ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളതും ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 42.2 കോടി ആളുകൾക്ക് പ്രമേഹമുണ്ട്. ഓരോ വർഷവും പ്രമേഹം മൂലം 15 ലക്ഷം മരണങ്ങൾ സംഭവിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതൊരിക്കലും ചികിത്സിച്ചു മാറ്റാൻ കഴിയില്ല. പ്രമേഹമുണ്ടെന്ന് അറിഞ്ഞാൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രമേഹമുള്ളവർ എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നിങ്ങനെയുള്ള സംശയങ്ങളുണ്ടാകും.
പ്രമേഹമുള്ളവർ ചോറോ മധുരമോ കഴിച്ചാൽ ഷുഗർ കൂടുമോയെന്ന സംശയവും പലർക്കും ഉണ്ടാകും. പ്രമേഹമുള്ളവർ ഒന്നും ഒഴിവാക്കേണ്ടതില്ലെന്നും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയാണു വേണ്ടതെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രമേഹമുള്ളവരുടെ ഭക്ഷണക്രമം എപ്രകാരമായിരിക്കണമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് വിശദീകരിക്കുകയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ മിഥു ആർ.കൃഷ്ണ.
ചോറ് പൂർണമായും ഒഴിവാക്കണോ?
ചോറ് പൂർണമായും ഒഴിവാക്കേണ്ടതില്ല. പ്രമേഹരോഗികളുടെ ഭക്ഷണം എപ്പോഴും ബാലൻസ്ഡ് ആയിരിക്കണം. ചോറായാലും ചപ്പാത്തിയായാലും അളവിലാണു ശ്രദ്ധിക്കേണ്ടത്. ഒരു കപ്പ് ചോറ് കഴിക്കുമ്പോൾ നമുക്കു കിട്ടുന്ന ഊർജം 85 ആണ്. അതിനു തുല്യമാണ് ഒരു ഇടത്തരം വലിപ്പമുള്ള ചപ്പാത്തി (എണ്ണ ചേർക്കാത്തത്). അങ്ങനെയെങ്കിൽ ചോറാണോ ചപ്പാത്തിയാണോ വേണ്ടതെന്നത് ഒരാൾക്ക് തീരുമാനിക്കാം. എത്ര അളവ് ചോറ് കഴിക്കാം അല്ലെങ്കിൽ എത്ര ചപ്പാത്തി കഴിക്കാമെന്നതു ഡയറ്റീഷ്യനോട് ചോദിച്ച് മനസിലാക്കാം. ഓരോരുത്തരുടെയും ശരീര ഭാരം, ബ്ലഡ് ഷുഗറിലെ വ്യത്യാസം, മറ്റു രോഗങ്ങൾ എന്നിവ അനുസരിച്ചായിരിക്കും അളവ് തീരുമാനിക്കുക.
എപ്പോഴും നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. അതിനോടൊപ്പം ഏതെങ്കിലും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം (ഉദാഹരണത്തിന് കടലയോ പയറോ പരിപ്പോ) ഉൾപ്പെടുത്തുക. മത്സ്യം കഴിക്കാം. മത്തി, അയല, കൊഴുവ പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ ചെറിയ മീനുകളാണ് ഏറ്റവും നല്ലത്. ഫാറ്റ് കൂടുതലുള്ള ഞണ്ട്, ചെമ്മീൻ, കക്ക പോലുള്ളവ ഒഴിവാക്കുക. ബാക്കിയുള്ള ഭാഗം ധാരാളം പച്ചക്കറികൾക്കായി മാറ്റി വയ്ക്കുക.
നാരുകൾ കൂടുതലുള്ള പച്ചക്കറികൾ കഴിക്കുക. ബീൻസ്, പയർ, വെണ്ടക്ക, പാവയ്ക്ക പോലുള്ള പച്ചക്കറികൾ കഴിക്കുക. നാരുകൾ കൂടുതലുള്ള പച്ചക്കറികൾ കഴിക്കുന്നത് ചോറിന്റെയോ ചപ്പാത്തിയുടെയോ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിനടിയിൽ വളരുന്ന പച്ചക്കറികൾ കഴിവതും ഒഴിവാക്കുക. വല്ലപ്പോഴും മറ്റു പച്ചക്കറികൾക്കൊപ്പം ചെറിയൊരു അളവ് കറികളിൽ ചേർക്കാം. അവ മാത്രമായി കഴിക്കാതിരിക്കുക.
മധുരം കഴിക്കാമോ?
പ്രമേഹമുള്ളവർ മധുര പലഹാരങ്ങളും പഞ്ചസാര, ശർക്കര, തേൻ, കൽക്കണ്ടം ഇവയൊന്നും കഴിക്കരുത്. ഇവ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര ഉയർത്തും. ബേക്കറി സാധനങ്ങളിൽ മൈദയും കൊഴുപ്പുമുണ്ട്. കൊഴുപ്പ് കൂടുതൽ അടങ്ങിയ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തെ ബാധിക്കും. ഷുഗർ നിയന്ത്രിക്കാൻ കഴിയാതെ വരും. ബേക്കറി സാധനങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, തേങ്ങയുടെ അമിത ഉപയോഗം, തേങ്ങാ പാൽ ഇവയൊക്കെ കൊഴുപ്പ് വർധിപ്പിക്കും. പ്രമേഹ രോഗികൾ കൊഴുപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കണം. അതുപോലെ മൈദ പോലെ നാരുകൾ ഇല്ലാത്ത ഭക്ഷണ സാധനങ്ങളും പെട്ടെന്ന് ഷുഗർ ഉയർത്തും.
പഴങ്ങൾ കഴിക്കാമോ?
എപ്പോഴും മധുരം കുറഞ്ഞതും ഗ്ലൈസമിക് സൂചിക കുറവുള്ളതുമായ പഴങ്ങൾ കഴിക്കുക. ആപ്പിൾ, അധികം പഴുക്കാത്ത പേരക്ക, ഓറഞ്ച്, മുസംബി എന്നിവയുടെ മൂന്നോ നാലോ കഷ്ണങ്ങൾ കഴിക്കാം. ഒരു ദിവസം ഏതെങ്കിലും ഒരു പഴമേ കഴിക്കാവൂ. എപ്പോഴും മധുരം കുറഞ്ഞവ തിരഞ്ഞെടുക്കുക. മധുരം കൂടുന്നതിന് അനുസരിച്ച് അതിലെ ഷുഗറും കൂടുതലായിരിക്കും. ഇത് ബ്ലഡ് ഷുഗറിലും വ്യത്യാസം വരുത്തും.
പ്രമേഹരോഗികളുടെ ഭക്ഷണക്രമം എങ്ങനെ?
സമയത്തിനു ഭക്ഷണം കഴിക്കുകയാണു പ്രധാനം. വിശക്കാനായി കാത്തിരിക്കരുത്. ചെറിയ ചെറിയ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതാണു നല്ലത്.
രാവിലെ
രാവിലെ ചായയോ കാപ്പിയോ മധുരമില്ലാതെ കുടിക്കുക. പഞ്ചസാരയ്ക്കു പകരം ബ്രൗൺ ഷുഗറും ഉപയോഗിക്കരുത്. ശർക്കര, തേൻ പോലുള്ളവ പെട്ടെന്ന് ഷുഗർ ഉയർത്തും. ഒൻപത് മണിക്കുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുക. എന്നും ചപ്പാത്തി കഴിക്കേണ്ടതില്ല. ദോശയോ പുട്ടോ ഇഡ്ഡലിയോ ഒക്കെ ആവാം. തേങ്ങയുടെ ഉപയോഗം കുറയ്ക്കുക. ഇഡ്ഡലിക്കൊപ്പം സാമ്പാർ കഴിക്കുക. പുട്ടിനൊപ്പം പഴം വേണ്ട. ഇത് ഷുഗർ പെട്ടെന്ന് കൂട്ടും. കടലയോ പയറോ കഴിക്കാം. അതിൽ നാരുകൾ കൂടുതലുണ്ട്. 11 മണിക്ക് ഒരു ഗ്ലാസ് സംഭാരമോ ഉപ്പിട്ട ഒരു ഗ്ലാസ് നാരങ്ങ വെള്ളമോ കുടിക്കാം. ഒരു കപ്പ് സാലഡ് കഴിക്കാം.
ഉച്ചയ്ക്ക്
ഉച്ചയ്ക്ക് ചോറ് കഴിക്കാം. അളവ് നിയന്ത്രിക്കുക. അതിനൊപ്പം ഒരു പ്രോട്ടീൻ അടങ്ങിയ കറികളും ധാരാളം പച്ചക്കറികളും കഴിക്കണം.
വൈകിട്ട്
നാലു മണിക്ക് ബേക്കറി സാധനങ്ങളോ എണ്ണ പലഹാരങ്ങളോ കഴിക്കാതെ ആവിയിൽ വേവിച്ച സാധനങ്ങൾ കഴിക്കുക.
രാത്രി
രാത്രിയിൽ കിടക്കുന്നതിന് 2-3 മണിക്കൂർ മുൻപായി ഭക്ഷണം കഴിക്കുക. രാത്രിയിൽ ചോറിനു പകരം ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തിയോ മില്ലറ്റോ ചെറു ധാന്യങ്ങളോ കഴിക്കുക. ചോറിന്റെ അളവ് നിയന്ത്രിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കും. അരിയെക്കാൾ ഗോതമ്പിൽ താരതമ്യേന ഫൈബർ കൂടുതലാണ്. ചപ്പാത്തി ആണെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്ന് എന്ന അളവ് നിലനിർത്താനാകും. രാത്രിയിലും ചോറോ ചപ്പാത്തിയോ കഴിച്ചാലും അതിനോടൊപ്പം പ്രോട്ടീൻ അടങ്ങിയ ഒരു കറിയും ധാരാളം പച്ചക്കറികളും കഴിക്കുക. ഇതിലൂടെ വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സാധിക്കും.