പല സുഗന്ധവ്യജ്ഞനങ്ങളും പല രോഗങ്ങൾക്കുമുള്ള മരുന്നു കൂടിയാണ്. നമ്മുടെയൊക്കെ അടുക്കളകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഗരം മസാല ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു അവശ്യ ഘടകമാണ് കറുവാപ്പട്ട. “ഭക്ഷണത്തിൽ രുചി കൂട്ടാൻ മാത്രമല്ല, കറുവാപ്പട്ടയ്‌ക്ക് ധാരാളം മറ്റ് ഗുണങ്ങളുണ്ട്, അത് പലർക്കും അറിയില്ല,” ഹെൽത്തി സ്റ്റെഡി ഗോയുടെ ഡയറ്റീഷ്യൻമാരും സഹസ്ഥാപകരുമായ കാജൽ വാട്ടംവാറും ബുഷ്‌റ ഖുറേഷിയും പറഞ്ഞു.
കറുവാപ്പട്ടയിലെ ഫോട്ടോകെമിക്കൽ ഘടകങ്ങളും ഫിനോളിക് സംയുക്തങ്ങളും ക്രോമിയവുമാണ് അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഡയബറ്റിക്, ആന്റി ട്യൂമർ, ആന്റി-കാൻസർ, ആന്റി-ഹൈപ്പർ ഗ്ലൈസെമിക് ഇഫക്റ്റ് എന്നിവയ്ക്ക് മുഖ്യമായും കാരണം,” അവർ പറഞ്ഞു.
കറുവാപ്പട്ട സാധാരണയായി അറിയപ്പെടുന്ന ഒരു ‘സ്വാഭാവിക ഇൻസുലിൻ സെൻസിറ്റൈസർ’ ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവാപ്പട്ട എങ്ങനെ സഹായിക്കുന്നുവെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ടൈപ്പ് II പ്രമേഹവും പ്രീ-ഡയബറ്റിസും ഉള്ളവരിൽ നടത്തിയ ഒന്നിലധികം പഠനങ്ങളിൽ, കറുവാപ്പട്ട ഫാസ്റ്റിങ് ബ്ലഡ് ഷുഗർ കുറയ്ക്കുമെന്നും ഹോമ-ഐആർ അളവ് കുറയ്ക്കുമെന്നും തെളിയിച്ചിട്ടുണ്ട്,” വിദഗ്ധർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
എന്നിരുന്നാലും, HbA1c ലെവലിൽ (3 മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം) കാര്യമായ കുറവൊന്നും കണ്ടില്ല. പല പഠനങ്ങളും ഒരു മാസത്തെ കാലയളവാണ് കണക്കാക്കിയത്, ഇതാവാം ഇതിനു കാരണം. ഈ മേഖലയിലെ കൂടുതൽ ഗവേഷണം കറുവാപ്പട്ട പ്രമേഹമുള്ളവർക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രമേഹമുള്ളവർക്ക് കറുവാപ്പട്ട എത്ര അളവ് വരെയാകാം
കറുവാപ്പട്ടയുടെ ഗുണങ്ങൾ കണക്കാക്കുന്നതിന് ഒന്നിലധികം പഠനങ്ങൾ വ്യത്യസ്ത അളവുകളാണ് ഉപയോഗിച്ചത്. മിക്ക പഠനങ്ങളും പ്രതിദിനം 1-2 ഗ്രാം കറുവാപ്പട്ട കഴിക്കാമെന്നാണ് നിർദേശിച്ചത്. ഭക്ഷണം കഴിക്കുന്നതിന് 15 മിനിറ്റ് മുമ്പോ ശേഷമോ ആയിരിക്കണം.
കഴിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം?
”രാവിലെ ആദ്യം തന്നെ. അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ 15 മിനിറ്റ് മുമ്പ്,” അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.