scorecardresearch
Latest News

ആർത്തവസമയത്തെ അസഹനീയവേദന നിസാരമായി കാണരുത്; ചിലപ്പോൾ എൻഡോമെട്രിയോസിസ് ആവാം

എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ അനുഭവിക്കുന്നവരാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടിമാരായ ശ്രുതി ഹാസനും ലിയോണ ലിഷോയും തുറന്നു പറഞ്ഞിരുന്നു. എന്താണ് എൻഡോമെട്രിയോസിസ്? രോഗത്തെ കുറിച്ച് കൂടുതലറിയാം

ആർത്തവസമയത്തെ അസഹനീയവേദന നിസാരമായി കാണരുത്; ചിലപ്പോൾ എൻഡോമെട്രിയോസിസ് ആവാം

കഴിഞ്ഞ ദിവസങ്ങളിൽ നടിമാരായ ലിയോണ ലിഷോയും ശ്രുതിഹാസനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച എന്‍ഡോമെട്രിയോസിസിനെ കുറിച്ചുള്ള കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്‍ഡോമെട്രിയോസിസുമായി പോരാടുകയാണ് തങ്ങളെന്ന് ഇരുവരും തുറന്നു പറച്ചിൽ നടത്തിയിരുന്നു.

ആര്‍ത്തവ വേദനങ്ങള്‍ നിസാരമായി കാണരുതെന്നും എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും ലിയോണ പറയുമ്പോൾ, വ്യായാമത്തിലൂടെയും ചിട്ടയായ ദിനചര്യകളിലൂടെയും എങ്ങനെയാണ് താൻ ആ രോഗാവസ്ഥയെ അതിജീവിക്കുന്നതെന്നാണ് ശ്രുതി ഹാസൻ കുറിക്കുന്നത്.

ഇന്ന് സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന​ രോഗാവസ്ഥകളിൽ ഒന്നാണ് എന്‍ഡോമെട്രിയോസിസ്. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏകദേശം 6 മുതൽ 10 ശതമാനം വരെ (ഏകദേശം 11 മില്യൺ) എൻഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് ഒരു സർവ്വേയിൽ പറയുന്നത്. ലിയോണയുടെയും ശ്രുതി ഹാസന്റെയും കുറിപ്പുകൾ സ്ത്രീകൾ പലപ്പോഴും നിസ്സാരമായി കാണുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തെ കുറിച്ച് അവബോധമുണ്ടാകാനും കൂടുതൽ പേരിലേക്ക് ഈ അസുഖത്തെ കുറിച്ച് ബോധവത്കരിക്കാനും നിമിത്തമായിരിക്കുകയാണ്.

പിരീഡിന്റെ സമയത്തുള്ള അധികമായ വയറുവേദന, ക്രമം തെറ്റിയുള്ള പിരീഡ്സ്, ബ്ലീഡിംഗിന്റെ അളവിൽ വ്യത്യാസമുണ്ടാവുക എന്നിവയാണ് എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളെന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സ്വപ്ന ഭാസ്കർ പറയുന്നു.

“ഗർഭപാത്രത്തിന്റെ ഉൾഭിത്തിയിലെ കോശങ്ങൾ അവിടെ നിന്നും പുറത്തേക്കിറങ്ങി ഗർഭാശയ ഭിത്തി, ട്യൂബ്, അണ്ഡാശയം, പെരിറ്റോണിയൽ കാവിറ്റി, എന്നിവയിൽ ചെന്ന് പറ്റിപ്പിടിച്ചിരുന്ന് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇതിന് ക്ലിനിക്കലായിട്ടും സർജിക്കലായും ചികിത്സ നേടാനാകും. പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ പറ്റുന്ന ഒരു അവസ്ഥയാണിത്, എന്നാൽ വീണ്ടും ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്,” ഡോ സ്വപ്ന കൂട്ടിചേർത്തു.

എന്‍ഡോമെട്രിയോസിസിനെ കുറിച്ച് കൂടുതലറിയാം

എന്താണ് എന്‍ഡോമെട്രിയോസിസ്?

ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. ‘എൻഡോമെട്രിയ’ ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് ‘എൻഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ആര്‍ത്തവസമയത്ത് എന്‍ഡോമെട്രിയം രക്തസ്രാവത്തിന്റെ രൂപത്തില്‍ പുറത്ത് വരികയോ ചില സമയത്ത് ഈ രക്തം അണ്ഡവാഹിനിക്കുഴലിലൂടെ വയറിനകത്ത് കെട്ടിക്കിടക്കുകയോ ചെയ്യും. ശരീരത്തിനുള്ളിൽ ഏത് ഭാഗത്തു വേണമെങ്കിലും ഈ അവസ്ഥ കാണപ്പെടാം, കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിൻറെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. എന്നിരുന്നാലും അപൂർവമായി യോനി, ഗർഭാശയഗളം, കുടൽ, മൂത്രസഞ്ചി എന്നിവിടങ്ങളിലും എൻഡോമെട്രിയോസിസ് കണ്ടെത്തിയിട്ടുണ്ട്.

ലക്ഷണങ്ങൾ

സാധാരണയായി 30നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് കണ്ടുവരുന്നത്. ഇതുവരെ ഗർഭിണിയായിട്ടില്ലാത്തവർ, മാസമുറ 7 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നവർ, 28 ദിവസത്തിൽ താഴെ ദൈർഘ്യമുള്ള ആർത്തവചക്രം ഉള്ളവർ, 12 വയസ്സിനുമുമ്പ് ഋതുമതിയായവർ എന്നിവരിൽ എൻഡോമെട്രിയോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.

വയറുവേദനയാണ് ഈ അസുഖത്തിന്റെ പ്രധാനലക്ഷണം. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ആർത്തവത്തോട് അനുബന്ധിച്ച് വേദന വരുന്നതിനാൽ തന്നെ പലരും എൻഡോമെട്രിയോസിസിനെ ആർത്തവവേദനയായി തെറ്റിദ്ധരിക്കാറുണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്തും അതു കഴിഞ്ഞുമൊക്കെ ചിലരിൽ വേദനയുണ്ടാകാറുണ്ട്. അടിവയറ്റിലും മൂത്രമൊഴിക്കുമ്പോഴുമൊക്കെ അനുഭവപ്പെടുന്ന വേദനയും ചിലപ്പോൾ എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണമായേക്കാം.

രോഗനിർണയം

അസ്വാഭാവികമായ ആർത്തവവേദന അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക എന്നതു തന്നെയാണ് രോഗനിർണയത്തിൽ പ്രധാനം. ശക്തമായ വയറു വേദന, അമിതമായ ക്ഷീണം എന്നിവയൊന്നും നിസ്സാരമായി കാണരുത്. ഈ രോഗാവസ്ഥയിലുള്ള ആളുകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വന്ധ്യതാചികിത്സയ്ക്കായി ഗൈനക്കോളജിസ്റ്റിനെ സമീപിക്കുമ്പോഴാണ് ഭൂരിഭാഗം സ്ത്രീകളും എന്‍ഡോമെട്രിയോസിസ് ആണ് തങ്ങളുടെ കഥയിലെ വില്ലൻ എന്നു കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ, രോഗത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ചികിത്സകൾ സ്വീകരിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

രോഗലക്ഷണങ്ങൾ നോക്കിയും അൾട്രാസൗണ്ട്, എം.ആർ.ഐ., സി.ടി. സ്കാൻ എന്നീ സങ്കേതങ്ങളും ലാപ്രോസ്കോപ്പിക് പരിശോധനയുടെയും സഹായത്തോടെയാണ് ഡോക്ടർമാർ രോഗനിർണയം നടത്തുന്നത്.

ചികിത്സ

മരുന്ന്, ഹോർമോൺ തെറാപ്പി, ലാപ്രോസ്കോപ്പി, ശസ്ത്രക്രിയ എന്നിങ്ങനെ മൂന്നുതരം ചികിത്സാരീതികളാണ് എന്‍ഡോമെട്രിയോസിസ് രോഗത്തിന് പ്രധാനമായും അവലംബിക്കുന്നത്. മാസമുറയോട് അനുബന്ധിച്ച് വരുന്ന എൻഡോമെട്രിയോസിസ് വേദനയെ ലഘൂകരിക്കാൻ ഡോക്ടർമാർ മരുന്നുകൾ കുറിച്ചുനൽകാറുണ്ട്. മറ്റൊന്ന്, ലാപ്രോസ്കോപ്പിയുടെ സഹായത്തോടെ എൻഡോമെട്രിയോസിസ് ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യുക എന്നതാണ്. എൻഡോമെട്രിയോസിസ് സങ്കീർണ്ണമായ രോഗികളിൽ, പ്രസവം നിർത്തിയതിനു ശേഷം ശസ്ത്രക്രിയയിലൂടെ എൻഡോമെട്രിയോസിസ് ബാധിച്ച അണ്ഡാശയവും ഗർഭാശയവും പരിപൂർണ്ണമായി നീക്കം ചെയ്യാറുമുണ്ട്.

“യൂട്രസ് ലൈനിൽ കട്ടി ഉണ്ടാക്കുകയാണ് എൻഡോമെട്രിയോസിസിനുള്ള പ്രതിവിധി. അതിന് അനുസരിച്ചുള്ള മരുന്നുകളാണ് കഴിക്കേണ്ടത്. പലവിധത്തിലുള്ള ഇൻസെക്യൂരിറ്റീസ് ഉള്ളവരിലാണ് ഇത് കൂടുതലായാലും കണ്ടു വരുന്നത്. അത്തരം അരക്ഷിതാവസ്ഥകൾ ബാലൻസ് ചെയ്‌താൽ പൂർണമായ വിമുക്തി സാധ്യമാണ്. എൻഡ് റിസൾട്ടിനല്ല കാര്യ കാരണങ്ങൾക്കാണ് ചികിത്സ വേണ്ടത്,” ഹോമിയോ ഡോക്ടറായ പ്രവീൺ എലത്തിങ്കര പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Signs and symptoms of endometriosis causes diagnosis treatment