നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും മൊബൈൽ ഫോണിലാണ് എന്ന പറയുന്നതിൽ തെറ്റില്ല. പകൽ സമയത്ത് ഇത് വിവിധ സ്ക്രീനുകളിലേക്ക് വിഭജിച്ചു പോകുന്നു. മൊബൈലുകളും ലാപ്‌ടോപ്പുകളും മുതൽ ടെലിവിഷൻ വരെ. ഇത് നമ്മുടെ കണ്ണുകളെ ദോഷകരമായി ബാധിക്കുകയും അസ്വസ്ഥത, ചൊറിച്ചിൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും ഇവയിൽനിന്നുള്ള വെളിച്ചവും നമ്മുടെ കണ്ണുകളിൽ സമ്മർദ്ദം ചെലുത്തുന്നവെന്ന്, ആയുർവേദ വിദഗ്ധയായ ഡോ ഡിംപിൾ ജംഗ്ദ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ആയുർവേദമനുസരിച്ച്, കണ്ണുകളുടെ പേശികളെ ഭൗമമൂലകവും രക്തക്കുഴലുകൾ അഗ്നിയും കണ്ണിന്റെ നിറം വായുവും കണ്ണിന്റെ വെളുത്ത ഭാഗം വെള്ളവും കണ്ണീർ നാളങ്ങൾ സ്പെയിസിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. “കണ്ണുകളാണ് പിത്തദോഷത്തിന്റെ ഇരിപ്പിടം,” ഡോ ഡിംപിൾ തുടർന്നു.
- ആയുർവേദ പ്രകാരം രാവിലെ വായിൽ വെള്ളം പിടിച്ച് തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നത് നല്ലതാണ്. “കണ്ണുകൾ കഴുകാൻ വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയ വെള്ളം ഉപയോഗിക്കരുത്,”ഡോ. ഡിംപിൾ മുന്നറിയിപ്പ് നൽകി.
- കാഴ്ച മെച്ചപ്പെടുത്താൻ, അവൾ ‘ത്രാതക്’ എന്ന രീതി നിർദേശിച്ചു. പരുത്തി തിരി കൊണ്ട് കത്തിച്ച നെയ്യ് വിളക്കിലേക്ക് തീവ്രമായി നോക്കുന്ന രീതിയാണിത്.
- ക്ഷീണിച്ച കണ്ണുകളെ ശമിപ്പിക്കാനുള്ള വേഗമേറിയതും ഫലപ്രദവുമായ മാർഗ്ഗം ആട്ടിൻ പാലിൽ മുക്കിയ കോട്ടൺ ബോളുകൾ അവയുടെ മുകളിൽ വയ്ക്കുക എന്നതാണ്.
- വരണ്ട കണ്ണുകൾക്കുള്ള ഒരു ആയുർവേദ പ്രതിവിധിയും ഡോ. ഡിംപിൾ നിർദ്ദേശിച്ചു. രണ്ട് കണ്ണുകളിലും ഒരു തുള്ളി ശുദ്ധമായ ആവണക്കെണ്ണ പുരട്ടുന്നതിനൊപ്പം കാൽപാദങ്ങളിലും എണ്ണ പുരട്ടുക.
- കുക്കുമ്പർ കഷ്ണങ്ങൾ അവയുടെ തണുപ്പിക്കൽ പ്രഭാവം കൊണ്ട് കണ്ണുകൾക്ക് ആശ്വാസം നൽകുന്നു. കാറ്റെച്ചിനുകൾ (ഒരു രാസ സംയുക്തം) ഉള്ള ടീബാഗുകളും നിങ്ങൾക്ക് ഉപയോഗിക്കാം.
“പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദം കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് വിവിധ ലളിതമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഇന്ദ്രിയങ്ങൾക്കും ഇടയിൽ, സംസ്കൃതത്തിൽ നേത്രം (നേത്രം) എന്നും അറിയപ്പെടുന്ന കണ്ണിന് അതിന്റെ പ്രവർത്തനം കാരണം കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കണ്ണുകൾക്കുള്ള ആയുർവേദ ചികിത്സ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ആയുർവേദം ആരോഗ്യപ്രശ്നങ്ങളെ അവയുടെ വേരുകളിൽ നിന്ന് കൈകാര്യം ചെയ്യുന്നതിന് ലക്ഷ്യമിടുന്നു. ഫലങ്ങൾ കാണിക്കാൻ ഇത് സമയമെടുത്തേക്കാമെങ്കിലും, പ്രഭാവം ദീർഘകാലം നിലനിൽക്കുന്നതും സമഗ്രമായി പുനരുജ്ജീവിപ്പിക്കുന്നതുമാണ്,” ലിവ്‌ലോങ്ങിലെ ബിഎഎംഎസും പോഷകാഹാര വിദഗ്ധയുമായ ഡോ. യോഗിനി പാട്ടീൽ പറഞ്ഞു.
കണ്ണിലെ വരൾച്ചയും ക്ഷീണവും അകറ്റാൻ ഡോ. യോഗിനി ചില പ്രതിവിധികൾ പങ്കിടുന്നു
- ഉറങ്ങുന്നതിന് മുൻപ് തേനും നെയ്യും കലർത്തി കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണുകൾക്ക് ഈർപ്പം നൽകാനും വരൾച്ച കുറയ്ക്കാനും സഹായിക്കുന്നു.
- മൂന്ന് പഴങ്ങളുടെ മിശ്രിതമായ ത്രിഫല രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ ഐ വാഷായി ഉപയോഗിക്കുക. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ചുവപ്പും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
- വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളായ കാരറ്റ്, ഇലക്കറികൾ എന്നിവ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ ഗുണം ചെയ്യും.
- ശിർഷാസന, ത്രാതക തുടങ്ങിയ യോഗാസനങ്ങൾ പരിശീലിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
“ഏതെങ്കിലും പുതിയ ചികിത്സാ തുടങ്ങുന്നതിന് മുൻപ് ഒരു ആയുർവേദ വിദഗ്ധനുമായി കൂടിയാലോചിക്കണം,” ഡോ. യോഗിനി പറഞ്ഞു.