രാവിലെ ഉറക്കമുണരുമ്പോൾ പലർക്കും ദാഹം തോന്നാറുണ്ട്. അതിനാൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചാണ് പലരും ദിവസം തുടങ്ങുന്നത്. ദാഹം അകറ്റുക മാത്രമല്ല, രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളും നൽകും. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ദഹനത്തെ സഹായിക്കുന്നു, വൃക്കകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയവ ഇക്കൂത്തിൽപ്പെടുന്നു.
ചൂടുവെള്ളം കുടിക്കാനുള്ള ശരിയായ രീതിയെക്കുറിച്ച് വേദാമൃതിന്റെ സ്ഥാപക ഡോ.വൈശാലി ശുക്ല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക, അത് ഒരു കപ്പാക്കി കുറയ്ക്കുക. തണുത്തതിനുശേഷം കുടിക്കുക.
രാവിലെ ഇതിന് കഴിഞ്ഞില്ലെങ്കിൽ, 2 കപ്പ് വെള്ളത്തിൽ ½ ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടിയോ 1 ഇഞ്ച് ഉണങ്ങിയ ഇഞ്ചിയോ ചേർത്ത് തിളപ്പിച്ച് പകുതിയായി കുറയ്ക്കാം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലായി ഇത് കുടിക്കുക. രാവിലെ മുകളിൽ പറഞ്ഞതുപോലെ ചൂടുവെള്ളം തിളപ്പിച്ച് പകുതിയാക്കി കുറയ്ക്കാതെ, സാധാരണ രീതിയിൽ തിളപ്പിച്ചാറിയ വെള്ളവും കുടിക്കാം.
രാവിലെ വെറുംവയറ്റിൽ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റും. “ചൂടുവെള്ളമോ സാധാരണ വെള്ളമോ അല്ലെങ്കിൽ തണുത്ത വെള്ളമോ കുടിക്കുന്നതിന്റെ ഫലങ്ങളിൽ വ്യത്യാസമില്ല. ഉണരുമ്പോൾ ഏതു വെള്ളവും കുടിക്കാം,” ന്യൂട്രീഷ്യിസ്റ്റും ആയുർവേദ വിദഗ്ധയുമായ കരിഷ്മ ഷാ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
ഗ്ലോബൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ.പ്രദീപ് റാവുവും ഇക്കാര്യം സമ്മതിച്ചു. കുടിവെള്ളത്തിന്റെ താപനില മാറിയതിനാലുള്ള ഫലങ്ങളിൽ വലിയ വ്യത്യാസമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“വ്യത്യസ്ത ഊഷ്മാവിൽ (ചൂട്, തണുപ്പ്) വെള്ളം കുടിക്കുന്നത് സാധാരണയായി ശരീരത്തെ ബാധിക്കില്ല. കാരണം, വയറിലെത്തുമ്പോഴേക്കും താപനില ശരീര താപനിലയിൽ എത്തിയിരിക്കും. പക്ഷേ, അത് മുകളിലെ ശ്വാസകോശനാളിയെ ബാധിക്കും. അതിനാൽ നിങ്ങൾക്ക് കടുത്ത ജലദോഷം ഉള്ളപ്പോൾ തണുത്ത വെള്ളം കുടിക്കുന്നത് തീർച്ചയായും നല്ല ആശയമല്ല. അതിനാൽ, രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ സഹായിക്കുമെന്ന് ആളുകൾ പറയുന്നത് ഒരു മിഥ്യയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും,” അദ്ദേഹം പറഞ്ഞു.
”ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമാണെന്ന് പറയാതെ വയ്യ, പ്രത്യേകിച്ച് ഒരു വ്യായാമത്തിന് ശേഷം, കൂടുതൽ നേരം വെയിലിൽ ഇരിക്കുക, അല്ലെങ്കിൽ അമിതമായ വിയർപ്പ്. എന്നിരുന്നാലും, ജലത്തിന്റെ താപനില യഥാർത്ഥത്തിൽ ശരീരത്തിൽ വലിയ പങ്കു വഹിക്കുന്നില്ല. ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനം. എപ്പോഴും നിങ്ങളുടെ അടുത്ത് ഒരു വെള്ളത്തിന്റെ കുപ്പി വയ്ക്കുക, പ്രത്യേകിച്ച് വേനൽക്കാലത്ത്” അദ്ദേഹം വ്യക്തമാക്കി.