ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പട്ടിക ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ചായ, കാപ്പി തുടങ്ങിയ നിർജ്ജലീകരണ പാനീയങ്ങളും പഴകിയ ഭക്ഷണവും ഒഴിവാക്കുന്നതിനൊപ്പം ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളും ഒഴിവാക്കണമെന്ന്, ട്വീറ്റർ പോസ്റ്റിൽ പറയുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലിസ്റ്റ് ചെയ്ത പട്ടികയിൽ ഇവ ഉൾപ്പെടുന്നു:
- കൂടുതൽ ചൂടുള്ള സമയത്ത് പാചകം ചെയ്യുന്നത് ഒഴിവാക്കുക
- പാചകം ചെയ്യുന്ന സ്ഥലത്തെ വായുസഞ്ചാരത്തിനായി വാതിലുകളും ജനലുകളും തുറക്കുക
- പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, പഴകിയ ഭക്ഷണം കഴിക്കരുത്
- മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക, കാരണം ഇവ ശരീരത്തിലെ കൂടുതൽ ദ്രാവകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും.
ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളും തമ്മിലുള്ള ബന്ധം
പ്രോട്ടീൻ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ നിർണായക ഘടകവുമാണ്. അത് ടിഷ്യൂ, പേശികൾ, ചർമ്മം, മുടി എന്നിവ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനും ഹോർമോണുകളും എൻസൈമുകളും ഉത്പാദിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നതായി ജീവിതശൈലി, വ്യായാമം, പോഷകാഹാര പരിശീലകൻ സുവിധി ജെയിൻ പറയുന്നു
“വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽനിന്നു ധാരാളം വെള്ളം നഷ്ടപ്പെടുന്നു. പ്രോട്ടീനുകൾ നൈട്രജൻ നിർമ്മിതമായതിനാൽ, ശരിയായ ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണക്രമം കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നു. ഇത് ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുന്നു,” സുവിധി വിശദീകരിക്കുന്നു.
മറ്റ് രണ്ട് മാക്രോ ന്യൂട്രിയന്റുകളെ ( കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്) അപേക്ഷിച്ച് പ്രോട്ടീൻ ഭക്ഷണ സ്രോതസ്സുകൾ ദഹിക്കുമ്പോൾ തെർമിക് പ്രഭാവം ചെലുത്തുന്നു. പ്രോട്ടീൻ ഭക്ഷണം ദഹിക്കുമ്പോൾ കൂടുതൽ ചൂട് ഉണ്ടാക്കുന്നു, എൻഎഎസ്എം സർട്ടിഫൈഡ് ന്യൂട്രീഷൻ കോച്ച് വരുൺ രത്തൻ പറഞ്ഞു.
എന്നിരുന്നാലും, ഇന്ത്യൻ ജനസംഖ്യ അതിന്റെ ദൈനംദിന പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റുന്നില്ലെന്ന് വരുൺ കൂട്ടിച്ചേർത്തു. “പ്രായപൂർത്തിയായ ഒരു പുരുഷന് കുറഞ്ഞത് 56 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. വെജിറ്റേറിയൻ സ്രോതസ്സുകൾ ഉപയോഗിച്ച്, അതിൽ എത്താൻ കഴിയുന്നില്ല. ശരീരഭാരമുള്ള, പ്രായമായ, ശാരീരികമായി ആക്ടീവ് ആയ ആളുകൾക്ക് ഉയർന്ന പ്രോട്ടീൻ ആവശ്യമുണ്ട്. കൂടാതെ, ശരീരത്തിന്റെ ഒപ്റ്റിമൽ പ്രകടനത്തിന് പ്രോട്ടീൻ ആവശ്യകതകൾ ഇതിലും കൂടുതലാണ്. ഒരു കിലോ ശരീരഭാരത്തിന് ഏകദേശം 1.2 മുതൽ 1.6 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്,” വരുൺ പറഞ്ഞു.
അതിനാൽ, പ്രോട്ടീൻ ഡയറ്റ് പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് സുവിധി പറയുന്നു. ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ വേനൽക്കാലത്ത് പ്രതിദിനം 3-5 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക,” സുവിധി പറഞ്ഞു.
കൂടാതെ, മാംസത്തിന് പകരം ലീൻ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തുക. “ഭക്ഷണം അമിതമായി പാചകം ചെയ്യുന്നത് പ്രോട്ടീൻ നഷ്ടപ്പെടുന്നതിനും ദഹിപ്പിക്കാൻ പ്രയാസമാക്കുന്നതിനും ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്കും നിർജ്ജലീകരണത്തിനും കാരണമാകും. കൂടാതെ, വൈ, പ്ലാന്റ് പ്രോട്ടീൻ, പ്രോട്ടീൻ ബാറുകൾ എന്നിവ പോലുള്ള പ്രോട്ടീൻ സപ്ലിമെന്റുകളുടെ പോഷക വിവരങ്ങൾ പരിശോധിക്കുന്നതും നിർണായകമാണ്. കാരണം ഈ ഉൽപ്പന്നങ്ങളിൽ ചിലതിൽ പഞ്ചസാരയും മറ്റു ചേരുവകളും അടങ്ങിയിരിക്കാം,” സുവിധി പറഞ്ഞു.
വേനൽക്കാലത്ത് പോലും പ്രോട്ടീൻ ആവശ്യമാണെങ്കിലും, “ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ശരിയായ ദഹനത്തിനും ജലാംശത്തിനും ആവശ്യമായ മുൻകരുതലുകൾ പാലിക്കേണ്ടതും” പ്രധാനമാണ്.
“ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക. ലീൻ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെയും ജലാംശം നിലനിർത്തുന്നതിലൂടെയും പോഷകാഹാര വിവരങ്ങൾ പരിശോധിക്കുന്നതിലൂടെയും നിങ്ങൾക്ക് ആരോഗ്യകരമായ ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം നിലനിർത്താൻ കഴിയും. കൂടാതെ, പഴങ്ങളും പച്ചക്കറികളും സഹിതം നിങ്ങളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും നല്ല സന്തുലിതാവസ്ഥ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ പോഷകങ്ങൾ നൽകും,” സുവിധി പറഞ്ഞു.