ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്കു വെള്ളം അത്യന്താപേക്ഷിതമാണ്. ഒരാൾ ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ എപ്പോഴും ഊന്നിപ്പറയാറുണ്ട്. ദിവസത്തിൽ ഏതു സമയത്തും വെള്ളം കുടിക്കാം. പക്ഷേ, ഉറങ്ങുന്നതിനു മുൻപായി വെള്ളം കുടിക്കാമോ? അതെയെങ്കിൽ ചൂടു വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?.
ഉറങ്ങുന്നതിനു മുൻപായി വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലരിൽ ഉറക്ക പ്രശ്നങ്ങൾക്കു കാരണമാകുന്നു. ഉറങ്ങുന്നതിനു മുൻപായി വെള്ളം കുടിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്ക് പറയാനുള്ളത് എന്താണെന്നു നോക്കാം.
”ശരീരത്തിന് ഏറ്റവും ആവശ്യമുള്ളതാണ് വെള്ളമെന്നു നമുക്കെല്ലാവർക്കും അറിയാം. വെള്ളം എപ്പോഴാണു കുടിക്കേണ്ടത്, എങ്ങനെയാണു കുടിക്കേണ്ടത് എന്നതും പ്രധാനമാണ്. ഉറങ്ങുന്നതിനു തൊട്ടു മുൻപായി വെള്ളം കുടിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. ഉറങ്ങുന്നതിനു തൊട്ടു മുൻപായി വെള്ളം കുടിക്കരുത്. ഒരു മണിക്കൂർ മുൻപായിട്ടുവേണം വെള്ളം കുടിക്കാൻ. അതായത് ഉറക്കവും വെള്ളം കുടിക്കുന്നതും തമ്മിൽ ഒരു മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം,” എറണാകുളം സിൽവർലൈൻ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യനിസ്റ്റ് നീത പ്രദീപ് പറഞ്ഞു.
ഉറങ്ങുന്നതിനു തൊട്ടു മുൻപായി വെള്ളം കുടിച്ചാൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കേണ്ടി വരും. അപ്പോൾ നമ്മുടെ ഉറക്കം തടസപ്പെടും. അത് നല്ലതല്ല. രാത്രിയിൽ ദാഹം തോന്നി എഴുന്നേൽക്കുകയാണെങ്കിൽ രണ്ടോ മൂന്നോ സിപ് വെള്ളം കുടിക്കാമെന്നും ന്യൂട്രീഷ്യനിസ്റ്റ് നീത പറഞ്ഞു.
കിണറിൽനിന്നുള്ള ചെറു തണുപ്പോടുകൂടിയ വെള്ളമാണു കുടിക്കാൻ എറ്റവും നല്ലതെന്നും ഡോ.നീത അഭിപ്രായപ്പെട്ടു. ഫ്രിഡ്ജിൽ സൂക്ഷിച്ച വെള്ളം നല്ലതല്ല. തണുപ്പ് വെള്ളം വേണമെങ്കിൽ മൺകൂജയിൽ സൂക്ഷിച്ചശേഷം കുടിക്കാം. ചെറുചൂടുളള വെള്ളം കുടിക്കുന്നതും നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കി.
ഉറക്കത്തിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് അവർ പറയുന്നു. ”ആറു മണിക്കൂർ അല്ലെങ്കിൽ എട്ടു മണിക്കൂർ ഉറങ്ങി എന്നതിലുപരി ഉറക്കത്തിന്റെ നിലവാരമാണ് പ്രധാനം. തടസമില്ലാത്ത സുഖമായ ഉറക്കമാണ് വേണ്ടത്. ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കരുത്. ഇത് ദഹനത്തെ ബാധിക്കും. ദഹനപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കില്ല. അതുപോലെ ഉറങ്ങുന്നതിനു മുൻപായി ടോയ്‌ലറ്റിൽ പോവുക. തടസമില്ലാത്ത ഉറക്കത്തിന് ഇത് സഹായിക്കും,” അവർ പറഞ്ഞു.
ഉറങ്ങുന്നതിനു മുൻപായി വെള്ളം കുടിക്കണോ വേണ്ടയോ എന്നുളളതിനെക്കുറിച്ച് ആയുർവേദവും ചില കാര്യങ്ങൾ പറയുന്നുണ്ട്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപായി ലഘു അത്താഴത്തോടൊപ്പം വെള്ളം കുടിക്കാമെന്ന് മലപ്പുറം കോട്ടക്കൽ വിപിഎസ്‌വി ആയുർവേദ കോളജിലെ സ്വസ്തവൃത്തം ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.അനുപമ കൃഷ്ണൻ അഭിപ്രായപ്പെട്ടു. ചെറുചൂടുള്ള പാൽ ഉറങ്ങാൻ അനുയോജ്യമാണെന്ന് അവർ പറഞ്ഞു.
ജലത്തിന്റെ പ്രാധാന്യം, അളവ്, ഗുണം എന്നിവയ്ക്കാണ് ആയുർവേദം ഊന്നൽ നൽകുന്നതെന്ന് ഡോ.അനുപമ പറഞ്ഞു. വെള്ളം കുടിക്കുന്നതിനെക്കുറിച്ച് ആയുർവേദം അനുശാസിക്കുന്ന ചില കാര്യങ്ങളും നല്ല ഉറക്കത്തിന് സഹായിക്കുന്ന ചില ടിപ്‌സുകളും ഡോ.അനുപമ വിശദീകരിച്ചിട്ടുണ്ട്.
- വിശക്കുമ്പോൾ വെള്ളം കുടിച്ച് വിശപ്പിനെ അടിച്ചമർത്തുന്നത് ശിപാർശ ചെയ്യുന്നില്ല. അമിതമായി വിശക്കുന്ന സമയത്ത് ആദ്യം തന്നെ വെള്ളം കുടിക്കുന്നതും ഒഴിവാക്കുക
- ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കാതിരിക്കരുത്. ഇത് നിർജലീകരണത്തിന് ഇടയാക്കും.
- ചൂടുള്ള അന്തരീക്ഷത്തിൽനിന്ന് വന്ന ഉടൻ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിരിച്ചും അതുപോലെ ചെയ്യാതിരിക്കുക.
- യാത്രയ്ക്കിടയിലും ശരീരത്തിൽ ജലാംശം നിലനിർത്തുക, ഈ സമയത്ത് ചെറുചൂടുള്ള വെള്ളമാണ് നല്ലത്.
- ഭക്ഷണത്തിനു ശേഷം വയറിന്റെ നാലിലൊന്നു ഭാഗം വെള്ളത്തിനായ് മാറ്റിവയ്ക്കുക.
- ദിവസവും രാവിലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക
നല്ല ഉറക്കത്തിന് സഹായിക്കുന്ന ചില ടിപ്‌സുകൾ
- രാത്രിയിൽ ദഹിക്കാൻ എളുപ്പമുള്ള ലഘു ഭക്ഷമാണ് അത്താഴത്തിനു കഴിക്കേണ്ടത്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപായിട്ട് അത്താഴം കഴിക്കുക.
- രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല.
- ഉറങ്ങുന്നതിനു തൊട്ടുമുൻപായി ഒരിക്കലും അത്താഴം കഴിക്കരുത്.
- രാത്രി വൈകിയുള്ള ഉറക്കം, രാത്രി വൈകിയുള്ള അത്താഴം, രാത്രി വൈകിയുള്ള കനത്ത അത്താഴം എന്നിവ ഒരിക്കലും പാടില്ല.
- പകൽ ഉറക്കം ഒഴിവാക്കുക, പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം ഉറങ്ങുന്നത് നല്ലതല്ല.
- സുഖപ്രദമായ അന്തരീക്ഷത്തിൽ കട്ടിലിൽ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങാൻ മുൻഗണന നൽകുക. വളരെ താഴ്ന്നതോ ഉയർന്നതോ ആയ തലയിണയും ഒഴിവാക്കുക