കോവിഡിന്റെ പുതിയ വകഭേദം ചൈനയിലാകെ പടർന്നുപിടിക്കുമ്പോൾ, ലോകമെങ്ങും ആശങ്കയിലാണ്. ഈ സന്ദർഭത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്നാണ് ഡോക്ടർമാർ നിർദശിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളതെന്ന് നിതി ആയോഗിന്റെ വി.കെ.പോൾ അറിയിച്ചു. ആഗോളതലത്തിൽ കേസുകൾ പേടിപ്പെടുത്തുന്ന വിധം വർധിക്കുന്നതിനാൽ മുൻകരുതൽ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടത് പ്രധാനമാണെന്നും അർഹതയുള്ളവർ എടുക്കണമെന്നും ഡൽഹിയിലെ സാകേതിലുള്ള മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്‌ടർ ഡോ.റൊമ്മൽ ടിക്കൂ പറഞ്ഞു. ”ഇന്ത്യയിൽ ഇപ്പോൾ കോവിഡ് വളരെ കുറവാണ്. എന്നാൽ പുതിയ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതിനാൽ ഏതു നിമിഷവും വലിയ രീതിയിൽ പടർന്നുപിടിക്കാം. ജപ്പാൻ, ചൈന, ബ്രസീൽ, കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നടന്നതുപോലെ. എന്നാൽ, മുൻപത്തെപോലെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത കുറവാണെന്ന് എനിക്ക് തോന്നുന്നു. എങ്കിലും, നിരീക്ഷണം തുടരുകയും പോസിറ്റീവ് സാമ്പിളുകളുടെ ജീനോം ജനിതക ശ്രേണീകരണം നടത്തുകയും വേണം. ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ അത് എടുക്കണം,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചവർ ബൂസ്റ്റർ ഡോസിനായി കാത്തിരിക്കണം. ബൂസ്റ്ററിനായി തിരക്കുകൂട്ടേണ്ടതില്ല. മൂന്നു മാസത്തിനുശേഷം അവർ ബൂസ്റ്റർ ഡോസ് എടുത്താൽ മതിയെന്ന് ഡോ.ടിക്കൂ പറഞ്ഞു. ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളും കോവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണ്. അതിനാൽ തന്നെ കോവിഡിന്റെ ഏതു വകഭേദമാണെങ്കിലും കുറച്ച് സംരക്ഷണം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബൂസ്റ്റർ ഡോസ് എടുക്കുന്നത് എല്ലാ തരത്തിലും പ്രയോജനകരമാണെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ പൾമണോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ.വികാസ് മൗര്യ പറഞ്ഞു. ”നമുക്കുമേൽ ഒരു ഭീഷണിയുണ്ട്, അതിന് നാം തയ്യാറാകേണ്ടതുണ്ട്. വാക്സിനുകൾ നമുക്ക് പ്രതിരോധശേഷി നൽകിയിട്ടുണ്ട്, പക്ഷേ അവസാന ഡോസ് കഴിഞ്ഞ് ഇപ്പോൾ വലിയ ഇടവേള വന്നിട്ടുണ്ട്. അതിനാൽ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാത്തവർ അത് എടുക്കുക. ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും പുതിയ തന്ത്രങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു.