വാർധക്യം അനിവാര്യമായ ഒന്നാണ്. എന്നാൽ, ക്രമരഹിതവും സമ്മർദം നിറഞ്ഞ ജീവിതശൈലിയും ചില പാരിസ്ഥിതിക ഘടകങ്ങളും കാരണം, അകാല വാർധക്യം കൂടുതൽ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ചാൽ ഈ പ്രക്രിയ മന്ദഗതിയിലാക്കാം. “സമ്മർദത്തിന്റെയും രാസവസ്തുക്കളുടെയും ലോകത്താണ് നമ്മൾ ജീവിക്കുന്നത്. രോഗങ്ങളും വാർധക്യവും മനുഷ്യ ജീവിതത്തിൽ അനിവാര്യമാണ് – നിങ്ങളുടെ ഭക്ഷണം വിവേകത്തോടെ തിരഞ്ഞെടുത്തില്ലെങ്കിൽ,” ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറഞ്ഞു.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കോശങ്ങളെ ചെറുപ്പവും ഊർജ്ജസ്വലവും രോഗവിമുക്തവും ആക്കി നിലനിർത്തുന്നുവെന്ന് അവർ പറഞ്ഞു. അകാല വാർധക്യം തടയുന്ന ഗുണങ്ങളുള്ള പഴങ്ങളെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
കാബേജ്
മറ്റ് ക്രൂസിഫറസ് പച്ചക്കറികൾ പോലെ, കാബേജിൽ ഇൻഡോൾ-3-കാർബിനോൾ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ ആധിപത്യം ശരിയാക്കാൻ സഹായിക്കുകയും ശക്തമായ ആന്റി-ഏജിങ് ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
കാരറ്റ്
കാരറ്റിൽ അകാല വാർധക്യം തടയുന്ന ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
മുന്തിരി
ശരീരത്തിലെ കോശങ്ങൾക്ക് ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഉള്ളി
ആന്റി ഇൻഫ്ലാമേറ്ററി ഏജന്റായ ക്വർസെറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പോലെ തന്നെ ഇവയ്ക്കും ശക്തമായ ആന്റി-ഏജിങ് ഗുണങ്ങളുണ്ട്.
തക്കാളി
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ഇവ. ശക്തമായ ആന്റി കാൻസർ, ആന്റി ഏജിങ് ഗുണങ്ങളുമുണ്ട്.
സ്പിനച്
ഇതിലെ ല്യൂട്ടിൻ ശക്തമായ ആന്റി-ഏജിങ് ഗുണങ്ങൾ ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഫോളിക് ആസിഡ് സ്പിനച്ചിൽ ധാരാളമുണ്ട്, ഇത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
വാർധക്യ പ്രക്രിയ വൈകുന്നതിന് എല്ലാ ഭക്ഷണത്തിനൊപ്പം പച്ചക്കറികൾ കഴിക്കേണ്ടത് പ്രധാനമാണ് അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തണ്ണിമത്തൻ കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഇതാണ്