ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ 20 നും 70 നും ഇടയിൽ പ്രായമുള്ളവരിൽ 8.7 ശതമാനം പ്രമേഹരോഗികളുള്ളത് ഒരു വെല്ലുവിളിയാണ്. ഈ അവസ്ഥ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, കണ്ണുകൾ, ഹൃദയം, വൃക്കകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവയെ ബാധിക്കും.
പ്രമേഹം, അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് ഉള്ളവർ, ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളവയുടെ ഉപയോഗം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് നിർദേശിക്കാറുണ്ട്. പ്രമേഹ രോഗികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ചക്ക.
ചക്കയിൽ വിറ്റാമിൻ എ, സി, റൈബോഫ്ലേവിൻ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് 100 സ്കെയിലിൽ ഏകദേശം 50-60 എന്ന നിലയിൽ ഇടത്തരം ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ടെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.ജിനൽ പട്ടേൽ പറഞ്ഞു.
“പ്രമേഹരോഗികൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നതുമായ അസംസ്കൃത രൂപത്തിൽ (ചക്കപ്പൊടി, മറ്റു ചക്ക ഉൽപ്പന്നങ്ങൾ) ചക്ക കഴിക്കാം. കൂടാതെ, അതിൽ കലോറിയും കുറവാണ്. എന്നാൽ ചക്കപ്പഴം കഴിക്കരുത്,” അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. എങ്കിലും വലിയ അളവിൽ കഴിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രമേഹരോഗികൾ അസംസ്കൃത ചക്ക പോലും മിതമായ അളവിൽ കഴിക്കണമെന്ന് അവർ പറഞ്ഞു.
അര കപ്പ്, ഏകദേശം 75 ഗ്രാം ചക്കയിൽ മിതമായ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിറവേറ്റാൻ സഹായിക്കും. പ്രമേഹരോഗികൾക്ക് അനുയോജ്യമായ അളവാണിത്. അസംസ്കൃത ചക്ക പ്രമേഹരോഗികൾക്ക് മികച്ച ഓപ്ഷനാണ്. വേവിച്ച ചക്ക പുഴുക്ക് പോലുള്ളവയെ അപേക്ഷിച്ച്, അതിൽ പഞ്ചസാരയുടെ അളവ് കുറവാണ്, കലോറിയും കുറവാണ്. പക്ഷേ, അവ കഴിച്ചതിന് ശേഷം പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്,” അവർ പറഞ്ഞു.
ചക്ക ആരൊക്കെ കഴിക്കരുത്?
ചക്ക ചില ആളുകളിൽ, പ്രത്യേകിച്ച് അലർജിയുള്ളവരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. “നിങ്ങൾക്ക് എന്തെങ്കിലും അലർജിയുണ്ടെങ്കിൽ ചക്ക ഒഴിവാക്കണം,” ഡോക്ടർ ജിനാൽ ഉപദേശിച്ചു. കൂടാതെ, രക്തം കട്ടപിടിക്കുന്നതിനുള്ള പ്രശ്നങ്ങൾ ഉള്ളവരും ചക്ക ഒഴിവാക്കണം, കാരണം ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും.
ഏതെങ്കിലും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ചക്ക കഴിക്കാൻ പാടില്ലെന്ന് ഡോ.ജിനാൽ ഊന്നിപ്പറഞ്ഞു. “കൂടാതെ, വിട്ടുമാറാത്ത വൃക്കരോഗമോ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കണം, കാരണം ചക്കയിലെ പൊട്ടാസ്യം രക്തത്തിൽ പൊട്ടാസ്യം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, ഇത് ഹൈപ്പർകലീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു,” അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ