കൊറോണക്കാലത്തെ ലൈംഗികതയെ കുറിച്ച് ആളുകൾക്ക് സംശയങ്ങളും ആശങ്കകളും ഏറെയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലൈംഗികത എത്രത്തോളം സുരക്ഷിതമാണ്? എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത്? എന്നു തുടങ്ങി നിരവധിസംശയങ്ങൾ. പല രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾക്കുള്ളിൽ പെട്ടിരിക്കുകയാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൊറോണ വൈറസ് പകരാനുള്ള സാധ്യതകളുള്ളതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തെ കോവിഡ് 19 എത്രത്തോളം ബാധിക്കുമെന്ന ആശങ്ക സ്വാഭാവികമാണ്. പങ്കാളികൾ കൂടെയുണ്ടെങ്കിലും ഈ ആശങ്കകളും ലോകം കടന്നു പോവുന്ന അനിശ്ചിതാവസ്ഥകളും പലരുടെയും ആരോഗ്യകരമായ ലൈംഗികജീവിതത്തെ ബാധിക്കുന്നുണ്ട്.

കോവിഡ് -19 ലൈംഗികമായി പകരുന്ന ഒന്നല്ല. എന്നാൽ, അസുഖലക്ഷണമുള്ള ഒരാളിൽ നിന്നും ശ്വാസകോശ സ്രവങ്ങളിലൂടെയും സ്പർശത്തിലൂടെയും മറ്റും മറ്റൊരാളിലേക്ക് അസുഖം പകരാം എന്നതിനാൽ പങ്കാളികൾ ഏറെ അടുത്തിടപഴകുന്ന സെക്സിന്റെ കാര്യത്തിലും ഒരു കരുതൽ അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിൽ ചുംബനം വളരെ സാധാരണമായ ഒരു രീതിയാണ്. ചുംബനസമയത്ത് കോവിഡ് ലക്ഷണങ്ങളുള്ള ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഉമിനീർ വഴി വൈറസ് പകരാൻ സാധ്യതകൾ ഏറെയാണ്.

sex during corona virus

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വൈറസിന്റെ വാഹകരായ ചില ആളുകൾക്ക് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കാണണമെന്നില്ല. നിങ്ങൾ പൂർണ ആരോഗ്യവാനായി തോന്നിയാലും നിങ്ങളിൽ നിന്ന് ചിലപ്പോൾ മറ്റൊരാളിലേക്ക് ചുംബനത്തിലൂടെയോ സ്പർശത്തിലൂടെയൊ ഒക്കെ അസുഖം പകരാനുള്ള സാധ്യതകൾ തള്ളി കളയാനാവില്ല. ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്ന മുൻകരുതലുകളും വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുകയും വൈറസ് ബാധയുണ്ടാവാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുകയുമാണ് പ്രതിവിധി. പങ്കാളികളിൽ ആർക്കെങ്കിലും കോവിഡ് 19 സ്ഥിതീകരിക്കുകയോ നിരീക്ഷണത്തിൽ കഴിയുകയോ ആണെങ്കിൽ പൂർണമായും സാമൂഹികമായ അകലം പാലിച്ച് മാറിനിൽക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

Read more: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല

ലോക്ക്‌ഡൗൺ കാലത്ത് നിങ്ങളും പങ്കാളിയും ഒരു തരത്തിലും കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്താതെ, സാമൂഹിക അകലം പാലിച്ച്, പൂർണമായും സുരക്ഷിതരായി കഴിയുകയാണെങ്കിൽ ലൈംഗികതയെ കുറിച്ച് ഇത്തരം ആശങ്കകളൊന്നും വേണ്ട. മാത്രമല്ല, ലൈംഗികത കൂടുതൽ ആസ്വദിക്കാനും പരസ്പരമുള്ള ബന്ധം കൂടുതൽ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോവാനും സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ ഒഴിവാക്കാനുമൊക്കെ സെക്സ് ഒരു മികച്ച മാർഗമാണ്.

Read more: ഏതാനും നിമിഷത്തെ സന്തോഷം മാത്രമല്ല സെക്സ്; ഗുണങ്ങൾ അതുക്കുംമേലെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook