ബദാം പോലുള്ള നട്സ്, പയർവർഗ്ഗങ്ങൾ, കടല എന്നിവ സാധാരണയായി കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാറുണ്ട്. ഇത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
അങ്ങനെ ചെയ്യുന്നതിലൂടെ പാചകം ചെയ്യാൻ വേണ്ടിവരുന്ന സമയം കുറയ്ക്കാൻ സഹായിക്കുന്നു, എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകാഹാരത്തിന്റെ മികച്ച ഉറവിടമായ നട്സും പരിപ്പും പയറും ശരിയായ രീതിയിൽ കുതിർക്കേണ്ടത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് നമാമി അഗർവാൾ.
ബദാം പോലുള്ള നട്സിൽ ആരോഗ്യകരമായ പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ ഇവ തയ്യാറാക്കിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാരണം ഇവ ദഹിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്ന് അവർ പറഞ്ഞു. കുതിർക്കുന്നതിലൂടെ ആന്റി ന്യൂട്രിയന്റ് കണ്ടന്റ് കുറയ്ക്കാനും, ഗ്യാസ് കുറയ്ക്കുന്നതിനും, ശരീരവണ്ണം കുറയ്ക്കുന്നതിനും, ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
കുതിർക്കേണ്ടതിന്റെ ആവശ്യകതയെന്ത്?
പരിപ്പ്, പയർ എന്നിവയിൽ ഫൈറ്റിക് ആസിഡുണ്ട്, ഇത് അവയുടെ വളർച്ചയ്ക്ക് ആവശ്യമാണ്, പക്ഷേ മനുഷ്യരിൽ ദഹനപ്രശ്നങ്ങൾക്കും ചില പോഷക കുറവുകൾക്കും കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു. വെബ്എംഡി അനുസരിച്ച്, എല്ലാ ചെടികളിലും ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, എന്നാൽ പയർവർഗ്ഗങ്ങൾ, നട്സ്, ധാന്യങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. കുതിർക്കുന്നതിലൂടെ ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.
കുതിർക്കേണ്ട ശരിയായ രീതി
- 2 മുതൽ 8 മണിക്കൂർ വരെയാണ് കുതിർക്കാൻ വയ്ക്കേണ്ടത്
- ഇടയ്ക്ക് വെളളം മാറ്റുക. ഒന്നു രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗ്യാസും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
Read More: ദിവസവും ബദാം കഴിക്കുന്നത് ചില സ്ത്രീകളിൽ മുഖത്തെ ചുളിവുകൾ കുറയ്ക്കുമെന്ന് പഠനം