/indian-express-malayalam/media/media_files/uploads/2021/06/water.jpg)
ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കുന്നില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജ്ജലീകരണം (ഡീ ഹൈഡ്രേഷൻ). പൊതുവെ ചൂടുകൂടുതലുള്ള വേനല്‍ക്കാലത്താണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. ഡീ ഹൈഡ്രേഷൻ കാരണം പലരും കുഴഞ്ഞുവീഴുന്നതൊക്കെ സാധാരണ കാഴ്ചയാണ്. ഡീ ഹൈഡ്രേഷൻ ഒഴിവാക്കി ദിവസം മുഴുവൻ ജലാംശം നിലനിർത്താനുള്ള ലളിതമായ വഴികളെ കുറിച്ച് സംസാരിക്കുകയാണ് കൊൽക്കത്തയിലെ അപ്പോളോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എംഡി ഡോ. മഞ്ജിത് കുമാർ.
"ജലം ജീവന്റെ അമൃതമാണ്. ശരീരത്തിന്റെ രക്തചംക്രമണം, ശരീര താപനില, ദഹനം, പോഷകങ്ങളുടെ കൈമാറ്റം, നിരവധി ജൈവ രാസപ്രവർത്തനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്ന ഒന്നായതിനാൽ മനുഷ്യർക്ക് അതിജീവിക്കാൻ വെള്ളം ആവശ്യമാണ്," ഡോ. മഞ്ജിത് കുമാർ പറയുന്നു.
തിരക്കേറിയ ജീവിതത്തിനിടെ പലപ്പോഴും വേണ്ടത്ര വെള്ളം കുടിക്കുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യാൻ പലർക്കും സാധിക്കാറില്ല. "ഒരാൾ നിർബന്ധമായും ഇത്ര ലിറ്റർ വെള്ളം കുടിച്ചിരിക്കണം എന്നു പറയാനാവില്ല. ഓരോരുത്തരും ദിവസേന കുടിക്കേണ്ട വെള്ളത്തിന്റെ അളവ് അവരുടെ പ്രായം, ശാരീരിക അവസ്ഥ, ആരോഗ്യസ്ഥിതി, മരുന്നുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു," എന്നാണ് ഡോ. മഞ്ജിത് കുമാർ പറയുന്നത്. ദിവസം മുഴുവൻ ജലാംശം നിലനിർത്താനുള്ള ഏതാനും ലളിതമായ വഴികളും ഡോക്ടർ നിർദ്ദേശിക്കുന്നു.
എപ്പോഴും, നിങ്ങൾ പോകുന്നിടത്തെല്ലാം ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. ഇതുവഴി, കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാവും. നിങ്ങളുടെ ദൈനംദിന ജല ഉപഭോഗത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും ഇത് സഹായകരമാണ്.
ഫോണിൽ ഒരു ഹൈഡ്രേഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. വെള്ളം കുടിക്കാൻ മറന്നുപോവുന്ന ആളുകൾക്ക് ഫോണിൽ ഒരു ഹൈഡ്രേഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ആപ്പ് നിങ്ങൾക്ക് അലേർട്ട് തരും.
/indian-express-malayalam/media/media_files/uploads/2020/03/juice.jpg)
പച്ചവെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ഇടയ്ക്ക് ഡിറ്റോക്സ് വാട്ടറും പരീക്ഷിച്ചുനോക്കാം. പഴങ്ങളും പച്ചക്കറികളുമെല്ലാം മുറിച്ചിട്ട് ഉന്മേഷദായകമായ പാനീയം തയ്യാറാക്കാം. നാരങ്ങ, കുക്കുമ്പർ, ഇഞ്ചി പോലുള്ളവയെല്ലാം ഡിറ്റോക്സ് വാട്ടർ ഉണ്ടാക്കാനായി ഉപയോഗിക്കാം.
അതുപോലെ തന്നെ, ഇടയ്ക്ക് ജ്യൂസുകൾ, സൂപ്പ്, സ്മൂത്തീസ് എന്നിവയും കുടിക്കാം. ഇവയും ശരീരത്തിലെ ജലാംശം നിലനർത്താൻ സഹായിക്കും. കാരറ്റ് ജ്യൂസ്, നാരങ്ങാവെള്ളം, ഇളനീർ, മറ്റു ജ്യൂസുകൾ എന്നിവയെല്ലാം ഇത്തരത്തിൽ പരീക്ഷിക്കാം.
/indian-express-malayalam/media/media_files/uploads/2021/03/fruit-juice.jpg)
നിങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും പകൽ മുഴുവൻ നിങ്ങൾക്ക് പലപ്പോഴും വിശപ്പ് അനുഭവപ്പെടാറുണ്ടോ? ഇതും നിർജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം. ശരീരത്തിന് വെള്ളം ആവശ്യപ്പെടുന്നുവെന്ന് അത് നിങ്ങളെ അറിയിക്കുകയാണ്. അതിനാൽ ഇടയ്ക്ക് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം തന്നെ ഓരോ ഗ്ലാസ്സ് വെള്ളവും കഴിക്കുന്നത് ശീലമാക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us