ഓരോരുത്തരുടെയും ജീവിതശൈലി വ്യത്യസ്തമാണ്. ആയുർവേദം അനുസരിച്ച്, ദിനചര്യയ്ക്ക് നിങ്ങളുടെ ജീവിതരീതിയിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ കഴിയും. ദിനചര്യയിൽ ചെറിയൊരു മാറ്റം വരുത്തുന്നത് പോലും ഒരു നിശ്ചിത കാലയളവിൽ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു സഹായിക്കും.
അതിലൊരു ശീലമാണ് വെളളം കുടിക്കുക. ഒരു ദിവസം നിങ്ങൾ എത്ര വെളളം കുടിക്കും, പ്രത്യേകിച്ച് ഭക്ഷണ സമയത്ത്. പലരും വെളളം കുടിച്ചാണ് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ഇതൊരു ശരിയായ പ്രവൃത്തിയാണോ?.
Read More: പഴച്ചാറുകളും പഴങ്ങളും കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
വെളളം കുടിക്കേണ്ട ശരിയായ സമയം എപ്പോഴാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ് ആയുർവേദ പ്രാക്ടീഷണറായ ഡോ.ഐശ്വര്യ സന്തോഷ്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ബലഹീനതയിലേക്ക് നയിക്കുകയും ഭക്ഷണം കഴിഞ്ഞാലുടൻ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാമെന്നും ഡോ.ഐശ്വര്യ പറയുന്നു.
ഭക്ഷണ സമയത്ത് സിപ്പ് ബൈ സിപ്പായി വെള്ളം കുടിക്കുന്നത് മികച്ച രീതിയാണെന്ന് ഡോക്ടർ പറയുന്നു. കാരണം ഇതിലൂടെ ഭക്ഷണം കഴിക്കുന്നതിന് ഇടവേള കിട്ടുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.
ഏത് തരം വെളളമാണ് കുടിക്കേണ്ടത്?
ദഹനത്തിനും ഉപാപചയത്തിനും എല്ലായ്പ്പോഴും ചെറുചൂടുവെള്ളം ഭക്ഷണത്തോടൊപ്പം കുടിക്കുക. നല്ല ദഹനത്തിന് ഔഷധസസ്യങ്ങൾ ഏതെങ്കിലും ചേർത്ത വെളളമാണ് ഡോക്ടർ നിർദേശിക്കുന്നത്. ഉണങ്ങിയ ഇഞ്ചി പൊടിച്ചത്, ചില ഔഷധസസ്യങ്ങളുടെ വേരുകൾ, പെരുംജീരകം എന്നിവയൊക്കെ വെളളം തിളപ്പിക്കുമ്പോൾ ചേർക്കാം.