scorecardresearch

ഉറക്കവും ശരീരഭാരം കുറയലും തമ്മിൽ ബന്ധമുണ്ടോ?

വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയിട്ടും ശരീരഭാരം കുറയുന്നില്ലേ? എങ്കിൽ ഉറക്കമാവും നിങ്ങളുടെ കഥയിലെ വില്ലൻ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

sleep, ie malayalam

വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണെങ്കിലും അതിനൊപ്പം തന്നെ, ഈ പ്രക്രിയയിൽ ഉറക്കത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും രാത്രി 7-8 മണിക്കൂർ സുഖകരമായ ഉറക്കം അത്യന്താപേക്ഷികമാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ ശരീരഭാരം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുവെങ്കിൽ ഉറക്കകാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് ആളുകളുടെ ശരീരഭാരം വർധിക്കാനും, വിഷാദം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡയറ്റീഷ്യൻ ന്യൂട്രീഷനിസ്റ്റും ഫിസിയോതെറാപ്പിസ്റ്റുമായ ഡോക്ടർ അർച്ചന ബത്ര പറയുന്നു.

“ഉറക്കമില്ലായ്മയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിലെ വ്യതിയാനങ്ങളും തമ്മിൽ ബന്ധമുണ്ട്. രാത്രിയിൽ 4 അല്ലെങ്കിൽ 5 മണിക്കൂർ ഉറങ്ങുന്നത് മുതിർന്നവരിൽ വിശപ്പ് വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയ കലോറി ഭക്ഷണങ്ങൾ കഴിക്കാനുള്ള താൽപ്പര്യം വർധിക്കും.

വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ രാസവസ്തുക്കളെ ഉറക്കത്തിന്റെ ദൈർഘ്യം സ്വാധീനിക്കുന്നു. മറ്റൊരു പ്രശ്നം, ഉറക്കക്കുറവ് ക്ഷീണം ഉണ്ടാക്കുന്നു എന്നതാണ്, ഇത് ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിലേക്ക് നയിക്കും,” ഡോ. അർച്ചന വിശദീകരിക്കുന്നു.

“വൈകി ഉണർന്നിരിക്കുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കാൻ കൂടുതൽ സമയമുണ്ട്, മാത്രമല്ല ആ അധിക സമയങ്ങളിൽ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഉറക്കകുറവ് മൂലം നിങ്ങൾ ക്ഷീണിതനാകുമ്പോൾ, ജിമ്മിൽ പോകാനോ നടക്കാനോ ഉള്ള സാധ്യത കുറവാണ്. വ്യായാമത്തിലൂടെ എരിയിച്ചു കളയേണ്ട കലോറിയെ കൂടിയാണ് ഉറക്കക്കുറവ് പരോക്ഷമായി ബാധിക്കുന്നത്,” അവർ കൂട്ടിച്ചേർക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിത്യേന 7 മുതൽ 8 മണിക്കൂർ ഉറക്കം ഉറപ്പുവരുത്തണം. അതിനു സഹായിക്കുന്ന ചില നുറുങ്ങുകൾ

ജൈവികഘടികാരത്തെ മനസ്സിലാക്കുക

നിങ്ങളുടെ തലച്ചോറിലെ അന്തർലീനമായ 24 മണിക്കൂർ ഘടികാരമാണ് സർക്കാഡിയൻ റിഥം എന്ന് പറയപ്പെടുന്നത്. ഒരു വ്യക്തി ഉറങ്ങുന്നതിനും ഉണരുന്നതിനും ഇടയിലാണ് ഈ ഘടികാരത്തിന്റെ സഞ്ചാരം. സ്ഥിരമായി ഒരു ദിനചര്യ പിൻതുടരുന്നത് വളരെ ഫലപ്രദമാണ്. ഉറക്കത്തിനൊരു ചിട്ട ഉണ്ടാക്കുക. എല്ലാ ദിവസവും രാത്രി ഒരേ സമയം ഉറങ്ങാനും ഉണരാനും ശീലിക്കുക. അതുവഴി നിങ്ങൾക്ക് 7-8 മണിക്കൂർ ഉറക്കം ഉറപ്പുവരുത്താനാവും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ടിവി, മൊബൈൽ, കമ്പ്യൂട്ടർ, ടിവി ഉൾപ്പെടെയുള്ള എല്ലാ സ്‌ക്രീനുകളും ഓഫ് ചെയ്യുക. പാട്ടു കേട്ട

മനസ്സിനിഷ്ടപ്പെട്ട നല്ല പാട്ടുകൾ കേട്ടു കൊണ്ട് കിടക്കുക, കിടക്കുന്നതിന് മുൻപ് ഒരു പുസ്തകം വായിക്കാൻ ശ്രമിക്കുക, ധ്യാനിക്കുക എന്നിവയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

ഉച്ചയ്ക്ക് ശേഷം കഫീൻ ഒഴിവാക്കുക

നിങ്ങൾ ക്ഷീണിതനാണെങ്കിൽ, ഉന്മേഷം ലഭിക്കാനായി പലപ്പോഴും കാപ്പി കുടിക്കാൻ തോന്നാം. നിങ്ങൾ കഴിക്കുന്ന കഫീന്റെ പകുതി ഇല്ലാതാക്കാൻ തന്നെ ശരീരം 6 മണിക്കൂർ എടുക്കും. അതിനാൽ, ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് ഒഴിവാക്കുക, പകരം ധാരാളം വെള്ളം കുടിക്കുക.

ചിട്ടയായ വ്യായാമം

പതിവ് വ്യായാമം നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും മാത്രമല്ല, നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ വ്യായാമം ചെയ്യാൻ ശ്രമിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വ്യായാമം ചെയ്തു കഴിഞ്ഞയുടനെ ഉറങ്ങാൻ പോവരുത്. കിടക്കാൻ പോവുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും വ്യായാമം ചെയ്യുന്നതാണ് അഭികാമ്യം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയർ വീർക്കൽ വളരെ പെട്ടെന്ന് കുറയ്ക്കാം, ഇതാ 5 സിംപിൾ വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Sleep and weight loss sleeping healthy living tips