ആർത്തവ സമയത്ത് ചെയ്യാൻ പാടില്ലെന്ന് സ്ത്രീകൾ കരുതുന്ന നിരവധി കാര്യങ്ങളുണ്ട്. ഈ സമയത്ത് വ്യായാമം ചെയ്യാമോയെന്ന സംശയം പലർക്കുമുണ്ട്. ചിലർ അവരുടെ ദിനചര്യയുടെ ഭാഗമെന്നോണം ആർത്തവ സമയത്തും വ്യായാമം ചെയ്യാറുണ്ട്. എന്നാൽ ചിലർക്ക് വേദന, തലകറക്കം, ഓക്കാനം, മറ്റ് സമാന ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടാം.
”എന്തും ചെയ്യുന്നതിൽനിന്നും നിങ്ങളെ ആർത്തവകാലം തടയുന്നില്ലെന്നും അതു വ്യായാമം ആയാലും,” എന്നാണ് ന്യൂഡൽഹിയിലെ HCMCT മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ.(ലഫ്റ്റനന്റ് കേണൽ) ലീന എൻ.ശ്രീധർ പറയുന്നത്. ആർത്തവ സമയത്ത് ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളും അവർ നിർദേശിച്ചിട്ടുണ്ട്.
നടത്തവും ഓട്ടവും
നടത്തവും ഓട്ടവും കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ടെന്നും എല്ലാ ദിവസവും 30 മിനിറ്റ് നടക്കുന്നത് നല്ലതാണെന്നും ഡോ.ശ്രീധർ പറഞ്ഞു. തുടക്കക്കാർക്ക്, എല്ലാ ദിവസവും 30 മിനിറ്റ് നടത്തം അല്ലെങ്കിൽ ഓട്ടം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ശരീര ആരോഗ്യത്തിനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആർത്തവ സമയത്ത് നടത്തം പോലെയുള്ള വ്യായാമം മികച്ചതാണ്. ആർത്തവത്തിന്റെ അവസാന ദിവസങ്ങളിൽ പതുക്കെയുള്ള ഓട്ടം ആകാം. വേദന കുറയ്ക്കാനും നിരാശ അകറ്റാനും ഓട്ടം സഹായിക്കും. എന്നാൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കാനും ധാരാളം വെള്ളം കുടിക്കാനും ഓർക്കുക.
യോഗ
മെഷീനുകൾ ഉപയോഗിച്ചുള്ള വ്യയാമങ്ങളും ജിമ്മിൽ പോകാൻ ഇഷ്ടമില്ലാത്തവർക്കും യോഗ ചെയ്യാം. ആർത്തവ സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ യോഗ സഹായിക്കും, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്, കൂടാതെ ദിവസേന ഇത് പരിശീലിക്കുന്നത് ഉത്കണ്ഠയും ദേഷ്യവും വിഷാദവും കുറയ്ക്കാൻ സഹായിക്കും.
നൃത്തം
മാനസികമായി വിശ്രമിക്കാനുള്ള ഒരു മാർഗമാണ് സംഗീതം, നൃത്തം നിങ്ങൾക്ക് സുഖരമായ അനുഭവം നൽകാൻ സഹായിക്കും. സുംബ പരിശീലിക്കുകയോ അല്ലെങ്കിൽ വീട്ടിൽ നൃത്തം ചെയ്യുകയോ ചെയ്യുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും കലോറി ഇല്ലാതാക്കാനും സാധിക്കും. സഹായിക്കുകയും ചെയ്യും. നൃത്തം ആർത്തവകാല അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. ആർത്തവ വേദനയുടെ തീവ്രതയും ദൈർഘ്യവും കുറയ്ക്കാൻ സുംബ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
ആർത്തവ സമയത്ത് വ്യായാമം ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. “നിങ്ങൾക്ക് അസ്വാസ്ഥ്യമുണ്ടാക്കാത്ത, ശരീരത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാത്ത, അല്ലെങ്കിൽ ആർത്തവചക്രത്തിന്റെ സാധാരണ പ്രക്രിയയെ ബാധിക്കാത്ത വർക്ക്ഔട്ടുകൾ തിരഞ്ഞെടുക്കുക,” ഡോ.ശ്രീധർ ഉപദേശിച്ചു.
Read More: ആർത്തവ സമയത്തെ വയറുവീർക്കൽ കുറയ്ക്കും ഈ നുറുങ്ങുവിദ്യകള്