങ്ങളുടെ ചർമ്മത്തെ നേരിട്ട് ബാധിക്കുന്നതിനാൽ സ്ക്രീൻ സമയം പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ.
- സമ്മർദ്ദം കുറയ്ക്കുക. അമിതമായ ടെൻഷനും സമ്മർദ്ദവുമൊക്കെ നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു, ചുളിവുകൾ എന്നീ രൂപത്തിൽ പ്രത്യക്ഷപ്പെടാം.
- ആവശ്യത്തിന് ഉറങ്ങുക
- ശരീരത്തിൽ ജലാംശം നിലനിർത്തുക
- ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക