scorecardresearch
Latest News

പ്രഭാതഭക്ഷണത്തിന് മുൻപോ ശേഷമോ, പല്ല് തേയ്‌ക്കേണ്ടത് എപ്പോൾ?

ഒരു ദിവസം രണ്ടു തവണ, അതായത് രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്

teeth, health ie malayalam

രാവിലെ വൈകി ഉണരുന്ന ഒരാളാണ് നിങ്ങളെങ്കിൽ, അതിരാവിലെ ജോലിക്ക് പോകേണ്ട ആളാണെങ്കിൽ, ഒരു കപ്പ് ചായയ്ക്ക് ശേഷമോ ലഘുവായ പ്രഭാതഭക്ഷണ ശേഷമോ ആയിരിക്കാം നിങ്ങൾ പല്ല് തേയ്ക്കുക. ചിലർ കുളിക്കുന്നതിനൊപ്പം പല്ല് തേയ്ക്കാറുമുണ്ട്. എന്നാൽ ഇത് ശരിയായ രീതിയാണോ?. ദന്ത സംരക്ഷണത്തിന് പ്രഭാതഭക്ഷണത്തിന് മുൻപോ ശേഷമോ ആണ് പല്ല് തേയ്ക്കേണ്ടത്?.

”വായിൽനിന്നും പതിവായി പ്ലേഗുകളെ നീക്കം ചെയ്യേണ്ടതുണ്ട്. മൃദുവാര്‍ന്നതും പറ്റിപ്പിടിച്ചിരിക്കുന്നതും, നിറമില്ലാത്തതുമായ നേര്‍ത്ത പാടപോലുള്ള ബാക്ടീരിയകളാണ് പ്ലേഗ്. പല്ലുകളില്‍ നിരന്തരം അടിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലേഗുകളായി മാറുന്നു. പല്ലുകളിലുണ്ടാകുന്ന ഈ പ്ലേഗുകള്‍ 12 മണിക്കൂറിനകം ബ്രഷ് ചെയ്ത് നീക്കം ചെയ്യണം. അല്ലെങ്കിൽ കാല്‍ക്കുലസ് അഥവാ ടാര്‍ടറുകളായി രൂപാന്തരപ്പെടുന്നു. ഒരിക്കല്‍ കാല്‍ക്കുലസായി രൂപപ്പെട്ടാല്‍ ബ്രഷ് ചെയ്ത് നീക്കം ചെയ്യാന്‍ സാധിക്കില്ല. വായിലെ ഭക്ഷണ അവശിഷ്ടങ്ങൾ രോഗകാരികളായ ബാക്ടീരിയകൾ, മോണരോഗങ്ങൾ, മോണയിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും,” ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോഡോണ്ടിസ്റ്റ് ഡോ.നീരജ് വർമ പറഞ്ഞു.

ഒരു ദിവസം രണ്ടു തവണ, അതായത് രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ”പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേയ്ക്കണമെന്നതിന് ക്ലിനിക്കൽ ശുപാർശകളൊന്നുമില്ല, പക്ഷേ ഇതൊരു ആരോഗ്യകരമായ ദിനചര്യയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കാരണം ഇത് ബാക്ടീരിയകളെ നീക്കം ചെയ്യുന്നു. അവ രാത്രിയിലെ ഭക്ഷണ അവശിഷ്ടങ്ങൾ കഴിക്കുന്നത് തടയുകയും പെരുകുന്നത് തടയുകയും ചെയ്യുന്നു. വായ്നാറ്റത്തിനുള്ള പ്രധാന കാരണവും ഈ ബാക്ടീരിയകളാണ്,” ഡോ.വർമ അഭിപ്രായപ്പെട്ടു.

സമയക്കുറവാണ് പ്രഭാത ഭക്ഷണത്തിനുശേഷം പല്ല് തേയ്ക്കുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “പ്രഭാത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ദിവസം മുഴുവൻ വായിൽ തങ്ങിനിൽക്കും. അവയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം പ്രഭാതഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യുന്നതാണെന്ന് ആളുകൾ ചിന്തിച്ചേക്കാം. എന്നാൽ, രാത്രി ഭക്ഷണത്തിന് ശേഷവും ഉറങ്ങുന്നതിന് മുമ്പും പല്ല് തേയ്ക്കുന്ന സമയങ്ങളിൽ പ്രഭാതഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യുന്നത് പരിഗണിക്കാം. അപ്പോൾ നിങ്ങളുടെ വായ് പ്രഭാതത്തിൽ വൃത്തിയുള്ളതായിരിക്കും. അങ്ങനെയെങ്കിൽ പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേയ്ക്കാം. എന്നാൽ ദിവസത്തിൽ ഒരു തവണ ബ്രഷ് ചെയ്യുകയാണെങ്കിൽ, പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേയ്ക്കണം,” ഡോ.വർമ പറഞ്ഞു.

പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് വൃത്തിയാക്കുന്നത് ഓറഞ്ച് പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന സിട്രിക് ആസിഡിന്റെ വിനാശകരമായ ഫലങ്ങൾ ഒഴിവാക്കുമെന്നാണ് പല ഗവേഷകരും വാദിക്കുന്നത്. ജ്യൂസുകളും സിട്രിക് ആസിഡും ഇനാമലിനെ മൃദുവാക്കുന്നു, പ്രഭാതഭക്ഷണത്തിന് ശേഷമുള്ള ബ്രഷിങ് ഇനാമലിനെ വേഗത്തിൽ നശിപ്പിക്കും, കാലക്രമേണ ചെയ്യുന്നത് തിളക്കം നഷ്ടപ്പെടുത്തും. ”ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, ജ്യൂസ് അല്ലെങ്കിൽ പാൽ എന്നിവ വൃത്തിയാക്കാൻ പ്രഭാതഭക്ഷണത്തിന് ശേഷം രണ്ടോ മൂന്നോ തവണ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്. എന്നിട്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി,” ഡോ.വർമ്മ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should i brush my teeth before or after breakfast