/indian-express-malayalam/media/media_files/uploads/2023/09/5.jpg)
ഉറക്കക്കുറവ് ഏകാഗ്രതയും ശ്രദ്ധിക്കാനുള്ള ശേഷിയും കുറയ്ക്കും
രാത്രി ഏറെ വൈകിയും ഫോണിൽ നോക്കിയിരിക്കുന്ന ആളാണോ നിങ്ങൾ? ഈ ശീലം നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നിങ്ങൾ മനസിലാക്കിയിട്ടുണ്ടോ? ഉറക്കക്കുറവ് മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നതിന് തെളിവ് പുറത്ത് വിട്ടിരിക്കുകയാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി. ജേണൽ ഓഫ് പ്രോട്ടിയോം റിസർച്ച് എന്ന ലേഖനത്തിലാണ് ഉറക്കക്കുറവിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
വ്യക്തികൾക്കിടയിൽ ഉറക്കം കുറയുന്നതിനാൽ തലച്ചോറിലെ പ്രൊട്ടക്ടീവ് പ്രോട്ടീനിന്റെ അളവ് കുറയാൻ കാരണമാകുന്നുണ്ടെന്നും ഇത് ന്യൂറോണൽ ഡെത്ത് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഉറക്കം നഷ്ടപ്പെടുന്നത് ബ്രെയിനിലെ ഹിപ്പോകാമ്പസിൽ ന്യൂറോളജിക്കൽ ഡാമേജ് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് കാലക്രമേണ ഓർമക്കുറവിനും പഠനവൈകല്യത്തിനും കാരണമാകുമെന്നും ലേഖനം വിശദീകരിക്കുന്നു.
എലികളെ രണ്ട് ദിവസം ഉറങ്ങാൻ വിടാതെ നടത്തിയ പരീക്ഷണത്തിൽ അവയുടെ തലച്ചോറിലെ ഹിപ്പോകാമ്പി അളവിൽ കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഉറക്കം നഷ്ടപ്പെടാത്ത മറ്റ് എലികളെ അപേക്ഷിച്ച് ഇവയുടെ ബൌദ്ധികമായ പ്രവർത്തനങ്ങളെ ഉറക്കക്കുറവ് ദോഷകരമായി ബാധിച്ചെന്ന് ഗവേഷകർ കണ്ടെത്തി.
ഉറക്കക്കുറവ് തലച്ചോറിൽ ഹ്രസ്വവും ദീർഘവുമായ പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉറക്കക്കുറവ് ഏകാഗ്രതയും ശ്രദ്ധിക്കാനുള്ള ശേഷിയും കുറയ്ക്കുന്നുണ്ട്. ഓർമ്മകൾ ബ്രെയിനിൽ സൂക്ഷിക്കപ്പെടുന്നത് ഒരാൾ ഗാഢനിദ്രയിലാകുമ്പോഴാണ്. അതിന് തടസ്സം നേരിട്ടാൽ ഓർമ്മകൾ ശേഖരിച്ച് വെക്കുന്നതിനും തിരികെ ഓർത്തെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നു. അത് മാത്രമല്ല ആ വ്യക്തിയുടെ വൈകാരികമായ നിയന്ത്രണം നഷ്ടപ്പെടുന്നതിനും ഉറച്ച തീരുമാനമെടുക്കുന്നതിനും തടസം സൃഷ്ടിക്കുന്നു.
രാത്രി വാഹനാപകടം സംഭവിക്കുന്നതിന് കാരണമാകും
രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ സംഭവിക്കുന്നതിന് പിന്നിലെ മനശാസ്ത്രം ഇത്തരത്തിൽ അതിവേഗം തീരുമാനമെടുക്കാൻ കഴിയാതെ വരുന്നത് കൊണ്ടാണെന്നും ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. എൻ ശോഭ പറയുന്നു.
നല്ല ഉറക്കം ഓർമ്മകളെ ശേഖരിച്ച് വെക്കുന്നതിനും തിരികെ ഓർത്തെടുക്കുന്നതിനും സഹായിക്കുമെന്ന് ഫരീദാബാദ് ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം ഡയറക്ടറായ ഡോ. കുനാൽ ബഹ്റാനി പറയുന്നു. "ഉറക്കക്കുറവ് നിങ്ങളെ നിരാശരാക്കി മാറ്റും. ഇത് ക്രമേണ ഉത്കണ്ഠ വർധിക്കാനും പതിയെ വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. വൈകാരിക തലങ്ങളെ നിയന്ത്രിക്കുന്നതിൽ ഉറക്കം പ്രധാനമാണ്" ഡോ. കുനാൽ പറഞ്ഞു.
ഹൃദ്രോഗവും സ്ട്രോക്കും വന്നേക്കാം
ഡോ. ശോഭയും ഈ നിരീക്ഷണങ്ങളെ ശരിവെക്കുന്നുണ്ട്. "ഉറക്കക്കുറവ് ക്രമേണ ഉത്കണ്ഠ വർധിക്കാനും പതിയെ വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്യാം. മൈഗ്രേൻ, എപ്പിലെപ്സി പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾക്ക് കാരണമാകും. ദീർഘനാളത്തെ ഉറക്കക്കുറവ് മറ്റു ശാരീരിക പ്രശ്നങ്ങൾക്കും വഴിതെളിക്കും. ഇത്തരക്കാരിൽ ക്രോണിക് ഇൻഫ്ലമേറ്ററി ന്യൂറോളജിക് രോഗാവസ്ഥകളും പ്രത്യക്ഷപ്പെടും. രക്തസമ്മർദ്ദം, പ്രമേഹം (diabetes mellitus), ഡൈസ്ലിപ്പിഡിമിയ എന്നിവയാണ് വരിക. ഈ രോഗങ്ങൾ കാലക്രമേണ ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും കാരണമാകും" ഡോ. ശോഭ കൂട്ടിച്ചേർത്തു.
നന്നായി ഉറങ്ങിയാലുള്ള ഗുണം
ഗാഢനിദ്രയിലാകുമ്പോഴാണ് നമ്മുടെ ബ്രെയിൻ പ്രവർത്തനങ്ങൾ മികച്ച തോതിൽ നടക്കുന്നത്. പകൽസമയം തലച്ചോറിൽ അടിഞ്ഞുകൂടുന്ന ആവശ്യമില്ലാത്ത മലിനമായ വസ്തുക്കളെയും ഹാനികാരികളായ പ്രോട്ടീനുകളെയും ഈ സമയത്താണ് ബ്രെയിൻ പുറന്തള്ളുന്നതെന്ന് ഡോ. വിനീത് ബംഗ പറയുന്നു. "ഉറക്കം നഷ്ടപ്പെട്ടാൽ ഈ പ്രവർത്തനങ്ങൾ നടക്കാതെ വരും. ഇത് ന്യൂറോ ഡീജനറേറ്റീവ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഓർമ്മക്കുറവ് വില്ലനാകും
ന്യൂറോ ഡീജനറേറ്റീവ് അവസ്ഥ ഡിമെൻഷ്യ, പാർക്കിൻസൺസ് ഡിസീസ് തുടങ്ങിയ ഓർമ്മക്കുറവ് സംഭവിക്കുന്ന രോഗങ്ങൾക്ക് കാരണമാകാം. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ നിസാരമെന്ന് കരുതുന്ന ഉറക്കക്കുറവ് നമ്മുടെ തലച്ചോറിലെ ന്യൂറോണൽ പ്ലാസ്റ്റിസിറ്റിയെ പ്രതികൂലമായി ബാധിക്കുകയും പലതരം ന്യൂറോളജിക്, ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതോടൊപ്പം, ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ആലോചിക്കാതെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്," ഡോ. വിനീത് പറഞ്ഞു.
വൈദ്യസഹായം തേടാൻ മടിക്കല്ലേ
"ഉറക്കക്കുറവ് നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുകയാണ് വേണ്ടത്. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനായി പലതരത്തിലുള്ള അത്യാധുനിക ചികിത്സാരീതികൾ നിലവിലുണ്ട്. ഉറക്കത്തിന് ടൈം ഷെഡ്യൂൾ ഒരുക്കുന്നതും, മുറിയിൽ ശാന്തമായി ഉറങ്ങാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതും, മദ്യവും കാപ്പിയും ഒഴിവാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കാറുണ്ട്," ന്യൂറോ ഫിസീഷ്യനായ ഡോ. ഭക്തി ഗജ്ജാർ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.