നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാകാം. പലരും വെറും വയറ്റിലാണ് ഈ പാനീയങ്ങൾ കുടിക്കുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കാമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഇതിന് വേണ്ട എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മറുപടി. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് പല വിധത്തിൽ ദോഷം ചെയ്യും.
നെഞ്ചെരിച്ചിലിന് ഇടയാക്കും
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. കാപ്പി ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ തടസപ്പെടുത്തുന്നു, ഇത് ആമാശയത്തിലെ പിഎച്ച് കുറയ്ക്കും. എന്നാൽ കാപ്പിക്കൊപ്പം പാലോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച ശേഷമോ കാപ്പി കുടിച്ചാൽ ഈ കുറവ് ഒരു പരിധിവരെ സംഭവിക്കില്ല.
കോർട്ടിസോളിന്റെ അളവിനെ ബാധിക്കുന്നു
ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഗവേഷണമനുസരിച്ച്, ഉറക്കമുണർന്നതിന് ശേഷമുള്ള മണിക്കൂറിൽ ശരീരത്തിന്റെ കോർട്ടിസോളിന്റെ ഉൽപാദനം ഏറ്റവും ഉയർന്ന നിരക്കിലാണ്. കോർട്ടിസോൾ ജാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. നിങ്ങളുടെ ശരീരം കോർട്ടിസോൾ-ഉൽപാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്ന സമയത്താണ് കാപ്പി കുടിക്കുന്നതെങ്കിൽ, ഇത് ശരീരത്തെ കോർട്ടിസോൾ ഉത്പാദനം കുറയ്ക്കാൻ പഠിപ്പിക്കും. മാത്രമല്ല, കാപ്പി കുടിക്കാനുള്ള പ്രേരണ കൂട്ടുകയും കൂടുതൽ കൂടുതൽ കാപ്പി കുടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മലവിസർജനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. എന്നാൽ, ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നതിലൂടെ ടോയ്‌ലറ്റിലേക്ക് അനാവശ്യവും പെട്ടെന്ന് പോകാനുള്ള തോന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
എപ്പോഴാണ് കാപ്പി കുടിക്കേണ്ടത്?
ഉറക്കമുണർന്ന് ഒരു മണിക്കൂറിനുശേഷം ചായയോ കാപ്പിയോ കുടിക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കട്ടൻ കാപ്പിക്ക് പകരം, പാൽ ചേർത്ത് കുടിക്കുക.
ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം?
ഒരാൾക്ക് ഒരു ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കാമെന്നാണ് മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റും ന്യൂട്രീഷ്യണൽ ആൻഡ് ലൈഫ്സ്റ്റൈൽ സൈക്യാട്രി ഡയറക്ടറുമായ ഉമാ നായിഡു പറയുന്നത്. കഫീൻ സെറോടോണിൻ, അസിറ്റിലൈകോളിൻ എന്നിവ വർദ്ധിപ്പിക്കുന്നു, ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നുവെന്ന് നായിഡു പറഞ്ഞു. കാപ്പിയിലെ പോളിഫെനോൾ മൈക്രോ ന്യൂട്രിയന്റുകൾക്ക് ഫ്രീ റാഡിക്കലുകളാൽ ടിഷ്യു കേടുപാടുകൾ സംഭവിക്കുന്നതും തലച്ചോറിലെ രക്തക്കുഴലുകളുടെ ബ്ലോക്കേജ് തടയാനും കഴിയും. ഉയർന്ന സാന്ദ്രതയിലുള്ള ട്രൈഗോനെല്ലിൻ കാപ്പിയിൽ കാണപ്പെടുന്നു, ഇത് ആന്റിഓക്‌സിഡന്റുകളെ സജീവമാക്കുകയും അതുവഴി തലച്ചോറിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
മറ്റേതു ഭക്ഷണപാനീയങ്ങൾ പോലെ കാപ്പിയും മിതമായി കുടിക്കണം. ചില സാഹചര്യങ്ങളിൽ, ആരോഗ്യത്തിന് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. ചിലരിൽ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) മന്ദഗതിയിലാവും നടക്കുക. ഇത്തരക്കാർ കാപ്പി ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് സിമ്രൺ ചോപ്ര പറയുന്നു. വൈകീട്ട് മൂന്നുമണിക്ക് ശേഷം കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഒരു ദിവസം ഒരു കപ്പ് കാപ്പി മാത്രമായി പരിമിതപ്പെടുത്താനും അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.