മഴക്കാലം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അലർജി, മറ്റു രോഗങ്ങൾ എന്നിവ മഴക്കാലത്ത് സാധാരണമാണ്. അതിനാൽ തന്നെ മഴക്കാലത്ത് ആരോഗ്യത്തോടെ ഇരിക്കേണ്ടത് പ്രധാനമാണ്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയൊക്കെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. മഴക്കാലത്ത് ആരോഗ്യകരമായി തുടരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് മുലന്ദ് ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റ് മിനൽ ഷാ.
- പഴങ്ങൾ
സീസണൽ പഴങ്ങളായ പീച്ചസ്, പ്ലംസ്, ചെറി, ഞാവൽ പഴം, മാതളനാരങ്ങ എന്നിവയിൽ വിറ്റാമിൻ എ, സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വഴിയോര കച്ചവടക്കാരിൽ നിന്ന് മുറിച്ചുവച്ചിരിക്കുന്ന പഴങ്ങളും ജ്യൂസുകളും കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ജ്യൂസ് ഉണ്ടാക്കുക.
- സൂപ്പ്, മസാല ടീ, ഗ്രീൻ ടീ തുടങ്ങിയവ
സൂപ്പ്, മസാല ടീ, ഗ്രീൻ ടീ, പയർ മുതലായ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ രോഗപ്രതിരോധശേഷി നൽകുന്നതാണ്.
- പ്രോബയോട്ടിക്സ്
തൈര്, ബട്ടർ മിൽക്ക്, പച്ചക്കറികൾ കൊണ്ടുളള അച്ചാറുകൾ എന്നിവ പോലുള്ള പ്രോബയോട്ടിക്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഇവ സഹായിക്കുന്നു. മോശം ബാക്ടീരിയകളെയും രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെയും നേരിടാൻ സഹായിക്കുന്നു.
- പ്രോട്ടീൻ
ഭക്ഷണത്തിൽ ആരോഗ്യകരമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളിൽനിന്നും രക്ഷ നേടാനും സഹായിക്കും. പാൽ, പാൽ ഉൽപന്നങ്ങൾ, സോയ, മുട്ട, ചിക്കൻ എന്നിവ ആരോഗ്യകരമായ പ്രോട്ടീനുകളുടെ നല്ല ഉറവിടങ്ങളാണ്.
- ഇഞ്ചി, വെളുത്തുളളി
ഇഞ്ചി, വെളുത്തുള്ളി എന്നിവ ജലദോഷത്തെയും പനിയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്, ആന്റി ഓക്സിഡന്റ് ഇഫക്റ്റുകളുണ്ട്. തൊണ്ടവേദന കുറയ്ക്കാൻ ഇഞ്ചി കൊണ്ടുണ്ടാക്കിയ ചായ സഹായിക്കും. വെളുത്തുള്ളിക്ക് ആന്റിമൈക്രോബിയൽ / ആന്റിഫംഗൽ ഗുണങ്ങളുണ്ട്.
- മഞ്ഞൾ
മഞ്ഞളിൽ ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയൽ ഇഫക്റ്റുകളുള്ള കുർക്കുമിനുണ്ട്. ഇത് ഗ്യാസ്ട്രിക് അൾസർ തടയുന്നു, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ഒരു ടീസ്പൂൺ മഞ്ഞൾ പാലിലോ, തേൻ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം