scorecardresearch
Latest News

ഉറങ്ങാൻ പോകുന്നതിനു മുൻപായി കുളിക്കാമോ?

രാത്രിയിലെ നിങ്ങളുടെ ചില ദിനചര്യകൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും

ഉറങ്ങാൻ പോകുന്നതിനു മുൻപായി കുളിക്കാമോ?

ഒരു ദിവസം അവസാനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്ങനെയാണ്? ചിലർ ടെലിവിഷനിലെ തങ്ങളുടെ ഇഷ്ട പരിപാടികളോ അല്ലെങ്കിൽ ഇഷ്ടമുള്ള സീരീസുകൾ കണ്ടിട്ടോ ആകും ഉറങ്ങാൻ പോകുന്നത്. മറ്റു ചിലർ ധ്യാനം അല്ലെങ്കിൽ പുസ്തക വായനയ്ക്കുശേഷമാകാം ഉറങ്ങാൻ പോവുക. എന്തുതന്നെയായാലും, രാത്രിയിലെ നിങ്ങളുടെ ചില ദിനചര്യകൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും.

ഉറങ്ങാൻ പോകുന്നതിനു മുൻപായി ചെയ്യാൻ കഴിയുന്നൊരു ആരോഗ്യ ശീലത്തെക്കുറിച്ചാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല, നമ്മളിൽ ചിലരുടെയെങ്കിലും ശീലമായ കുളി. വിദഗ്ധരുടെ അഭിപ്രായത്തിൽ ഉറങ്ങുന്നതിനു മുൻപായി കുളിക്കുന്നത് പെട്ടെന്ന് ഉറങ്ങാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. ”ഇതൊരു ശീലമാണ്. പക്ഷേ, ഉറങ്ങുന്നതിനു മുൻപായി കുളിക്കുന്ന ശീലം ആർക്കു വേണമെങ്കിലും പിന്തുടരാവുന്നതാണ്,” ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ്-ഇന്റേണൽ മെഡിസിൻ ഡോ.ആദിത്യ ചൗട്ടി പറഞ്ഞു.

ഉറങ്ങാൻ പോകുന്നതിനു മുൻപായി കുളിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു നിരവധി ഗുണങ്ങളും നൽകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഗുരുഗ്രാമിലെ ആർട്ടമിസ് ആശുപത്രിയിലെ ഡോ.വിപുൾ ഗുപ്ത വ്യക്തമാക്കി.

എന്തൊക്കെയാണ് ഗുണങ്ങൾ

  • ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും
  • ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കും
  • ക്ഷീണം അകറ്റുന്നു
  • പൊടി, അഴുക്ക്, വിയർപ്പ് എന്നിവ കുളിക്കുമ്പോൾ ശരീരത്തിൽനിന്നും നീക്കം ചെയ്യുന്നതിലൂടെ മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ നീക്കുന്നു.
  • മനസും ശരീരവും ശാന്തമാക്കുന്നു

ഇതിനു പുറമേ, ശാരീരികമായും മാനസികമായും ആത്മീയമായും നിങ്ങളെ ശുദ്ധീകരിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അഡീഷണൽ ഡയറക്ടർ ഡോ.ബെല ശർമ്മ പറഞ്ഞു.

കുളിക്കുന്നതിന് ഉപയോഗിക്കേണ്ടത് ചെറുചൂടുവെള്ളം, ചൂടുള്ള വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളമാണോ?

”ചിലർ ചെറുചൂടുള്ള വെള്ളമാണെങ്കിൽ മറ്റു ചിലർ തണുത്ത വെള്ളമാണ് കുളിക്കാൻ തിരഞ്ഞെടുക്കുന്നത്. ക്ഷീണമുണ്ടെങ്കിൽ അല്ലെങ്കിൽ പേശീവേദനയുണ്ടെങ്കിൽ കുറച്ച് സമയത്തേക്ക് ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇത് പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. എന്തെങ്കിലും വേദനയോ നടുവേദനയോ ഉണ്ടെങ്കിൽ, അത് അകറ്റാനും സഹായിക്കുന്നു,” ഡോ.ശർമ്മ അഭിപ്രായപ്പെട്ടു. വേനൽക്കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉന്മേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. നല്ല ചൂടുള്ള ദിവസങ്ങളിൽ തണുത്ത വെള്ളത്തിൽ കുളിക്കാനാണ് പലർക്കും താൽപര്യം. എന്നാൽ തണുപ്പുള്ള മാസങ്ങളിൽ മനസിനെ ശാന്തമാക്കാനും ക്ഷീണം അകറ്റാനും ചെറു ചൂടുവെള്ള വെള്ളത്തിലായിരിക്കും പലരും കുളിക്കുകയെന്നും ഡോ.ഗുപ്ത അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും ശരീര പ്രകൃതം വ്യത്യസ്തമാണ്. അതിനാൽ തന്നെ തണുത്തതോ ചെറു ചൂടുള്ളതോ ആയ വെള്ളം കുളിക്കാൻ തിരഞ്ഞെടുക്കാം. രണ്ടിനും ശരീരത്തിൽ അതിന്റേതായ ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികളുടെ വിശ്രമത്തിനും, ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനും, ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. തണുത്ത വെളളത്തിൽ കുളിക്കുന്നത് ജാഗ്രത കൂട്ടുന്നു, മുടി കൊഴിച്ചിൽ കുറയ്ക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, രക്തചംക്രമണം വർധിപ്പിക്കുന്നു,” ഡോ.ഗുപ്ത പറഞ്ഞു. വളരെ ചൂടുളതോ തണുത്തതോ ആയ വെള്ളത്തിൽ കുളിക്കരുത്. ഇത് ശരീരത്തിൽ ചില ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉറങ്ങാൻ പോകുന്നതിനു എത്ര മണിക്കൂർ മുൻപായി കുളിക്കണം എന്നതിനെക്കുറിച്ചും വിദഗ്ധർ വിശദീകരിച്ചു. ഉറങ്ങുന്നതിനു ഒന്നോ രണ്ടോ മണിക്കൂർ മുൻപായി കുളിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് ശരിയായ താപനില നിലനിർത്താൻ ശരീരത്തെ ഇത് സഹായിക്കുമെന്ന് ഡോ.ഗുപ്ത വ്യക്തമാക്കി.

എല്ലാവരും ഉറങ്ങാൻ പോകുന്നതിനു മുൻപായി കുളിക്കുന്നതിനെ വിദഗ്ധർ പിന്തുണയ്ക്കുന്നില്ല. വിട്ടുമാറാത്ത ചർമ്മപ്രശ്നങ്ങളുള്ള ആളുകൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് എല്ലാ രാത്രിയിലും കുളിക്കുന്നത് ഒഴിവാക്കണം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരിക്കൽ കുളിക്കാമെന്ന് ഡോ.ചൗട്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should you take a shower before going to bed

Best of Express