scorecardresearch
Latest News

പങ്കാളി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കോണ്ടം ഉപയോഗിക്കണോ?

ഏറ്റവും ഫലപ്രദമായ ഗർഭനിരോധനമാർഗമാണ് കോണ്ടം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പലരും ചോദിക്കുന്നൊരു ചോദ്യമുണ്ട്

പങ്കാളി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കോണ്ടം ഉപയോഗിക്കണോ?

ഗർഭധാരണം തടയുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പക്ഷേ, പലർക്കും ഇതിനെക്കുറിച്ചുള്ള വ്യക്തമായ അറിവോ ധാരണയോ ഇല്ലെന്നതാണ് വസ്തുത. ശരിയായ രീതിയിലുള്ള മാർഗങ്ങളിലൂടെ ഗർഭധാരണം തടയാം. ഏറ്റവും ഫലപ്രദമായ ഗർഭനിരോധനമാർഗമാണ് കോണ്ടം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പലരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. പങ്കാളി ഗർഭനിരോധന ഗുളികകൾ കഴിക്കുകയാണെങ്കിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് പുരുഷൻ കോണ്ടം ഉപയോഗിക്കേണ്ടതുണ്ടോ?.

ഗർഭനിരോധന ഗുളികകളും കോണ്ടവും ലോകമെമ്പാടുമുള്ള ജനപ്രിയ ഗർഭനിരോധന മാർഗ്ഗങ്ങളാണ്. എന്നാൽ, ഇവ രണ്ടും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ട്, മദർഹുഡ് ഹോസ്പിറ്റൽസിലെ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.നാഗവേണി.ആർ പറഞ്ഞു. ”അനാവശ്യ ഗർഭധാരണത്തിനെതിരെ കൂടുതൽ സംരക്ഷണം നൽകാനായി കോണ്ടം ഉപയോഗിക്കണോയെന്ന് ഗർഭനിരോധന ഗുളികകൾ കഴിക്കാൻ തുടങ്ങുന്ന പലരും ചിന്തിക്കാറുണ്ട്. ഗർഭനിരോധന ഗുളികകൾ ഗർഭധാരണത്തിനെതിരെ 99.7 ശതമാനം ഫലപ്രദമാണെങ്കിലും ലൈംഗികമായി പകരുന്ന രോഗങ്ങളിൽ (എസ്ടിഡി) അല്ലെങ്കിൽ മറ്റേതെങ്കിലും അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല എന്നതാണ് ഇതിനുള്ള ഉത്തരം. ഗർഭനിരോധന ഉറകൾ എസ്ടിഡികളും അണുബാധകളും തടയുന്നു,” ഡോക്ടർ വിശദീകരിച്ചു.

ഗർഭനിരോധന ഗുളികകൾ കഴിച്ചു തുടങ്ങിയാലും അവയുടെ ഫലങ്ങൾ ലഭിക്കാൻ സമയമെടുക്കും. ഗുളിക കഴിച്ചതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ഗർഭധാരണത്തിൽ നിന്ന് സംരക്ഷണം നേടാൻ കോണ്ടം ഉപയോഗിക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടർ പറഞ്ഞു. അണ്ഡോത്പാദനം നിർത്തി ഗർഭധാരണം തടയുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ ചെറിയ അളവിൽ മാത്രമേ ഗർഭ നിരോധന ഗുളികകളിൽ അടങ്ങിയിട്ടുള്ളൂവെന്ന് ഡോ.നാഗവേണി വ്യക്തമാക്കി.

കോണ്ടം ഒരു തടസ്സമായി പ്രവർത്തിക്കുകയും ബീജത്തെ യോനിയിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും അതുവഴി ബീജസങ്കലനത്തെ തടയുകയും ചെയ്യുന്നു. അനാവശ്യ ഗർഭധാരണത്തിൽനിന്നും സ്വയം രക്ഷ നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നാണ് കോണ്ടം. മാത്രമല്ല, ലൈംഗിക രോഗങ്ങളിൽനിന്ന് സംരക്ഷണവും ഉറപ്പാക്കുന്നുവെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should you stop using a condom if your partner takes birth control pills